'പണം എല്ലാവർക്കും ആവശ്യമാണ്, അതിനായി ചില മുഖംമൂടികൾ അഴിഞ്ഞുവീഴുന്നത് ഞാൻ കണ്ടിട്ടുണ്ട്'; കഠിനാധ്വാനം ചെയ്യുന്നത് നല്ല പ്രതിഫലം ലഭിക്കാനെന്നും വിജയ് സേതുപതി
ചെന്നൈ: പണത്തിന് വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നും, അതിനുവേണ്ടി ആളുകളുടെ മുഖംമൂടികൾ അഴിഞ്ഞുവീഴുന്നത് താൻ കണ്ടിട്ടുണ്ടെന്നും തമിഴ് നടൻ വിജയ് സേതുപതി വെളിപ്പെടുത്തി. ഭക്ഷണം പോലെ പണവും പ്രധാനപ്പെട്ടതാണെന്നും അത് സുരക്ഷയും സന്തോഷവും നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഗൾട്ടെ പ്രോയുമായുള്ള അഭിമുഖത്തിലാണ് വിജയ് സേതുപതി തന്റെ കാഴ്ചപ്പാടുകൾ പങ്കുവെച്ചത്.
സാമ്പത്തിക ഭദ്രതയില്ലാതിരുന്നതാണ് ജീവിതത്തിൽ തനിക്കേറ്റവും വലിയ പ്രചോദനമായതെന്ന് അദ്ദേഹം പറഞ്ഞു. ഒരു സെക്കൻഡ് ഹാൻഡ് അപ്പാർട്ട്‌മെന്റും പഴയ കാറും സ്വന്തമാക്കുക, എല്ലാ മാസാവസാനവും വാടക നൽകുന്നതിന്റെ സമ്മർദ്ദമില്ലാതെ ജീവിക്കുക എന്നതായിരുന്നു തന്റെ ആദ്യകാല ലക്ഷ്യങ്ങളെന്നും നടൻ ഓർത്തെടുത്തു. ഇന്ത്യൻ സിനിമയിൽ 15 വർഷം പിന്നിട്ടിട്ടും പണവുമായുള്ള തന്റെ ബന്ധം ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് സേതുപതി വ്യക്തമാക്കി.
"പണമാണ് പ്രധാനം. എല്ലാവർക്കും പണം ആവശ്യമാണ്. ഞാൻ കഠിനാധ്വാനം ചെയ്യുന്നത് നല്ല പ്രതിഫലം ലഭിക്കാൻ വേണ്ടിയാണ്," അദ്ദേഹം കൂട്ടിച്ചേർത്തു. ജോലിയാണോ പണമാണോ കൂടുതൽ സന്തോഷം നൽകുന്നത് എന്ന ചോദ്യത്തിന്, ജോലി കൂടുതൽ സന്തോഷം നൽകുന്നുണ്ടെങ്കിലും സന്തോഷത്തെ പണവുമായി താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
വ്യക്തിപരമായ സുഖസൗകര്യങ്ങൾക്കപ്പുറം പണം കുടുംബത്തെ പരിപാലിക്കാനും മറ്റുള്ളവരെ സഹായിക്കാനും ഉപകരിക്കുമെന്നും വിജയ് സേതുപതി ചൂണ്ടിക്കാട്ടി. ഒരു അക്കൗണ്ടന്റായും ടെലിഫോൺ ബൂത്തിലും ജോലി ചെയ്തപ്പോഴും സമാനമായ സന്തോഷം താൻ അനുഭവിച്ചിട്ടുണ്ടെന്നും, ചെയ്യുന്ന ജോലിയിൽ എവിടെയും സന്തോഷം കണ്ടെത്താനാണ് താൻ ശ്രമിക്കാറുള്ളതെന്നും വിജയ് സേതുപതി കൂട്ടിച്ചേർത്തു.