'ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനെ'; ആവേശത്തിലെ ഗാനം നെറ്റ്ഫ്ലിക്സിന്‍റെ ആനിമേഷൻ സീരീസിൽ; 'ക്രെഡിറ്റെങ്കിലും തരാമായിരുന്നു'; വിമർശനവുമായി നെറ്റിസൺസ്
കൊച്ചി: മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രം 'ആവേശ'ത്തിലെ ഗാനം പ്രമുഖ ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിന്‍റെ ആനിമേഷൻ സീരീസിൽ ഉപയോഗിച്ചത് വിവാദമാകുന്നു. സംഗീത സംവിധായകൻ സുഷിൻ ശ്യാമിന് ക്രെഡിറ്റ് നൽകാത്തതാണ് സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചത്. പുറത്തിറങ്ങാനിരിക്കുന്ന 'സ്പ്ലിന്റർ സെൽ: ഡെത്ത് വാച്ച്' എന്ന ആനിമേഷൻ സീരീസിന്റെ ടീസറിലാണ് സംഗീത സംവിധായകൻ സുഷിൻ ശ്യാമൊരുക്കിയ 'ദി ലാസ്റ്റ് ഡാൻസ്' എന്ന ട്രാക്ക് ക്രെഡിറ്റ് നൽകാതെ പശ്ചാത്തല സംഗീതമായി ഉപയോഗിച്ചിരിക്കുന്നത്.
കേരളത്തിൽ തരംഗമാവുകയും ഇന്ത്യയൊട്ടാകെ ശ്രദ്ധ നേടുകയും ചെയ്ത ചിത്രമായിരുന്നു ആവേശം. ചിത്രത്തിന്റെ വിജയത്തിൽ സുഷിൻ ശ്യാമിന്റെ സംഗീതം നിർണായക പങ്കുവഹിച്ചിരുന്നു. രംഗണ്ണൻ എന്ന ഫഹദ് ഫാസിൽ കഥാപാത്രത്തിന്റെ ഭൂതകാലം കാണിക്കുന്ന നിർണായക രംഗത്ത് വരുന്ന 'ദി ലാസ്റ്റ് ഡാൻസ്' എന്ന ഗാനം ഏറെ പ്രേക്ഷകപ്രീതി നേടിയിരുന്നു. ഈ ഗാനമാണ് നെറ്റ്ഫ്ലിക്സ് തങ്ങളുടെ പുതിയ സീരീസിന്റെ ടീസറിൽ അനുമതിയില്ലാതെയും ക്രെഡിറ്റ് നൽകാതെയും ഉൾപ്പെടുത്തിയത്.
ടീസർ പുറത്തുവന്നതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ ആരാധകരാണ് ഈ വിഷയം ചർച്ചയാക്കിയത്. 'എന്റെ ട്രാക്ക് ഇവിടെ ഉപയോഗിച്ചതിൽ നന്ദിയുണ്ട്, പക്ഷേ ക്രെഡിറ്റിൽ എന്റെ പേര് കൂടി ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു' എന്ന് സുഷിൻ ശ്യാമിന്റേതെന്ന പേരിൽ വന്ന ഒരു കമന്റ് ശ്രദ്ധ നേടിയെങ്കിലും പിന്നീട് ഇത് നെറ്റ്ഫ്ലിക്സിന്റെ കമന്റ് ബോക്സിൽ നിന്ന് അപ്രത്യക്ഷമായി.
അതിനാൽ ഈ കമന്റിന്റെ ആധികാരികത വ്യക്തമല്ല. 'ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനെ' തുടങ്ങിയ ആവേശത്തിലെ സംഭാഷണങ്ങൾ കുറിച്ചാണ് പലരും നെറ്റ്ഫ്ലിക്സിന്റെ നടപടിയെ വിമർശിക്കുന്നത്. ഹനുമാൻകൈൻഡ് എഴുതി ആലപിച്ച ഗാനമാണ് 'ദി ലാസ്റ്റ് ഡാൻസ്'. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'സ്പ്ലിന്റർ സെൽ' സീരീസ് ഒക്ടോബർ 14-ന് നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യും.