ജനപ്രീതി നേടിയ കന്നഡ ചിത്രത്തിന്റെ മലയാള പതിപ്പ് റിലീസിനൊരുങ്ങുന്നു; ഹൊറര്‍- കോമഡി ചിത്രമായ 'സു ഫ്രം സോ' ഓഗസ്റ്റ് ഒന്ന് മുതൽ
കൊച്ചി: മികച്ച പ്രേക്ഷക നിരൂപക ശ്രദ്ധ പിടിച്ചു പറ്റി തീയേറ്ററുകളിൽ പ്രദർശനം തുടരുന്ന കന്നഡ ചിത്രമായ 'സു ഫ്രം സോ'യുടെ മലയാള പതിപ്പ് കേരളത്തിൽ റിലീസിനൊരുങ്ങുന്നു. ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത് ജെ.പി. തുമിനാട് ആണ്. പ്രശസ്ത കന്നഡ നടനും സംവിധായകനുമായ രാജ് ബി. ഷെട്ടിയുടെ ലൈറ്റര്‍ ബുദ്ധ ഫിലിംസാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രം ഓഗസ്റ്റ് ഒന്നിന് റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് മലയാള പതിപ്പ് കേരളത്തിലെത്തിക്കുന്നത്. ഹൊറര്‍- കോമഡിവിഭാഗത്തിൽപെടുന്ന ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.
ആദ്യാവസാനം പ്രേക്ഷകരെ ചിരിപ്പിക്കുന്ന ഒരു കംപ്ലീറ്റ് എന്റര്‍ടെയ്ന്‍മെന്റ് പാക്കേജ് ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിരിക്കും ഹൊറര്‍ ഘടകങ്ങള്‍ക്കുമൊപ്പം വളരെ പ്രസക്തമായ ഒരു പ്രമേയവും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട് എന്നും പറയപ്പെടുന്നു. സംവിധായകന്‍ ജെ.പി. തന്നെയാണ് ചിത്രത്തിൽ നായകനായെത്തുന്നത്. തുളു നാടക- സിനിമാ വേദികളിലൂടെ ശ്രദ്ധനേടിയ ജെ.പി. തുമിനാട്, 'സപ്ത സാഗരദാച്ചേ എല്ലോ സൈഡ് ബി' എന്ന ചിത്രത്തിലൂടെ അഭിനേതാവായും ശ്രദ്ധനേടിയിരുന്നു.
ശനീല്‍ ഗൗതം, ദീപക് രാജ് പണാജെ, പ്രകാശ് തുമിനാട്, മൈം രാമദാസ്, സന്ധ്യ അരേകേരേ എന്നിവരും നിര്‍ണായക വേഷങ്ങള്‍ ചെയ്തിരിക്കുന്നു. ഒരു ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ചന്ദ്രശേഖര്‍ ഛായാഗ്രഹണം നിർവഹിച്ച് ചിത്രത്തിന്റെ എഡിറ്റിംഗ് നിതിന്‍ ഷെട്ടിയാണ്. സംഗീതം ഒരുക്കിയത് നവാഗതനായ സുമേദ് ആണ്. രാജ് ബി. ഷെട്ടിക്കൊപ്പം ശശിധര്‍ ഷെട്ടി ബറോഡ, രവി റായ് കൈലാസ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
മേക്കപ്പ് റോണക്‌സ് സേവ്യര്‍, പശ്ചാത്തല സംഗീതം സന്ദീപ് തുളസിദാസ്, പ്രൊഡക്ഷന്‍ ഡിസൈന്‍ സുഷമ നായക്, എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍ ബാലു കുംത, അര്പിത് അഡ്യാര്‍, സംഘട്ടനം അര്‍ജുന്‍ രാജ്, സൗണ്ട് ഡിസൈന്‍ സിങ്ക് സിനിമ, കളറിസ്റ്റ് രമേശ് സി.പി, കളര്‍ പ്ലാനെറ്റ് സ്റ്റുഡിയോസ്.