ബുള്ളറ്റ് പ്രൂഫ് ഗ്ലാസും വൈദ്യുത വേലിയും; ഭീഷണികള്‍ക്കിടയില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ച് സല്‍മാന്‍ ഖാന്‍: മുംബൈയിലെ വസതിയായ ഗാലക്സി അപ്പാര്‍ട്ട്മെന്റിന്റെ സുരക്ഷയാണ് വര്‍ദ്ധിപ്പിച്ചത്

Update: 2025-01-07 11:48 GMT

നടന്‍ സല്‍മാന്‍ ഖാന്റെ മുംബൈയിലെ വസതിയായ ഗാലക്സി അപ്പാര്‍ട്ട്മെന്റിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. ബുള്ളറ്റ് പ്രൂഫ് ഗ്ലാസും വൈദ്യുത വേലിയും ഉപയോഗിച്ച് അദ്ദേഹത്തിന്റെ വീട് ഉറപ്പിച്ചിട്ടുണ്ട്. നവീകരിച്ച സുരക്ഷയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. അടുത്ത സുഹൃത്തും മുന്‍ മഹാരാഷ്ട്ര മന്ത്രിയുമായ ബാബ സിദ്ദിഖിന്റെ കൊലപാതകത്തെ തുടര്‍ന്നാണ് നടന്റെ സുരക്ഷ വര്‍ധിപ്പിച്ചത്. അദ്ദേഹത്തിന്റെ മരണത്തിന് ശേഷം നിരവധി ഭീഷണികള്‍ സല്‍മാന്‍ ഖാന്‍ നേരെ ഉയര്‍ന്നിരുന്നു. സല്‍മാന്റെ വീട് നീല നിറത്തിലുള്ള ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് കൊണ്ട് പൊതിഞ്ഞതാണ് ചിത്രങ്ങളില്‍ വ്യക്തമാകുന്നത്. ഏതാനും തൊഴിലാളികള്‍ നടന്റെ വസതിയില്‍ ഗ്ലാസ് സ്ഥാപിക്കുന്നത് കാണാം.

അതേസമയം, സല്‍മാന്‍ ഖാന് വൈ പ്ലസ് സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഇപ്പോള്‍ ഒരു പോലീസ് എസ്‌കോര്‍ട്ട് വാഹനവും അദ്ദേഹത്തിന്റെ കാറിനൊപ്പം സഞ്ചരിക്കുന്നുണ്ട്. കൂടാതെ, എല്ലാ ആയുധങ്ങളും കൈകാര്യം ചെയ്യുന്നതില്‍ പരിശീലനം സിദ്ധിച്ച ഒരു കോണ്‍സ്റ്റബിളിനെ നടന്റെ സംരക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ പന്‍വേലിലുള്ള സല്‍മാന്‍ ഖാന്റെ ഫാം ഹൗസിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

1998 ല്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സല്‍മാനെ നേരത്തെ ലക്ഷ്യമിട്ടിരുന്ന ലോറന്‍സ് ബിഷ്ണോയി സംഘത്തില്‍ നിന്നും കൂട്ടാളികളില്‍ നിന്നും താരത്തിന് നിരവധി വധഭീഷണികള്‍ ഉണ്ടായിരുന്നു. 2024 ഏപ്രിലില്‍ സല്‍മാന്റെ വീട് ലക്ഷ്യമിട്ട് ആയുധധാരികള്‍ പലതവണ വെടിയുതിര്‍ത്തിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

കര്‍ശനമായ സുരക്ഷയ്ക്കിടയില്‍, സല്‍മാന്‍ ഇപ്പോള്‍ ടിവി റിയാലിറ്റി ഷോ ബിഗ് ബോസിന്റെ പതിനെട്ടാം സീസണിന്റെയും അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ചിത്രമായ സിക്കന്ദറിന്റെയും ചിത്രീകരണത്തിലാണ്. ഈ വര്‍ഷത്തെ പെരുന്നാളിന് ചിത്രം തീയേറ്ററുകളില്‍ റിലീസ് ചെയ്യും.

Tags:    

Similar News