ഇത് എന്റെ സ്വന്തം ഇഷ്ടപ്രകാരം എടുത്ത തീരുമാനം; ഇപ്പോൾ കൂടുതൽ പറയാൻ പറ്റില്ല; കാരണം പിന്നീട് വെളിപ്പെടുത്താം; രഹസ്യം പരസ്യമാക്കി സ്വാതി

Update: 2025-09-26 07:51 GMT

'കോൺസ്റ്റബിൾ മഞ്ജു' എന്ന ജനപ്രിയ പരമ്പരയിൽ നിന്ന് സ്വന്തം ഇഷ്ടപ്രകാരമാണ് പിൻമാറിയതെന്ന് നടി സ്വാതി നിത്യാനന്ദ്. മാസങ്ങളായി ആലോചിച്ച് എടുത്ത തീരുമാനമാണിതെന്നും, പിൻമാറാനുള്ള കാരണം പിന്നീട് വെളിപ്പെടുത്തുമെന്നും അവർ വ്യക്തമാക്കി. ഏഷ്യാനെറ്റ് ടാലന്റ് ഷോയിലൂടെ അഭിനയരംഗത്തെത്തിയ സ്വാതി, 'ചെമ്പട്ട്', 'ഭ്രമണം', 'നാമം ജപിക്കുന്ന വീട്' തുടങ്ങിയ പരമ്പരകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

"എന്തിനാണ് കോൺസ്റ്റബിൾ മഞ്ജുവിൽ നിന്ന് മാറിയതെന്നോ മാറ്റിയതാണോ എന്നോ ഉള്ള ചോദ്യങ്ങൾ എനിക്ക് ധാരാളമായി ലഭിക്കുന്നുണ്ട്. ഇത് എൻ്റെ സ്വന്തം ഇഷ്ടപ്രകാരമുള്ള തീരുമാനമാണ്. പെട്ടെന്ന് എടുത്ത ഒന്നല്ല ഇത്, കുറേ മാസങ്ങളായി ഞാൻ ആലോചിക്കുന്നതാണ്. സാഹചര്യം ഒത്തുവരുമ്പോൾ എല്ലാ കാര്യങ്ങളും വ്യക്തമാക്കാം," സ്വാതി നിത്യാനന്ദ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.

പരമ്പരയിൽ ഒന്നര വർഷത്തോളം അഭിനയിച്ച ശേഷമാണ് പ്രേക്ഷകരുടെ സ്നേഹം താൻ തിരിച്ചറിഞ്ഞതെന്നും, അത് വൈകിയോ എന്ന് ചോദിച്ചാൽ വൈകിപ്പോയെന്നും അവർ കൂട്ടിച്ചേർത്തു. "നിങ്ങളുടെ സ്നേഹം മനസ്സിലാക്കാൻ വൈകിപ്പോയി. മാനസികമായും ശാരീരികമായും ഞാൻ സന്തുഷ്ടയാണ്. ഒരുപക്ഷേ ഈ പരമ്പരയുമായി മുന്നോട്ട് പോയിരുന്നെങ്കിൽ പല ബുദ്ധിമുട്ടുകളും ഉണ്ടാകുമായിരുന്നു. എന്നെ സ്നേഹിച്ചതിനും പിന്തുണച്ചതിനും എല്ലാവർക്കും നന്ദി," സ്വാതി കൂട്ടിച്ചേർത്തു.

Tags:    

Similar News