കരിയറിന്റെ തുടക്കകാലത്ത് താനും സിനിമകളും കടന്ന് പോയത് വളരെ മോശം അവസ്ഥയിലൂടെ; അന്ന് ഊര്‍ജം തന്നത് അച്ഛന്‍; അഭിഷേക് ബച്ചന്‍

Update: 2025-03-14 10:39 GMT

നടന്‍ അഭിഷേക് ബച്ചന്‍ അടുത്തിടെയാണ് ബോളിവുഡില്‍ തന്‍േറതായ സ്ഥാനം കണ്ടെത്തിയത്. പക്ഷേ കരിയറിന്റെ തുടക്കത്തില്‍ അദ്ദേഹത്തിന് മോശം സമയമായിരുന്നു. സൂപ്പര്‍സ്റ്റാര്‍ അമിതാഭ് ബച്ചന്റെ മകനായ അഭിഷേക് തന്റെ അച്ഛനുമായുള്ള താരതമ്യങ്ങളും കരിയറിന്റെ ആദ്യ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായ പരാജയങ്ങളും അദ്ദേഹത്തെ അലട്ടി.

കരിയറിന്റെ തുടക്കകാലത്ത് താന്‍ അഭിനയം ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരുന്നു എന്ന് പറയുകയാണ് അഭിഷേക് ബച്ചന്‍. കരിയറിന്റെ തുടക്കകാലത്ത് താനും സിനിമകളും വളരെ മോശം സമയത്തിലൂടെയാണ് കടന്നു പോയത് എന്നും അച്ഛനാണ് തനിക്ക് ഊര്‍ജം നല്‍കിയത് എന്നും അഭിഷേക് പറഞ്ഞു. നയന്‍ദീപ് രക്ഷിത് എന്ന യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

'കരിയറിന്റെ തുടക്കത്തില്‍ ഞാനും എന്റെ സിനിമകളും വളരെ മോശം സമയത്തിലൂടെയാണ് കടന്നുപോയത്. എത്രയൊക്കെ ശ്രമിച്ചിട്ടും, ഞാന്‍ നേടാന്‍ ആഗ്രഹിക്കുന്നത് നേടിയെടുക്കാനും സ്വയം നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടാനും എനിക്ക് കഴിഞ്ഞില്ല. ഒരു രാത്രി അച്ഛന്റെ അടുത്ത് ചെന്ന് എനിക്ക് തെറ്റ് പറ്റി, എന്ത് ശ്രമിച്ചിട്ടും നടക്കുന്നില്ല എന്ന് പറഞ്ഞത് ഓര്‍ക്കുന്നു.

ചിലപ്പോള്‍ ഇത് എനിക്ക് പറ്റുന്ന പണി അല്ലായിരിക്കാം എന്ന് ഞാന്‍ പറഞ്ഞു. പക്ഷേ എന്നോട് അദ്ദേഹം പറഞ്ഞത് കേട്ട് ഞാന്‍ അത്ഭുതപ്പെട്ടു. നിനക്ക് ഇനിയും ഏറെ ദൂരം പോകാനുണ്ട്. നീ ഫിനിഷ് ലൈനിലേക്ക് എത്തിയിട്ടില്ല എന്നാല്‍ ഓരോ സിനിമ കഴിയുമ്പോഴും നീ മെച്ചപ്പെടുന്നുണ്ട്. ജോലി തുടരുക, നീ അവിടെയെത്തും. പോരാടിക്കൊണ്ടിയിരിക്കുക' എന്നാണ് അദ്ദേഹം പറഞ്ഞത്.

2000-ല്‍ ജെ പി ദത്തയുടെ റെഫ്യൂജി എന്ന ചിത്രത്തിലൂടെയാണ് അഭിഷേക് ബച്ചന്‍ അരങ്ങേറ്റം കുറിച്ചത്, പക്ഷേ ആ ചിത്രം പരാജയപ്പെട്ടു. അദ്ദേഹത്തിന്റെ അടുത്ത ഡസന്‍ കണക്കിന് റിലീസുകളും ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടു. 2004-ല്‍ ധൂം എന്ന ചിത്രത്തിലൂടെ അഭിഷേകിന് നല്ല സമയം കടന്നു വന്നു. അതേ വര്‍ഷം തന്നെ യുവ എന്ന ചിത്രത്തിലൂടെ അദ്ദേഹം നിരൂപക പ്രശംസ നേടി.

റെമോ ഡിസൂസ സംവിധാനം ചെയ്യുന്ന 'ബി ഹാപ്പി' എന്ന സിനിമയാണ് അവസാനമായി പുറത്തിറങ്ങിയ അഭിഷേക് ബച്ചന്‍ സിനിമ. സല്‍മാന്‍ ഖാന്‍, ലിസെല്ലെ ഡിസൂസ, ഇമ്രാന്‍ മന്‍സൂര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച സിനിമ മാര്‍ച്ച് 14 ന് ആമസോണ്‍ പ്രൈം വീഡിയോയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തി.

Tags:    

Similar News