അമ്മയും കൂട്ടുകാരികളും അടുക്കള വശത്തിരുന്ന് സംസാരിക്കുന്നത് കേട്ടിട്ടുണ്ട്; അതുപോലൊരു ഭർത്താവാണെങ്കിൽ മഹാബോർ ആയിരിക്കും; ചിന്താവിഷ്ടയായ ശ്യാമളയുടെ കഥ ഉണ്ടായത് ഇങ്ങനെ
കൊച്ചി: തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ 1998-ൽ ഒരുക്കിയ 'ചിന്താവിഷ്ടയായ ശ്യാമള' എന്ന ചിത്രം മലയാളികൾക്ക് ഇന്നും പ്രിയപ്പെട്ടതാണ്. ചിത്രത്തിലെ ഓരോ സംഭാഷണങ്ങളും ഇന്നും പ്രേക്ഷകരുടെ മനസ്സിൽ തങ്ങിനിൽക്കുന്ന ഒന്നാണ്. ഈ ചിത്രത്തിന്റെ കഥ എങ്ങനെ രൂപപ്പെട്ടു എന്നതിനെക്കുറിച്ച് ശ്രീനിവാസൻ മുൻപ് വെളിപ്പെടുത്തിയ കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വീണ്ടും ചർച്ചയായിരിക്കുകയാണ്. 'ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സിൽ' സംസാരിക്കവെയാണ് അദ്ദേഹം ഈ രസകരമായ കഥ പങ്കുവെച്ചത്.
തന്റെ എഴുത്ത് രീതിയെക്കുറിച്ചും ശ്രീനിവാസൻ ഈ സന്ദർഭത്തിൽ വിശദീകരിച്ചു. സാധാരണയായി താൻ സ്ക്രിപ്റ്റുകൾ മുൻകൂട്ടി എഴുതാറില്ലെന്നും, മിക്കപ്പോഴും ചിത്രീകരണ സമയത്ത് അപ്പപ്പോൾ എഴുതുന്ന രീതിയാണ് താൻ പിന്തുടർന്നിരുന്നതെന്നും അദ്ദേഹം പറഞ്ഞു. സംവിധായകൻ പ്രിയദർശനാണ് ഈ രീതി തന്നെ പഠിപ്പിച്ചത്. സമയക്കുറവ് കാരണം അപ്പോൾ തന്നെ എഴുതി അപ്പോൾ തന്നെ ചിത്രീകരിക്കേണ്ടി വരുന്ന സാഹചര്യങ്ങളിൽ ഈ രീതി ഏറെ സഹായകമായിരുന്നു. പലപ്പോഴും ക്യാമറ സജ്ജീകരിച്ച് ലൈറ്റ് ചെയ്യുന്നതിനിടയിൽ ഒരു വശത്തിരുന്ന് തിരക്കഥ പൂർത്തിയാക്കുകയായിരുന്നു പതിവ്.
'മഴയെത്തും മുൻപ്' എന്ന ചിത്രത്തിന്റെ തിരക്കഥ ഒരു ഹോട്ടലിലിരുന്ന് എഴുതുന്നതിനിടയിലാണ് 'ചിന്താവിഷ്ടയായ ശ്യാമള'യുടെ കഥയ്ക്ക് വഴിയൊരുക്കിയ ഓർമ്മകൾ മനസ്സിലേക്ക് വന്നതെന്ന് ശ്രീനിവാസൻ ഓർത്തു. തന്റെ അമ്മയും കൂട്ടുകാരികളും അടുക്കള വശത്തിരുന്ന് സംസാരിക്കുന്നത് അദ്ദേഹം ഓർത്തെടുത്തു. അത്തരം സംഭാഷണങ്ങൾ പലപ്പോഴും പെണ്ണുകാണൽ ചടങ്ങുകളെക്കുറിച്ചായിരുന്നു. പെണ്ണ് കാണാൻ വരുന്ന ചെറുക്കൻമാരെക്കുറിച്ച് "നല്ല മിടുക്കനാണ്, വീടുണ്ട്, ജോലിയുണ്ട്, കുടിക്കില്ല, പുകവലിക്കില്ല, ഒരു ദുസ്വഭാവവും ഇല്ല" എന്നൊക്കെയായിരുന്നു അന്നത്തെ വർണ്ണനകൾ.
ഇതാലോചിച്ചപ്പോൾ ശ്രീനിവാസന് ചിരി വന്നു. അത്തരമൊരു ഭർത്താവാണെങ്കിൽ അത് ഭാര്യയ്ക്ക് 'മഹാബോർ' ആയിരിക്കുമെന്നും, ഭർത്താവിന് ഉപദേശം നൽകാനോ മറ്റ് ഇടപെടലുകൾ നടത്താനോ ഒരു അവസരം പോലും ലഭിക്കില്ലെന്നും അദ്ദേഹത്തിന് തോന്നി. ഈ ചിന്തയാണ് ഇതിന് നേർ വിപരീതമായ ഒരു കഥാപാത്രത്തെ സൃഷ്ടിക്കാൻ പ്രേരിപ്പിച്ചത്. ചീത്ത സ്വഭാവങ്ങൾ മാത്രമുള്ള ഒരു ഭർത്താവിനെ സൃഷ്ടിച്ചതിലൂടെ, ശ്യാമള എന്ന നായികയ്ക്ക് കഥയിൽ ഒരുപാട് 'സ്കോപ്പ്' ലഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
