'കമന്റിടുന്നവരല്ല നമ്മളാണ് ജീവിക്കുന്നത്, ജഡ്ജ് ചെയ്യാൻ എളുപ്പമാണ്'; രണ്ട് വർഷമായി ഒറ്റയ്ക്കാണ് താമസം; മകളുടെ ചികിത്സയിലാണ് ഇപ്പോൾ മുഴുവൻ ശ്രദ്ധയും; മനസ്സ് തുറന്ന് സിന്ധു വർമ്മ
കൊച്ചി: മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളായിരുന്നു മനു വർമ്മയും സിന്ധു വർമ്മയും. 25 വർഷത്തെ ദാമ്പത്യത്തിന് ശേഷം ഇവർ വേർപിരിഞ്ഞ വാർത്ത അടുത്തിടെ മനു വർമ്മ തന്നെയായിരുന്നു വെളിപ്പെടുത്തിയത്. ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ചും മക്കളുടെ കാര്യങ്ങളെക്കുറിച്ചും തുറന്നു പറയുകയാണ് സിന്ധു വർമ്മ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.
മകൾക്കുവേണ്ടി മാറ്റിവെച്ച ജീവിതം
മനു വർമയുമായി വേർപിരിഞ്ഞ് കഴിഞ്ഞ രണ്ട് വർഷമായി താൻ ഒറ്റയ്ക്കാണ് താമസിക്കുന്നതെന്ന് സിന്ധു സ്ഥിരീകരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളുള്ള മകളുടെ പരിചരണത്തിനാണ് താൻ ഇപ്പോൾ മുൻഗണന നൽകുന്നതെന്ന് സിന്ധു പറയുന്നു. "മകളുടെ ചികിത്സയിലാണ് ഇപ്പോൾ എന്റെ മുഴുവൻ ശ്രദ്ധയും. ഡോക്ടർമാർ വലിയ പ്രതീക്ഷയാണ് നൽകുന്നത്. വീട്ടിലുള്ളപ്പോൾ അവളുടെ എല്ലാ കാര്യങ്ങളും ഞാൻ തന്നെയാണ് നോക്കുന്നത്. ഞാൻ ഒപ്പമില്ലാത്തപ്പോൾ അവൾക്ക് ചെറിയ പിണക്കമൊക്കെ വരും. ഷൂട്ടിംഗിനായി ഞാൻ മാറിനിൽക്കുന്നത് മോൾക്ക് സങ്കടമാണ്," സിന്ധു പറഞ്ഞു.
മകളുടെ മാനസികമായ പുരോഗതിയിൽ താൻ അതീവ സന്തോഷവതിയാണെന്നും സിന്ധു കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ഒരു ചടങ്ങിന് പോകാനായി ഒരുങ്ങി നിൽക്കുന്നത് കണ്ടപ്പോൾ മകൾ കരഞ്ഞത് തന്നെ സന്തോഷിപ്പിച്ചുവെന്ന് താരം പറയുന്നു. കാര്യങ്ങൾ മനസ്സിലാക്കി അവൾ പ്രതികരിക്കാൻ തുടങ്ങിയത് വലിയൊരു മാറ്റമാണെന്നാണ് സിന്ധുവിന്റെ പക്ഷം.
മകനും സൈബർ കമന്റുകളും
സിന്ധുവിന്റെ മകൻ ഇപ്പോൾ ബാംഗ്ലൂർ എയർപോർട്ടിൽ ജോലി ചെയ്യുകയാണ്. അവന്റെ ജീവിതം സുരക്ഷിതമായതിലുള്ള ആശ്വാസവും സിന്ധു പങ്കുവെച്ചു. അതേസമയം, സോഷ്യൽ മീഡിയയിൽ വരുന്ന നെഗറ്റീവ് കമന്റുകളെ താൻ ഒട്ടും ഗൗനിക്കാറില്ലെന്ന് സിന്ധു വ്യക്തമാക്കി.
"ജനങ്ങളെ ജഡ്ജ് ചെയ്യാൻ എളുപ്പമാണ്. എന്നാൽ കമന്റിടുന്നവരല്ല നമ്മളാണ് ജീവിക്കുന്നത്. നമ്മുടെ ജീവിതത്തിലെ ശരികൾക്ക് അനുസരിച്ച്, മറ്റുള്ളവരെ വിധിക്കാതെ ജീവിക്കാൻ ശ്രമിക്കുക. എല്ലാവരും എല്ലാപ്പോഴും മാനസികമായും ശാരീരികമായും സന്തോഷവാനായിരിക്കണം എന്നില്ല," സിന്ധു വർമ നിലപാട് വ്യക്തമാക്കി.
