ഞാൻ ഒന്നിനെക്കുറിച്ചും ഖേദിക്കുന്നില്ല; അവിടെ ഞാൻ എല്ലാ ജോലികളും ചെയ്തു; അതിനൊക്കെ കൂലിയും ലഭിച്ചു; ജയിലിലെ അനുഭവം തുറന്നുപറഞ്ഞ് സഞ്ജയ് ദത്ത്
മുംബൈ: ജയിലിൽ കഴിഞ്ഞിരുന്ന കാലഘട്ടത്തിൽ അഭിനയത്തോടുള്ള തന്റെ അഭിനിവേശം ജീവിതത്തെ നേരിടാൻ എങ്ങനെ സഹായിച്ചുവെന്ന് ബോളിവുഡ് നടൻ സഞ്ജയ് ദത്ത്. കൊലക്കേസിൽ പ്രതികളായ തടവുകാരെ ഉൾപ്പെടുത്തി ജയിലിൽ ഒരു നാടക ഗ്രൂപ്പ് ആരംഭിച്ച അനുഭവത്തെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞു. 'ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ' എന്ന പരിപാടിയിലാണ് താരം ഇക്കാര്യങ്ങൾ പങ്കുവെച്ചത്.
"എന്റെ ജീവിതത്തിൽ സംഭവിച്ച ഒന്നിനെക്കുറിച്ചും ഞാൻ ഖേദിക്കുന്നില്ല. മാതാപിതാക്കളുടെ വിയോഗമാണ് എന്റെ ഏറ്റവും വലിയ ദുഃഖം," സഞ്ജയ് ദത്ത് പറഞ്ഞു. ജയിലിൽ മരപ്പണി ചെയ്യുമ്പോൾ നിർമ്മിച്ച ഫർണിച്ചറുകളെക്കുറിച്ച് അർച്ചന പുരൺസിംഗ് ചോദിച്ചപ്പോഴാണ് അദ്ദേഹം ജയിലിലെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചത്. താൻ ചെയ്ത എല്ലാ ജോലികൾക്കും കൂലി ലഭിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. പിന്നീട് 'റേഡിയോ വൈസിപി' എന്ന പേരിൽ ഒരു റേഡിയോ സ്റ്റേഷനും ജയിലിനുള്ളിൽ ആരംഭിച്ചു. തടവുകാരായ നാലോളം പേർ ചേർന്ന് തിരക്കഥയെഴുതി റേഡിയോ പരിപാടികൾ അവതരിപ്പിച്ചിരുന്നു.
"ഞാൻ അവിടെ ഒരു തിയേറ്റർ ഗ്രൂപ്പും ആരംഭിച്ചു. ഞാൻ സംവിധായകനായിരുന്നു. കൊലക്കേസ് പ്രതികളായിരുന്നു അതിലെ അഭിനേതാക്കൾ," സഞ്ജയ് ദത്ത് വ്യക്തമാക്കി. 1993ലെ മുംബൈ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് അനധികൃതമായി ആയുധങ്ങൾ കൈവശം വെച്ച കേസിൽ 2007ൽ ടാഡ കോടതി അദ്ദേഹത്തിന് ജയിൽ ശിക്ഷ വിധിച്ചിരുന്നു. സുപ്രീം കോടതി വിധി ശരിവെച്ചതോടെ 2013 മുതൽ 2016 വരെ പൂനെയിലെ യെർവാഡ സെൻട്രൽ ജയിലിൽ അദ്ദേഹം കഴിഞ്ഞു.