15 വര്‍ഷമായി വിശാലിനെ അറിയാം; വീട്ടില്‍ ഒരു പ്രശ്‌നം വന്നപ്പോള്‍ അദ്ദേഹം മാത്രമാണ് വന്നത്; അന്ന് പിന്തുണച്ചതും എനിക്ക് വേണ്ടി സംസാരിച്ചതും അയാള്‍ മാത്രം; വിശാലുമായുള്ള പ്രണയകഥ തുറന്ന് പറഞ്ഞ് നടി ധന്‍സിക
ദുല്‍ഖര്‍ സല്‍മാന്റെ സോളോ സിനിമയിലൂടെ മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയയായ നടി സായ് ധന്‍സികയും പ്രശസ്ത നടന്‍ വിശാലും വിവാഹബന്ധത്തിലേക്ക് കടക്കുന്നു. രണ്ട് താരങ്ങളും വിവിധ വേദികളിലൂടെ ഈ വിവരം ഔദ്യോഗികമായി വ്യക്തമാക്കി. ഓഗസ്റ്റ് 29നാണ് വിവാഹം നടക്കുക എന്ന് 'യോഗി ഡാ'യുടെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെയാണ് വിശാല്‍ വെളിപ്പെടുത്തിയത്.
'ഈ വേദി ഇങ്ങനെ ഒരു പ്രഖ്യാപനത്തിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷിച്ചില്ല,' എന്നാണ് വിശാല്‍ അഭിപ്രായപ്പെട്ടത്. രാവിലെ ചില മാധ്യമങ്ങളിലൂടെ വാര്‍ത്ത പുറത്ത് വന്നതോടെയാണ് താരം ഔദ്യോഗികമായി സത്യാവസ്ഥ വ്യക്തമാക്കിയത്. കഴിഞ്ഞ 15 വര്‍ഷങ്ങളായി സുദീര്‍ഘമായ സൗഹൃദം പങ്കുവെച്ച് വരുന്ന ഇരുവരും ഈ അടുത്തിടെയാണ് പ്രണയത്തിലേക്ക് കടന്നതെന്ന് ധന്‍സിക വ്യക്തമാക്കി.
15 വര്‍ഷമായി വിശാലിനെ അറിയാം. ഏതു സ്ഥലത്തുവച്ചു കണ്ടാലും പരസ്പര ബഹുമാനത്തോടെ മാത്രമേ സംസാരിക്കൂ. എനിക്കു വേണ്ടി അദ്ദേഹം ശബ്ദം ഉയര്‍ത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പെരുമാറ്റവും രീതികളും ഞാന്‍ വളരെ അധികം ബഹുമാനത്തോടെ കാണുന്നു. എന്റെ ജീവിതത്തിലെ ഒരു മോശം അവസ്ഥയിലും, യാതൊന്നും പറയാതെ തന്നെ കയറി വന്ന് പിന്തുണയായി നിന്ന ആളാണ്. എന്റെ വീട്ടില്‍ ഒരു നായകന്‍ പോലും വന്നിട്ടില്ല.
ഒരു പ്രശ്‌നം നടന്നപ്പോള്‍ അദ്ദേഹം എന്റെ വീട്ടില്‍ വന്നു. അതൊക്കെ എന്റെ മനസ്സില്‍ തട്ടിയ നിമിഷങ്ങളായിരുന്നു. അടുത്തിടെയാണ് സംസാരിച്ചു തുടങ്ങിയത്. അങ്ങനെയാണ് സൗഹൃദം പ്രണയത്തിലേക്കെത്തുന്നത്. ഞങ്ങള്‍ക്കു രണ്ടു പേര്‍ക്കും അതു സംഭവിച്ചു. പരസ്പരം അത് അംഗീകരിക്കുകയും ചെയ്തു. ഇതു വിവാഹത്തിലെത്തുമെന്ന് ഉറപ്പായിരുന്നു. അതുകൊണ്ട് തന്നെ കാത്തിരിക്കേണ്ട ആവശ്യമില്ലെന്നു തീരുമാനിച്ചു. ഒരു വിഷയം പറയാം, അദ്ദേഹത്തെ സന്തോഷിപ്പിക്കുക എന്റെ ഉത്തരവാദിത്തമാണ്.
നല്ലൊരു മനുഷ്യനാണ് വിശാല്‍. എന്റെ കുടുംബത്തോട് ഇക്കാര്യം പറഞ്ഞപ്പോള്‍ അവര്‍ക്കും ഒരുപാട് സന്തോഷം.'' ധന്‍സിക പറഞ്ഞു. എല്ലാത്തിന്റെയും അവസാനം ദൈവം നമുക്കായി ഒന്ന് കരുതിയിട്ടുണ്ടാവും, അങ്ങനെ അവസാനം എന്റെ ജീവിതത്തിലേക്ക് വന്ന പെണ്‍കുട്ടിയാണ് ധന്‍സിക എന്നാണ് വിശാല്‍ പറഞ്ഞത്.