''ഈ പോസ്റ്ററിലെ എക്സ്പ്രഷനൊക്കെ എപ്പോഴാണ് സിനിമയില്‍ ഇട്ടത്..?; മണിക്കുട്ടന് പരിഹാസ ട്രോള്‍; 'തീയില്‍ കുരുത്തവനാ വെയിലത്ത് വാടില്ല'; പരിഹാസത്തിന് തക്കതായ മറുപടി നല്‍കി താരം
'എമ്പുരാന്‍' സിനിമയിലൂടെ ശ്രദ്ധേയമായ നടന്‍ മണിക്കുട്ടന്‍, തന്റെ കഥാപാത്രത്തെ പരിഹസിച്ച ട്രോളുകള്‍ക്കെതിരെ ആത്മവിശ്വാസത്തോടെ പ്രതികരിക്കുന്നു. സിനിമയിലെ തന്റെ പ്രകടനം ട്രോളായി ചിത്രീകരിച്ച ഒരു വീഡിയോ പങ്കുവെച്ചതോടെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.
എമ്പുരാന്‍ സിനിമയിലെ മണിക്കുട്ടന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ വച്ച്, ''ഈ പോസ്റ്ററിലെ എക്സ്പ്രഷനൊക്കെ എപ്പോഴാണ് സിനിമയില്‍ ഇട്ടത്..? മുഴുവന്‍ സമയവും ഓട്ടത്തിലായിരുന്നല്ലോ'' എന്ന ക്യാപ്ഷനോടെയായിരുന്നു പരിഹാസ ട്രോള്‍. പരിഹാസത്തിന് തക്കതായ മറുപടിയാണ് മണിക്കുട്ടന്‍ പറയുന്നത്. 'മലയാളത്തിലെ അത്രയധികം കളക്ഷന്‍ കിട്ടിയ ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. സിനിമയില്‍ നിലനില്‍ക്കുക എന്നത് അതിതീവ്രമായ ആഗ്രഹം തന്നെയാണ്, ആ ആഗ്രഹത്തിന്റെ ആത്മ സമര്‍പ്പണമാണ് എനിക്ക് കിട്ടുന്ന ഓരോ കഥാപാത്രങ്ങളും. വലിയ അഭിനേതാവാണ് എന്നൊന്നും ഒരിക്കലും ഞാന്‍ അവകാശപെടില്ല.''
''എപ്പോഴും പറയുന്ന പോലെ ഇപ്പോഴും ഞാന്‍ ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ അഭിനയം പഠിച്ചുകൊണ്ടിരിക്കുക തന്നെയാണ്. പലവിധത്തിലുള്ള അടിച്ചമര്‍ത്തലുകളും കളിയാക്കലും മറികടന്നു ഇവിടെ വരെ എത്താമെങ്കില്‍ ഇനി മുന്നോട്ടു പോകാനും സാധിക്കും എന്ന് വിശ്വസിക്കുന്നു. സിനിമയില്‍ എന്നെ ചേര്‍ത്തു നിര്‍ത്താന്‍ ആഗ്രഹിക്കുന്ന സിനിമ പ്രവര്‍ത്തകരും പ്രിയപ്പെട്ട പ്രേക്ഷകരുമാണ് എന്റെ ഊര്‍ജം.'' ''എന്റെ വിശ്വാസം അത് എന്നും നിലനില്‍ക്കുക തന്നെ ചെയ്യും. ഒരു ഓര്‍മപ്പെടുത്തല്‍ ആണ് 'തീയില്‍ കുരുത്തവനാ വെയിലത്ത് വാടില്ല'' എന്നാണ് മണിക്കുട്ടന്റെ പ്രതികരണം. പിന്നാലെ മണിക്കുട്ടന് പിന്തുണ അറിയിച്ച് നിരവധി ആരാധകര്‍ രംഗത്തെത്തി.