'അഭിനയത്തോടുള്ള ആവേശവുമായി ജീവിച്ച കലാകാരൻ'; സത്യൻ-നസീർ കാലഘട്ടം മുതൽ ന്യൂജെൻ സിനിമകളിൽ വരെ അദ്ദേഹമുണ്ടായിരുന്നു; പുന്നപ്ര അപ്പച്ചനെ അനുസ്മരിച്ച് വിനയൻ
തിരുവനന്തപുരം: മലയാള സിനിമയിലെ പ്രമുഖ നടനായിരുന്ന പുന്നപ്ര അപ്പച്ചന്റെ മരണത്തിൽ അനുശോചനം അറിയിച്ച് സംവിധായകൻ വിനയൻ. സത്യൻ-നസീർ കാലഘട്ടം മുതൽ ന്യൂജൻ സിനിമകളിൽ വരെ സജീവമായിരുന്ന അദ്ദേഹത്തെ വിനയൻ അനുസ്മരിച്ചു. അഭിനയത്തോടുള്ള തീവ്രമായ ആവേശവുമായി ജീവിച്ച് കടന്നുപോയ അതുല്യ കലാകാരനായിരുന്നു പുന്നപ്ര അപ്പച്ചനെന്ന് വിനയൻ ഓർമ്മിപ്പിച്ചു.
"സത്യൻ മാസ്റ്ററുടെയും നസീർ സാറിന്റെയും കാലം മുതൽ ഇന്നത്തെ ന്യൂജൻ സിനിമകളിൽ വരെ അഭിനയിച്ചിട്ടുള്ള അപ്പച്ചൻ ചേട്ടനെ ഞാൻ സിനിമയിൽ വരുന്നതിനു മുൻപു തന്നെ ഉദയാ സ്റ്റുഡിയോയിൽ വച്ചു പരിചയപ്പെട്ടിട്ടുണ്ട്. പിന്നീട് എന്റെ മൂന്നാലു സിനിമകളിൽ അദ്ദേഹം വേഷം ചെയ്തു. മരണം വരെ അഭിനയത്തോടുള്ള ആവേശവുമായി ജീവിച്ച് കടന്നു പോയ കലാകാരന് പ്രണാമം," വിനയൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
ആലപ്പുഴ പുന്നപ്രയാണ് അപ്പച്ചന്റെ സ്വദേശം. 1965-ൽ ഉദയാ സ്റ്റുഡിയോ നിർമ്മിച്ച് സത്യൻ നായകനായ 'ഒതേനന്റെ മകൻ' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം വെള്ളിത്തിരയിൽ അരങ്ങേറിയത്. പിന്നീട് കമ്യൂണിസ്റ്റ് പശ്ചാത്തലത്തിൽ ഒരു തൊഴിലാളി നേതാവിന്റെ വേഷം ചെയ്ത 'അനുഭവങ്ങൾ പാളിച്ചകൾ' എന്ന സിനിമയിലൂടെ അദ്ദേഹം ഏറെ ശ്രദ്ധ നേടി. അടൂർ ഗോപാലകൃഷ്ണന്റെ 'അനന്തരം' എന്ന സിനിമയിലും പിന്നീട് അടൂരിന്റെ പല ചിത്രങ്ങളിലും പുന്നപ്ര അപ്പച്ചൻ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു.
മലയാളത്തിലെ എല്ലാ സൂപ്പർതാരങ്ങൾക്കൊപ്പവും വില്ലൻ വേഷങ്ങളിലും സ്വഭാവ വേഷങ്ങളിലും അദ്ദേഹം തിളങ്ങിയിട്ടുണ്ട്. 'കന്യാകുമാരി', 'പിച്ചിപ്പു', 'നക്ഷത്രങ്ങളേ കാവൽ', 'അങ്കക്കുറി', 'ഇവർ', 'വിഷം', 'ഓപ്പോൾ', 'കോളിളക്കം', 'ഇത്തിരി നേരം ഒത്തിരി കാര്യം', 'ആട്ടക്കലാശം', 'അസ്‍ത്രം', 'പാവം ക്രൂരൻ' എന്നിവ അദ്ദേഹത്തിന്റെ ആദ്യകാല ശ്രദ്ധേയ ചിത്രങ്ങളിൽ ചിലതാണ്.