'എന്തൊരു ബോറ് ഡെയ് ഇതൊക്കെ..; ഇങ്ങനെയാണോ എന്റെ ശബ്ദം; ഇനി മേലാൽ..എന്നെ അനുകരിക്കരുത്..!!'; വേദിയിൽ മിമിക്രി കലാകാരനോട് ദേഷ്യപ്പെട്ട് സുനിൽ ഷെട്ടി
ഭോപ്പാൽ: പ്രമുഖ ബോളിവുഡ് നടൻ സുനിൽ ഷെട്ടി ഒരു മിമിക്രി കലാകാരനോട് വേദിയിൽ വെച്ച് ദേഷ്യപ്പെട്ടത് വലിയ ചർച്ചയായിരിക്കുകയാണ്. ഭോപ്പാലിലെ കരോണ്ടിൽ നടന്ന ഒരു പരിപാടിക്കിടെയാണ് സംഭവം. പൊതുവേദികളിൽ ശാന്ത സ്വഭാവത്തിന് പേരു കേട്ട സുനിൽ ഷെട്ടിയുടെ ഈ പ്രതികരണം പലരുടെയും ശ്രദ്ധ നേടി.
ഒരു പരിപാടിക്കിടെ, തന്റെ ശബ്ദം അനുകരിച്ചെത്തിയ മിമിക്രി കലാകാരന്റെ പ്രകടനം കണ്ടാണ് സുനിൽ ഷെട്ടിക്ക് അതൃപ്തി തോന്നിയത്. സിനിമകളിലെ സംഭാഷണങ്ങൾ പറഞ്ഞ് തന്നെ അനുകരിച്ച കലാകാരനെ സുനിൽ ഷെട്ടി രൂക്ഷമായി വിമർശിച്ചു. മിമിക്രി നടന്റെ അനുകരണം തീരെ നിലവാരമില്ലാത്തതാണെന്നും, തന്റെ ശബ്ദത്തെക്കാൾ അത് ഒരു കുട്ടിയുടെ ശബ്ദം പോലെയാണ് തോന്നുന്നതെന്നും നടൻ തുറന്നടിച്ചു.
കലാകാരൻ ക്ഷമാപണം നടത്തിയെങ്കിലും സുനിൽ ഷെട്ടി അതൊന്നും വകവെക്കാതെ വിമർശനം തുടർന്നു. "ഇത്രയും മോശം മിമിക്രി ഞാൻ ഇതുവരെ കേട്ടിട്ടില്ല. എന്റെ യഥാർത്ഥ ശബ്ദവുമായി ഒരു ബന്ധവുമില്ലാത്ത സംഭാഷണങ്ങളാണ് നിങ്ങൾ ഉപയോഗിച്ചത്. ഇത് തീർത്തും മോശം അനുകരണമാണ്. നന്നായി പരിശീലിക്കാതെ ഇത്തരം പ്രകടനങ്ങൾക്ക് മുതിരരുത്. എന്നെ അനുകരിക്കാൻ ശ്രമിക്കുകപോലും ചെയ്യരുത്. സുനിൽ ഷെട്ടിയാകാൻ നിനക്ക് ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്," അദ്ദേഹം പറഞ്ഞു.