സിനിമ ചിത്രീകരണത്തിനിടെ ബോളിവുഡ് നടി ശ്രദ്ധ കപൂറിന്റെ കാൽവിരലിന് പൊട്ടൽ; 'ഈത'യുടെ ഷൂട്ടിംഗ് നിർത്തിവെച്ചു
മുംബൈ: ബോളിവുഡ് നടി ശ്രദ്ധ കപൂറിന് സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റു. ലക്ഷ്മൺ ഉടേക്കർ സംവിധാനം ചെയ്യുന്ന 'ഈത' എന്ന ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനിടെയാണ് താരത്തിൻ്റെ ഇടതുകാലിലെ കാൽവിരലിന് പൊട്ടലേറ്റത്. ഇതേത്തുടർന്ന് രണ്ടാഴ്ചത്തേക്ക് ചിത്രീകരണം നിർത്തിവെക്കാൻ അണിയറപ്രവർത്തകർ തീരുമാനിച്ചു. മഹാരാഷ്ട്രയിലെ പ്രശസ്ത ലാവണി കലാകാരി വിഠാബായി ഭൗ മാങ് നാരായൺഗാവോങ്കറിൻ്റെ ജീവിതകഥ പറയുന്ന ചിത്രമാണ് 'ഈത'.
ഈ സിനിമയിൽ വിഠാബായിയുടെ വേഷമാണ് ശ്രദ്ധ കപൂർ കൈകാര്യം ചെയ്യുന്നത്. ചിത്രീകരണത്തിൻ്റെ ഭാഗമായി ലാവണി നൃത്തം അവതരിപ്പിക്കുമ്പോളാണ് അപകടം സംഭവിച്ചത്. റിപ്പോർട്ടുകൾ പ്രകാരം, ഭാരമേറിയ നൗവാരി സാരിയും മറ്റ് ആഭരണങ്ങളും ധരിച്ച് അതിവേഗത്തിലുള്ള ചുവടുകളോടെ നൃത്തം ചെയ്യുമ്പോഴാണ് അപകടമുണ്ടായത്. നായിക കഥാപാത്രത്തിന് വേണ്ടി ശ്രദ്ധ 15 കിലോയോളം ശരീരഭാരം വർദ്ധിപ്പിച്ചിരുന്നു. ഇത് നൃത്തച്ചുവടുകൾക്ക് വെല്ലുവിളിയായി.
പരിക്കേറ്റ ഉടൻ തന്നെ ചിത്രീകരണം നിർത്തിവെക്കാൻ സംവിധായകൻ നിർദേശിച്ചെങ്കിലും, നടി അതിനോട് വിയോജിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ. തുടർന്ന്, ചലനം ആവശ്യമില്ലാത്ത ക്ലോസപ്പ് രംഗങ്ങൾ ഉൾപ്പെടെ ഏതാനും ദിവസങ്ങൾ മുംബൈയിലെ മഡ് ഐലൻഡിൽ ഷൂട്ടിംഗ് തുടർന്നതായും റിപ്പോർട്ടുണ്ട്. എന്നാൽ വേദന വർധിച്ചതിനെത്തുടർന്ന് ഷൂട്ടിംഗ് പൂർണ്ണമായി നിർത്തിവെക്കേണ്ടി വന്നു. രണ്ടാഴ്ചക്കുള്ളിൽ ചിത്രീകരണം പുനരാരംഭിക്കുമെന്നാണ് വിവരം. 'സ്ത്രീ 2' എന്ന ചിത്രത്തിൻ്റെ വിജയത്തിന് ശേഷം ശ്രദ്ധ അഭിനയിക്കുന്ന ബയോപിക് ചിത്രമാണ് 'ഈത'.