'എന്റെ മകനായതുകൊണ്ട് ഒരുപാട് അവസരങ്ങൾ ലഭിക്കുമെന്നാണ് എല്ലാവരുടേയും വിചാരം'; നെഗറ്റീവ് പ്രചാരണങ്ങൾ നടത്തി, കരിയറിൽ വലിയൊരു ബ്രേക്ക് ഉണ്ടായി; അഹാനെ കുറിച്ച് സുനിൽ ഷെട്ടി
മുംബൈ: ബോർഡർ 2 എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിൽ വികാരാധീനനായി നടൻ സുനിൽ ഷെട്ടി. മകൻ അഹാൻ ഷെട്ടിയുടെ സിനിമാ ജീവിതത്തിലെ കടുത്ത പോരാട്ടങ്ങളെക്കുറിച്ചും അവനെ തകർക്കാൻ നടന്ന ഗൂഢാലോചനകളെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞു. വാർത്താ സമ്മേളനത്തിനിടെ സുനിൽ ഷെട്ടിയുടെ കണ്ണുകൾ നിറഞ്ഞപ്പോൾ, നിർമാതാവ് ഭൂഷൺ കുമാർ അദ്ദേഹത്തെ ആശ്വസിപ്പിച്ചു.
തന്റെ മകൻ സുനിൽ ഷെട്ടിയുടെ മകനായതുകൊണ്ട് ഇഷ്ടം പോലെ അവസരങ്ങൾ ലഭിക്കുമെന്നാണ് എല്ലാവരും കരുതുന്നതെന്ന് സുനിൽ ഷെട്ടി വ്യക്തമാക്കി. എന്നാൽ, സത്യം അതല്ലെന്നും കഴിഞ്ഞ കുറച്ചുകാലമായി അഹാൻ വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോയതെന്നും അദ്ദേഹം വെളിപ്പെടുത്തി. 2021-ൽ പുറത്തിറങ്ങിയ 'തഡപ്' എന്ന ചിത്രത്തിന് ശേഷം അഹാന്റെ കരിയറിൽ വലിയൊരു ഇടവേള വന്നിരുന്നു. ഈ സമയത്ത് അവൻ അനുഭവിച്ച മാനസിക വിഷമങ്ങളെക്കുറിച്ചും സുനിൽ ഷെട്ടി സംസാരിച്ചു.
ബോർഡർ 2 പോലുള്ള ഒരു വലിയ സിനിമ അവന് ലഭിച്ചതിൽ താൻ കടപ്പെട്ടിരിക്കുന്നുവെന്നും, യൂണിഫോം ധരിക്കുന്നത് വെറുമൊരു കാര്യമല്ലെന്നും വലിയ ഉത്തരവാദിത്തമാണെന്നും അഹാനോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മകനെതിരെയുള്ള നെഗറ്റീവ് പ്രചാരണങ്ങളെക്കുറിച്ച് സുനിൽ ഷെട്ടി രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു. അഹാന് പത്ത് അംഗങ്ങളുള്ള ഒരു സംഘം ഉണ്ടെന്നും മറ്റും മോശമായ വാർത്തകൾ പണം നൽകി മാധ്യമങ്ങളിൽ വരുത്തിയെന്ന് അദ്ദേഹം ആരോപിച്ചു.
ബോർഡർ 2-ൽ അഹാൻ അഭിനയിക്കുന്നത് തടയാൻ വേണ്ടിയാണ് ചിലർ ഈ നെഗറ്റീവ് വാർത്തകൾ പ്രചരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. "എനിക്കും സ്വാധീനങ്ങളുണ്ടെന്ന് അവർ മറക്കരുത്. ഇത് തുടരുകയാണെങ്കിൽ ഞാൻ ഒരു വാർത്താ സമ്മേളനം വിളിച്ചുചേർക്കും. ഇതിന് പിന്നിൽ പ്രവർത്തിച്ച ഓരോരുത്തരുടെയും പേര് ഞാൻ വെളിപ്പെടുത്തും. ആരെയും വെറുതെ വിടില്ല," സുനിൽ ഷെട്ടി മുന്നറിയിപ്പ് നൽകി. ബോർഡർ എന്ന ആദ്യ ചിത്രത്തിൽ തന്റെ കഥാപാത്രം മരിച്ചതുകൊണ്ട് ബോർഡർ 2-ൽ അഭിനയിക്കാൻ കഴിഞ്ഞില്ലെന്നും, രാജ്യത്തിന് വേണ്ടി മരിക്കുന്നത് നല്ല കാര്യമാണെന്നും സുനിൽ ഷെട്ടി ഓർമ്മിപ്പിച്ചു. സണ്ണി ഡിയോൾ ഇല്ലാതെ ഈ സിനിമ സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.