'ഷെഖാവത്ത്' എന്ന വാക്ക് ഉപയോഗിക്കുന്നത് ഒഴിവാക്കണം, അല്ലെങ്കിൽ കർണി സേന വീട്ടില്‍ കയറി തല്ലും'; പുഷ്പ 2 വിന് ഭീഷണിയുമായി രജപുത്ര നേതാവ് രാജ് ഷെഖാവത്ത്
ജയ്പൂര്‍: അല്ലു അർജുൻ ചിത്രമായ പുഷ്പ 2ന്റെ നിർമ്മാതാവിനെതിരെ ഭീഷണിയുമായി രജപുത്ര നേതാവ് രാജ് ഷെഖാവത്ത്. 'ക്ഷത്രിയ' സമുദായത്തെ ചിത്രം അപമാനിക്കുന്നുവെന്ന് ആരോപിച്ചാണ് ചിത്രത്തിന്‍റെ സാമുദായിക സംഘടനയായ കര്‍ണി സേന നേതാവായ ഷെഖാവത്ത് രംഗത്ത് എത്തിയത്.
ചിത്രത്തിൽ ‘ഷെഖാവത്ത്’ എന്ന കഥാപാത്രത്തിന് നെഗറ്റീവ് റോളാണ് ഉള്ളത്, ക്ഷത്രിയരെ അപമാനിക്കുന്ന രീതിയാണ് ഇത്. ഇതിനെതിരെ കർണി സേന അംഗങ്ങൾ രംഗത്ത് ഇറങ്ങണം സിനിമയുടെ നിർമ്മാതാവിന് നല്ല തല്ല് കൊടുക്കണമെന്നും ഷെഖാവത്ത് എക്സിലിട്ട പോസ്റ്റില്‍ പറയുന്നു. ചിത്രത്തില്‍ ഫഹദ് ഫാസില്‍ അഭിനയിച്ച പ്രതിനായകന്‍റെ പേര് ബൻവർ സിംഗ് ഷെഖാവത്ത് എന്നാണ്.
ചിത്രത്തിൽ ‘ഷെഖാവത്ത്’ എന്ന വാക്ക് പലയിടത്തും അധിക്ഷേപിക്കുന്ന തരത്തിലാണ് ഉപയോഗിച്ചിക്കുന്നത്. ഇത് ക്ഷത്രിയ സമൂഹത്തെ അപമാനിക്കുന്നതിന് തുല്യമാണ്. അതിനാല്‍ സിനിമയിൽ നിന്ന് ആ വാക്ക് നീക്കം ചെയ്യണമെന്ന് നിർമ്മാതാക്കളോട് രാജ് ഷെഖാവത്ത് ആവശ്യപ്പെട്ടു.
'ഈ സിനിമ ക്ഷത്രിയരെ കടുത്ത അവഹേളനമാണ് ചെയ്‌തത്. 'ഷെഖാവത്ത്' സമുദായത്തെ മോശമായി ചിത്രീകരിക്കുകയാണ് സിനിമയിൽ. അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ പേരിൽ ക്ഷത്രിയരെ അപമാനിക്കുന്നത് തുടരുകയാണ്' എക്സില്‍ പോസ്റ്റ് ചെയ്ത രാജ് ഷെഖാവത്ത് പറഞ്ഞു.
സിനിമയുടെ നിർമ്മാതാക്കൾ സിനിമയിൽ നിന്ന് 'ഷെഖാവത്ത്' ഉപയോഗിക്കുന്നത് ഒഴിവാക്കണം. അല്ലെങ്കിൽ കർണി സേന അവരെ വീട്ടില്‍ കയറി തല്ലുമെന്നും രാജ് ഷെഖാവത്ത് കൂട്ടിച്ചേർത്തു.
അതേസമയം, ചിത്രം ബോക്‌സ് ഓഫീസിൽ കുതിക്കുകയാണ്. 829 കോടിയാണ് ആഗോളതലത്തിൽ പുഷ്പ 2 നേടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം വരെയുള്ള കണക്കാണിത്. ഇന്നോ അല്ലെങ്കിൽ നാളയോടെ ചിത്രം 1000 കോടി എന്ന നേട്ടം സ്വന്തമാക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. കേരളത്തിൽ അടക്കം മികച്ച ബുക്കിങ്ങാണ് ചിത്രത്തിന്റേതായി നടക്കുന്നത്.