റിലീസിന് മുന്നേ സൈനികർക്കായി പ്രത്യേക ഷോ; ശിവകാര്‍ത്തികേയൻ, സായി പല്ലവി ചിത്രം 'അമരൻ' വാർത്തകളിൽ ഇടം പിടിക്കുന്നു; പ്രതീക്ഷയോടെ ആരാധകർ

Update: 2024-10-24 10:36 GMT

ദില്ലി: തമിഴ് മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് ശിവകാര്‍ത്തികേയൻ. താരത്തിന്റെ പുതിയതായി വരാനിരിക്കുന്ന ചിത്രമാണ് അമരൻ. ശിവകാര്‍ത്തികേയൻ പട്ടാള വേഷത്തിൽ എത്തുന്ന 'അമരൻ' എന്ന സിനിമയില്‍ വലിയ പ്രതീക്ഷയാണ് ആരാധകർക്കുള്ളത്. ഇപ്പോൾ ചിത്രത്തിന്റെ റിലീസിന് മുൻപായി ദില്ലിയില്‍ സൈന്യത്തിനായി പ്രത്യേക ഷോ സംഘടിപ്പിച്ചുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ശിവകാര്‍ത്തികേയനും ചിത്രത്തിലെ നായികയായ സായി പല്ലവിയും സൈനികർക്കൊപ്പമുള്ള ചിത്രം പുറത്ത് വന്നിരുന്നു.

മേജര്‍ മുകുന്ദ് വരദരാജിന്റെ ബയോപിക്കാണ് 'അമരന്‍'. രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഉലകനായകന്‍ കമല്‍ ഹാസന്‍ന്റെ രാജ് കമല്‍ ഫിലിംസാണ്. മുകുന്ദിന്റെ ഭാര്യ ഇന്ദു റെബേക്ക വര്‍ഗീസായാണ് സായി പല്ലവി എത്തുന്നത്.

ഭീകരര്‍ക്കെതിരായി പോരാടി വീരമൃത്യു വരിച്ച മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതം സിനിമയാകുന്ന അമരന്‍ ഒക്ടോബര്‍ 31 ന് തീയേറ്ററുകളില്‍ എത്തും. 2014ല്‍ തെക്കന്‍ കശ്മീരിലെ ഒരു ഗ്രാമത്തില്‍ തീവ്രവാദ വിരുദ്ധ തിരച്ചിലിന് നേതൃത്വം നല്‍കിയത് മുകുന്ദ് ആയിരുന്നു. ആ ഓപ്പറേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയെങ്കിലും, അതിനിടെ മൂന്നു തവണ വെടിയേറ്റ മുകുന്ദ് ഡ്യൂട്ടി പൂര്‍ത്തിയാക്കിയ ഉടനെ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി.

ജമ്മു കശ്മീരിലെ 44-ാമത് രാഷ്ട്രീയ റൈഫിള്‍സ് ബറ്റാലിയനിലേക്ക് ഡെപ്യൂട്ടേഷനിലായിരിക്കെ തീവ്രവാദ വിരുദ്ധ ഓപ്പറേഷനില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് മരണാനന്തരം അശോക് ചക്ര നല്‍കി ആദരിക്കപെട്ട മുകുന്ദ്, തമിഴ്നാട്ടില്‍ നിന്ന് അശോക ചക്രം ലഭിക്കുന്ന നാലാമത്തെ വ്യക്തിയാണ്.

മേജര്‍ മുകുന്ദ് വരദരാജന്റെ ഭാര്യ ഇന്ദു റബേക്ക വര്‍ഗീസ് മലയാളിയാണ്. ഭുവന്‍ അറോറ, രാഹുല്‍ ബോസ് തുടങ്ങിയവര്‍ക്കൊപ്പം ശ്രീകുമാര്‍, വികാസ് ബംഗര്‍ എന്നീ താരങ്ങളും പ്രധാന വേഷത്തിലെത്തുന്നു. മലയാള താരം ശ്യാം മോഹനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Tags:    

Similar News