'ഇത് കാന്താര അല്ല പഴുതാര ആണ്'; ഫോട്ടോഷൂട്ടിനെ പരിഹസിച്ചയാൾക്ക് ചുട്ട മറുപടി നൽകി ശാലുമേനോൻ; 'മറുപടി കലക്കി'യെന്ന് ആരാധകർ
തിരുവനന്തപുരം: നർത്തകിയും നടിയുമായ ശാലു മേനോൻ അടുത്തിടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച 'കാന്താര' ഫോട്ടോഷൂട്ട് സാമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൽ നായികയായ കനകവതിയുടെ വേഷം പുനരവതരിപ്പിച്ചാണ് ശാലു എത്തിയത്. രാജകീയ പ്രൗഢിയോടെയുള്ള വസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞ്, 'കാന്താര'യിലെ കൊട്ടാരത്തിന് സമാനമായ പശ്ചാത്തലത്തിൽ എടുത്ത ചിത്രങ്ങൾ തരംഗമായിരുന്നു. ചെറിയ ശ്രമമാണ്. ക്ഷമിക്കണം' എന്ന അടിക്കുറിപ്പോടെയാണ് താരം പങ്കുവെച്ചത്.
എന്നാൽ, ഈ ചിത്രങ്ങൾക്ക് താഴെ വന്ന ഒരു കമന്റ് ശാലു മേനോനെ ചൊടിപ്പിച്ചു. 'ഇത് കാന്താര അല്ല പഴുതാര ആണ്' എന്നായിരുന്നു ഒരു വ്യക്തിയുടെ കമന്റ്. ഇതിന് ചുട്ടമറുപടിയുമായാണ് ശാലു രംഗത്തെത്തിയത്. 'അത് നിന്റെ വീട്ടിലുള്ളവർ' എന്നായിരുന്നു താരം നൽകിയ മറുപടി. ശാലുവിന്റെ ഈ മറുപടി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. പലരും താരത്തിന്റെ മറുപടിയെ പ്രശംസിച്ച് രംഗത്തെത്തി. 'മറുപടി കലക്കി' എന്നായിരുന്നു പലരുടെയും അഭിപ്രായം. നിരവധി സീരിയലുകളിലൂടെയും സിനിമകളിലൂടെയും മലയാളികൾക്ക് സുപരിചിതയാണ് ശാലു മേനോൻ.