'പലസ്തീൻ വിഷയത്തിൽ ഇസ്രയേലിനെ കുറ്റപ്പെടുത്താം, പക്ഷെ ചില കാര്യങ്ങളിൽ എനിക്ക് അവരോട് ബഹുമാനം'; വിപ്ലവകരമായ മുന്നേറ്റങ്ങൾ മനസ്സിലാക്കാൻ ഇസ്രായേൽ സന്ദർശിക്കേണ്ടതുണ്ടെന്നും ശ്രീനിവാസൻ
കൊച്ചി: പലസ്തീൻ വിഷയത്തിൽ ഇസ്രയേലിനെ വിമർശിക്കാമെങ്കിലും, കാർഷിക രംഗത്ത് അവർ കൊണ്ടുവന്ന വിപ്ലവകരമായ മാറ്റങ്ങൾ ലോകത്തിനു മുന്നിൽ മാതൃകയാണെന്ന് നടനും സംവിധായകനുമായ ശ്രീനിവാസൻ. കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി തരിശുഭൂമിയിൽ നെൽകൃഷി നടത്തിയതിന് അദ്ദേഹത്തെ ആദരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'നമ്മൾ ദിവസവും പലസ്തീൻ, അമേരിക്ക, ഇസ്രയേൽ എന്നിവരെക്കുറിച്ചുള്ള വാർത്തകൾ കേൾക്കുന്നു. പലസ്തീൻ വിഷയത്തിൽ ഇസ്രയേലിനെ കുറ്റപ്പെടുത്താം. എന്നാൽ, മത്സ്യബന്ധനം, കാർഷിക വിളകൾ എന്നിവയിൽ അവർ ലോകത്ത് എവിടെയെത്തി നിൽക്കുന്നു എന്ന് ഞാൻ നേരിട്ട് മനസ്സിലാക്കി,' ശ്രീനിവാസൻ പറഞ്ഞു. ഇസ്രയേലിലെ കാർഷിക മുന്നേറ്റങ്ങൾ മനസ്സിലാക്കാൻ നേരിട്ട് അവിടെ പോകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ കണ്ടനാട് ഭാഗത്തുനിന്നുള്ള ഒരു സംഘം ഇസ്രയേൽ സന്ദർശിക്കാൻ ശ്രമിക്കണമെന്നും താനും അവരോടൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ ദിവസം ഉദയംപേരൂർ കണ്ടനാടുള്ള ശ്രീനിവാസന്റെ വീട്ടിൽ വെച്ച് കേരള ദർശനവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിലാണ് ശ്രീനിവാസനെയും ഭാര്യ വിമല ശ്രീനിവാസനെയും പൊന്നാടയണിയിച്ച് ആദരിച്ചത്. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം.സി. ദിലീപ് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ശ്രീനിവാസന് മുന്നിൽ ഒരുപറ നെല്ല് അളന്നുനൽകിയാണ് അദ്ദേഹത്തെ ആദരവ് അറിയിച്ചത്.