'ഈ പ്രതിഭയുടെ അടുത്ത സൃഷ്ടി കേൾക്കാനും അനുഭവിക്കാനും ആവേശമുണ്ട്'; അർജിത്തിന് കൂടുതൽ ഉയരങ്ങളിലേക്ക് പറക്കാൻ സമയമായി'; ​പിന്തുണച്ച് ശ്രേയ ഘോഷാൽ

Update: 2026-01-28 09:21 GMT

കൊച്ചി: ഗായകൻ അർജിത് സിങ്ങിന്റെ വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നാലെ പിന്തുണയുമായി ഗായിക ശ്രേയ ഘോഷാൽ. സംഗീതം ചെയ്യുന്നത് താൻ നിർത്തില്ലെന്ന് അർജിത് സിങ് ആരാധകർക്ക് ഉറപ്പുനൽകിയെങ്കിലും, സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണ് ഈ പ്രഖ്യാപനം വഴിവെച്ചത്. അർജിത് സിങ് പങ്കുവെച്ച പോസ്റ്റിൽ കമന്റായാണ് ശ്രേയ ഘോഷാൽ തന്റെ പിന്തുണ അറിയിച്ചത്.

"അർജിത് സിങ്ങിന്റെ പുതിയൊരു ഘട്ടത്തിന്റെ തുടക്കമാണിത്. ഈ പ്രതിഭയുടെ അടുത്ത സൃഷ്ടി കേൾക്കാനും അനുഭവിക്കാനും എനിക്ക് ശരിക്കും ആവേശമുണ്ട്. ഇതൊരു യുഗത്തിന്റെ അവസാനമാണെന്ന് ഒരിക്കലും പറയാനാകില്ല," ശ്രേയ കുറിച്ചു. പരമ്പരാഗതമായ ഉപാധികളും മാധ്യമങ്ങളും ഉപയോഗിച്ച് ഒരു മികച്ച കലാകാരനെ നിർവചിക്കാനോ ഒരു നിശ്ചിത ഫോർമുലയിൽ ഉൾപ്പെടുത്താനോ കഴിയില്ലെന്നും, തന്റെ പ്രിയപ്പെട്ട അർജിത്തിന് കൂടുതൽ ഉയരങ്ങളിലേക്ക് പറക്കാൻ സമയമായെന്നും അവർ കൂട്ടിച്ചേർത്തു.

സിനിമാ മേഖലയിലും സംഗീത ലോകത്തുമുള്ള നിരവധി പ്രമുഖരും അർജിത് സിങ്ങിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. വിരമിക്കൽ പ്രഖ്യാപനം ആരാധകരെ ആശങ്കയിലാഴ്ത്തിയെങ്കിലും, സംഗീതം ചെയ്യുന്നത് നിർത്തുന്നില്ലെന്ന് അർജിത് സിങ് തന്നെ വ്യക്തമാക്കിയത് വലിയ ആശ്വാസം പകർന്നു. ഗായകൻ അർമാൻ മാലിക് എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചത് ശ്രദ്ധേയമായിരുന്നു.

"എല്ലായ്പ്പോഴും സ്നേഹവും ബഹുമാനവും. നിങ്ങൾ നൽകിയ എല്ലാത്തിനും നന്ദി," എന്ന് അദ്ദേഹം കുറിച്ചു. തുടർന്ന്, "നമ്മുടെ ആത്മാവിന് മാറി ചിന്തിക്കേണ്ടത് എപ്പോഴാണെന്ന് അറിയാം. നദി വീണ്ടും കടലിൽ ചേരുന്നത് എവിടെയാണെന്ന് എനിക്കറിയില്ല, പക്ഷേ ഞാൻ ഒഴുക്കിലും അതിനെ നയിക്കുന്ന കൃപയിലും വിശ്വസിക്കുന്നു. പിന്നണി ഗാന രംഗത്ത് നിങ്ങൾ നൽകിയ എല്ലാത്തിനും നന്ദി," എന്നും അർമാൻ മാലിക് രേഖപ്പെടുത്തി.

"നിങ്ങളുടെ ശബ്ദമില്ലാത്ത ഒരു ബ്ലോക്ബസ്റ്റർ സിനിമ സങ്കൽപ്പിക്കാൻ പോലും കഴിയില്ല. പക്ഷേ എല്ലാ ആശംസകളും നേരുന്നു സാർ, നിങ്ങളുടെ സോളോ ഗാനങ്ങൾക്കായി ഞങ്ങൾ കാത്തിരിക്കുന്നു," എന്ന് പേര് വെളിപ്പെടുത്താത്ത ഒരു പ്രമുഖനും അഭിപ്രായപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. അർജിത് സിങ്ങിന്റെ ഭാവിയിലെ സംഗീത സംഭാവനകൾക്കായി വലിയ ആകാംഷയോടെയാണ് ആരാധകരും സംഗീത ലോകവും ഇപ്പോൾ ഉറ്റുനോക്കുന്നത്.

Tags:    

Similar News