'എന്താണെന്നറിയില്ല, എന്തിനാണെന്നറിയില്ല.. എന്ത് എഴുതണമെന്നും അറിയില്ല'; സി.ജെ. റോയ്‌യെ അനുസ്മരിച്ച് സീമ ജി. നായർ
കൊച്ചി: പ്രമുഖ വ്യവസായിയും ചലച്ചിത്ര നിർമ്മാതാവുമായ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ്‌യെ അനുസ്മരിച്ച് നടി സീമ ജി നായർ. 'എന്താണെന്നറിയില്ല, എന്തിനാണെന്നറിയില്ല.. എന്ത് എഴുതണമെന്നും അറിയില്ല.. ആദരാഞ്ജലികൾ എന്നല്ലാതെ ഒന്നും പറയാനില്ല' എന്നായിരുന്നു സീമയുടെ. ഫെഫ്ക അടക്കമുള്ള സിനിമാ സംഘടനകളും സി.ജെ. റോയിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. റോയിയുടെ മരണവാർത്തയറിഞ്ഞതോടെ നിരവധി പേരാണ് അനുസ്മരണങ്ങളുമായി രംഗത്തെത്തിയത്.
കൊച്ചി സ്വദേശിയായ സി.ജെ. റോയിയുടെ ഉടമസ്ഥതയിലുള്ള കോൺഫിഡന്റ് ഗ്രൂപ്പ് മലയാള സിനിമയിലേക്ക് കടന്നുവന്നത് 2012-ലെ റിപ്പബ്ലിക് ദിനത്തിൽ റിലീസ് ചെയ്ത മോഹൻലാൽ ചിത്രം 'കാസനോവ' നിർമ്മിച്ചുകൊണ്ടാണ്. 'കാസനോവ'യ്ക്ക് പുറമെ മലയാളത്തിലും കന്നഡയിലുമായി 11 ചിത്രങ്ങൾ കൂടി കോൺഫിഡന്റ് ഗ്രൂപ്പ് നിർമ്മിച്ചിട്ടുണ്ട്. മലയാളത്തിലെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങിയ 'മരക്കാർ' എന്ന ചിത്രത്തിന്റെ സഹനിർമ്മാതാക്കളായിരുന്നു ഇവർ.
സുരേഷ് ഗോപി നായകനായ 'മേം ഹൂ മൂസ' എന്ന ചിത്രത്തിലും നിർമ്മാണ പങ്കാളിയായി. ഏറ്റവുമൊടുവിൽ നിർമ്മാണം പൂർത്തിയാക്കിയത് അടുത്ത മാസം റിലീസിനൊരുങ്ങുന്ന 'അനോമി' എന്ന ചിത്രമാണ്. ഷൈൻ ടോം ചാക്കോയെ നായകനാക്കി വി.കെ. പ്രകാശ് ഒരുക്കുന്ന ഒരു പ്രോജക്ട് ആയിരുന്നു റോയ് അവസാനമായി നിർമ്മിച്ച സിനിമ. ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിച്ചുവരികയായിരുന്നു. ബെംഗളൂരുവിലാണ് ഈ സിനിമയുടെ പൂജ ചടങ്ങുകൾ സി.ജെ. റോയിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്.