'സ്നേഹം നിറഞ്ഞ ദിവസം...'; അവൾ കഴിഞ്ഞാൽ ഈ ലോകത്ത് എനിക്ക് ഏറ്റവുമിഷ്‍ടം നിന്നെ..; വിവാഹവേദിയിൽ സിബിനോട് തുറന്നുപറഞ്ഞ് ആര്യ

Update: 2025-08-25 17:36 GMT

കൊച്ചി: നടിയും അവതാരകയുമായ ആര്യ ബാബു കൊറിയോഗ്രാഫറും ഡിജെയുമായ സിബിൻ ബെഞ്ചമിനെ വിവാഹം കഴിച്ചത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇരുവരുടെയും വിവാഹം നടന്നത്. തൻ്റെ മകൾ ഖുഷിയുടെ കൈപിടിച്ചാണ് ആര്യ വിവാഹവേദിയിലേക്ക് എത്തിയത്. വിവാഹ ചിത്രങ്ങൾ ആര്യ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. "സ്നേഹം നിറഞ്ഞ ദിവസം, ഒരു ജീവിതകാലത്തേക്ക്" എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.

വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഹിന്ദു, ക്രിസ്ത്യൻ മതാചാര പ്രകാരമുള്ള ചടങ്ങുകൾ നടന്നിരുന്നു. ആദ്യ ചടങ്ങിൽ പരമ്പരാഗത വസ്ത്രത്തിൽ പ്രത്യക്ഷപ്പെട്ടപ്പോൾ, രണ്ടാമത്തെ ചടങ്ങിൽ പാശ്ചാത്യ ശൈലിയിലുള്ള വസ്ത്രം ധരിച്ചാണ് ആര്യയും സിബിനും എത്തിയത്.

തൂവെള്ള നിറത്തിലുള്ള ഗൗണിൽ സിബിനോട് പ്രതിജ്ഞ ചൊല്ലുന്ന ആര്യയുടെ വീഡിയോ ശ്രദ്ധേയമായി. കറുപ്പ് നിറത്തിലുള്ള സ്യൂട്ട് ആയിരുന്നു സിബിൻ്റെ വേഷം. "ഖുഷി കഴിഞ്ഞാൽ, ഈ ലോകത്ത് മറ്റെന്തിനെക്കാളും എനിക്കിഷ്ടം നിന്നെയാണ്, ഞാൻ നിന്നെ സ്നേഹിക്കുന്നു" എന്ന് ആര്യ വീഡിയോയിൽ പറയുന്ന ഭാഗം ഏറെ വൈറലായി.

വർഷങ്ങളായി അടുത്ത സുഹൃത്തുക്കളായിരുന്നു ആര്യയും സിബിനും. കഴിഞ്ഞ മെയ് മാസത്തിലാണ് ഇവരുടെ വിവാഹനിശ്ചയം നടന്നത്. "ഉറ്റസുഹൃത്തിൽ നിന്ന് ജീവിത പങ്കാളിയിലേക്ക്" എന്ന കുറിപ്പോടെ ആര്യയാണ് വിവാഹനിശ്ചയ ചിത്രങ്ങൾ പുറത്തുവിട്ടത്. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് അന്നും ചടങ്ങിൽ പങ്കെടുത്തത്.

Tags:    

Similar News