ഷൈന്‍ ടോമിന്റെ കൂടെ ജോലി ചെയ്തപ്പോള്‍ എനിക്ക് ഇത്തരത്തിലുളള അനുഭവം ഉണ്ടായിട്ടില്ല; ആ സിനിമ പൂര്‍ത്തിയായത് ഷൈനിന്റെ സഹകരണം മൂലം; വിന്‍സിയുടെ പരാതി കേള്‍ക്കണമെന്ന് സ്വാസിക

ഷൈന്‍ ടോമിന്റെ കൂടെ ജോലി ചെയ്തപ്പോള്‍ എനിക്ക് ഇത്തരത്തിലുളള അനുഭവം ഉണ്ടായിട്ടില്ല

Update: 2025-04-17 11:46 GMT
ഷൈന്‍ ടോമിന്റെ കൂടെ ജോലി ചെയ്തപ്പോള്‍ എനിക്ക് ഇത്തരത്തിലുളള അനുഭവം ഉണ്ടായിട്ടില്ല; ആ സിനിമ പൂര്‍ത്തിയായത് ഷൈനിന്റെ സഹകരണം മൂലം; വിന്‍സിയുടെ പരാതി കേള്‍ക്കണമെന്ന് സ്വാസിക
  • whatsapp icon

തിരുവനന്തപുരം: നടി വിന്‍സി.യുടേത് ധൈര്യപൂര്‍വമായ നിലപാടാണെന്ന് നടി സ്വാസിക വിജയ്. വിന്‍ സി.യുടെ പരാതിയില്‍ ശക്തമായ നടപടി ഉണ്ടാകണമെന്നും ലൊക്കേഷനില്‍ ഇതുപോലുള്ള പ്രശ്‌നങ്ങള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാന്‍ സംവിധായകരും നിര്‍മാതാക്കളും ശ്രദ്ധിക്കണമെന്നും സ്വാസിക പറഞ്ഞു.

''വിന്‍സി. ധൈര്യപൂര്‍വം മുന്നോട്ടു വന്ന് അവരുടെ അനുഭവം തുറന്നു പറയുമ്പോള്‍ നമ്മളെല്ലാം അതു കേള്‍ക്കണം. അതെന്താണെന്ന് അന്വേഷിക്കുകയും തീര്‍ച്ചയായും അതിലുള്ള നടപടികള്‍ എടുക്കണം. പെണ്‍കുട്ടികള്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ തുറന്നു പറയുന്നില്ല എന്ന് പലപ്പോഴും പലരും പറയാറുണ്ട്. ഇപ്പോള്‍ ഒരാള്‍ക്കുണ്ടായ അനുഭവം വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നു.

ഞാന്‍ ആ സിനിമയുടെ ഭാഗമല്ലാത്തതിനാല്‍ ഈ വിഷയത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയില്ല. ഷൈന്‍ ടോമിന്റെ കൂടെ ജോലി ചെയ്തപ്പോള്‍ എനിക്ക് ഇത്തരത്തിലുളള അനുഭവം ഉണ്ടായിട്ടില്ല. 'വിവേകാനന്ദന്‍ വൈറലാണ്' സിനിമയിലാണ് ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചത്. കമല്‍ സര്‍ ആയിരുന്നു സംവിധാനം. കൃത്യസമയത്ത് ഷോട്ടിനു വരികയും എല്ലാ കാര്യങ്ങളും ചെയ്യുകയും ചെയ്യുന്ന ഒരാളായിരുന്നു.ഷൈനിന്റെ സഹകരണം കൊണ്ടു തന്നെ പറഞ്ഞ ഡേറ്റില്‍ ആ സിനിമ തീര്‍ക്കുകയും ചെയ്തു. അതുകൊണ്ട് വ്യക്തിപരമായി ഈ വിഷയത്തില്‍ കൂടുതല്‍ പറയാനും പറ്റില്ല. ആ സിനിമയുടെ സെറ്റില്‍ എന്താണ് സംഭവിച്ചതെന്നും അറിയില്ല. പക്ഷേ ഒരാള്‍ ഒരു പരാതി വ്യക്തമായി പറഞ്ഞ സാഹചര്യത്തില്‍ അതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് മാത്രമേ പറയാന്‍ കഴിയൂ.

ഇതിന്റെ നിയമവശങ്ങള്‍ അറിയില്ല, പക്ഷേ ഇനി ആരുടെ ഭാഗത്തുനിന്നും ഇങ്ങനെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകരുത്. ജോലി സ്ഥലത്ത് ഒരുകാരണവശാലും ഇതുപോലുള്ള കാര്യങ്ങള്‍ ഉണ്ടാകാനേ പാടില്ല. വ്യക്തിപരമായി അവരെന്തും ചെയ്യട്ടെ. പക്ഷേ ജോലിസ്ഥലത്ത് ഇതുപാടില്ല. സ്ത്രീകള്‍ക്കു മാത്രമല്ല പുരുഷന്മാര്‍ക്കും ഇതുമൂലം ബുദ്ധിമുട്ട് ഉണ്ടാകും. നിര്‍മാതാക്കളുടെ സംഘടനകളുടെ ഭാഗത്തുനിന്നും ശക്തമായ നടപടി എടുക്കണം. സംവിധായകരും നിര്‍മാതാക്കളുമാണ് ഇക്കാര്യം ശ്രദ്ധിക്കേണ്ടത്.''സ്വാസികയുടെ വാക്കുകള്‍.

Tags:    

Similar News