'സംസാരിക്കാനും നടക്കാനും ബുദ്ധിമുട്ടുണ്ട്, കഴുത്തിന്റെ ഞരമ്പിന് മുറിവേറ്റു'; ഷൂട്ടിംഗിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിനായകൻ ആശുപത്രി വിട്ടു
കൊച്ചി: ഷൂട്ടിംഗിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടൻ വിനായകൻ ആശുപത്രി വിട്ടു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത താരം ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്. ആരോഗ്യനില തൃപ്തികരമാണെന്നും കുറച്ചുദിവസത്തെ വിശ്രമം കഴിഞ്ഞ് അദ്ദേഹം വീണ്ടും സെറ്റിൽ തിരിച്ചെത്തുമെന്നും സിനിമയുടെ അണിയറപ്രവർത്തകർ അറിയിച്ചു.
മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന 'ആട് 3' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. തമിഴ്‌നാട്ടിലെ തിരുച്ചെന്തൂരിൽ വെച്ച് സംഘട്ടന രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെ പേശികൾക്കും ഞരമ്പിനും പരിക്കേൽക്കുകയായിരുന്നു. തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ താരത്തിന് ഡോക്ടർമാർ വിശ്രമം നിർദേശിച്ചിട്ടുണ്ട്.
'കഴുത്തിന്റെ ഞരമ്പിന് മുറിവേറ്റു. രണ്ടുദിവസം മുമ്പ് അറിഞ്ഞു. ഇല്ലെങ്കിൽ ചലനശേഷി നഷ്ടപ്പെട്ടേനെ', ആശുപത്രി വിട്ട നടൻ മാധ്യമങ്ങളോട് പ്രതികരിച്ചു. സംസാരിക്കാനും നടക്കാനും ബുദ്ധിമുട്ടുണ്ട്. പരിക്കേറ്റ താരം ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്നാണ് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സ തേടിയത്. എംആർഐ പരിശോധനയിൽ പേശികൾക്ക് സാരമായ ക്ഷതമുണ്ടായെന്നും ഞരമ്പിന് മുറിവേറ്റവെന്നും കണ്ടെത്തുകയായിരുന്നു.
ജയസൂര്യ നായകനാകുന്ന 'ആട് 3' വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. മുമ്പ് റിലീസ് ചെയ്ത 'ആട്', 'ആട് 2' എന്നീ ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷം ഒരുങ്ങുന്ന മൂന്നാം ഭാഗത്തിലും വിനായകന്റെ 'ഡ്യൂഡ്' എന്ന കഥാപാത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.