'ഒടിടിയിൽ പോലും കമൽഹാസന്റെ സിനിമകൾ കാണരുത്'; ബഹിഷ്കരണാഹ്വാനവുമായി തമിഴ്നാട് ബിജെപി

Update: 2025-08-06 16:08 GMT

ചെന്നൈ: സനാതന ധർമ്മത്തെക്കുറിച്ചുള്ള പരാമർശങ്ങളെ തുടർന്ന് നടൻ കമൽഹാസന്റെ സിനിമകൾ ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് ബിജെപി. അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ പോലും കാണരുതെന്നാണ് ആഹ്വാനം. ഞായറാഴ്ച അ​ഗരം ഫൗണ്ടേഷൻ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോൾ സനാതന ധർമ്മത്തെക്കുറിച്ച് കമൽ ഹാസൻ നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് ബിജെപി രം​ഗത്തെത്തിയത്. സനാതന ധർമത്തെ എതിർത്ത് സംസാരിച്ച ഉദയനിധി സ്റ്റാലിനേയും കമൽഹാസനേയും ഒരു പാഠം പഠിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അമർ പ്രസാദ് റെഡ്ഡി പറഞ്ഞു.

രാഷ്ട്രത്തെ മാറ്റാൻ വിദ്യാഭ്യാസത്തിന് മാത്രമേ ശക്തിയുള്ളൂ. ഏകാധിപത്യത്തിന്റെയും സനാതനത്തിന്റെയും ചങ്ങലകൾ തകർക്കാൻ കഴിയുന്ന ഒരേയൊരു ആയുധം അതാണ് എന്നായിരുന്നു കമൽഹാസൻ പറഞ്ഞത്. ഭരണകക്ഷിയായ ഡി.എം.കെ നിർത്തലാക്കാൻ ആഗ്രഹിക്കുന്ന നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിനെ (നീറ്റ്) കുറിച്ചായിരുന്നു നടൻ പരാമർശിച്ചത്. മെഡിക്കൽ പ്രവേശനത്തിനുള്ള കേന്ദ്രീകൃത പരീക്ഷ പാർശ്വവൽക്കരിക്കപ്പെട്ട വിദ്യാർത്ഥികൾക്ക് ഒരു തടസ്സമാണെന്നും കമൽഹാസൻ പറഞ്ഞു. ഇതിനെതിരെയാണിപ്പോൾ തമിഴ്നാട് ബിജെപി രം​ഗത്തെത്തിയത്.

മുൻപ് അത് ഉദയനിധി സ്റ്റാലിനായിരുന്നു. ഇപ്പോൾ സനാതന ധർമ്മത്തെ നശിപ്പിക്കാൻ ആഗ്രഹിക്കുന്നത് കമലാണ്. നമുക്കവരെ ഒരു പാഠം പഠിപ്പിക്കാം. കമലിന്റെ സിനിമകൾ ഓടിടിയിൽ പോലും കാണരുതെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. നമ്മൾ ഇങ്ങനെ ചെയ്താൽ ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകൾ അവർ പൊതുവേദികളിൽ പങ്കുവെക്കില്ല," അമർ പ്രസാദ് റെഡ്ഡി പറഞ്ഞു.

കമൽഹാസന്റെ പ്രസ്താവനയെ എതിർത്തും അനുകൂലിച്ചും വാദങ്ങൾ ഉയരുന്നുണ്ട്. 'പണവും അധികാരവും കമൽഹാസനെ ദുഷിപ്പിച്ചു. അദ്ദേഹം തന്റെ കുടുംബത്തിന്റെ സനാതന വേരുകൾ മറന്നു. അദ്ദേഹം പറഞ്ഞത് സനാതന ധർമ്മത്തിനെതിരെ മാത്രമല്ല, ഇന്ത്യയ്ക്കും അവിടുത്തെ ഭൂരിപക്ഷം ജനങ്ങൾക്കും എതിരാണ്. അദ്ദേഹം മാപ്പ് പറയണം' എന്ന് ബിജെപി വക്താവ് നാരായണൻ തിരുപ്പതി ആവശ്യപ്പെട്ടു. തമിഴ്നാട് ബിജെപി വൈസ് പ്രസിഡന്റായ നടി ഖുശ്ബു കൂടി കമലിനെതിരെ രംഗത്തെത്തി. ഡിഎംകെ വക്താവ് എ. ശരവണൻ കമൽ ഹാസനെ പിന്തുണച്ചുകൊണ്ട് പ്രതികരിച്ചു. കമൽ ഹാസൻ കൊള്ളേണ്ടയിടത്തുതന്നെ കൊള്ളിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

Tags:    

Similar News