'സെലിബ്രിറ്റി ക്രിക്കറ്റിൽ 20 ഓവറും ഗ്രൗണ്ടിൽ ഫീൽഡ് ചെയ്ത ഒരാൾ അദ്ദേഹമാണ്'; ഡൈവ് ചെയ്ത് പന്ത് തടയുന്നത് കണ്ടിട്ടുണ്ട്; മോഹൻലാലിനെ വാനോളം പുകഴ്ത്തി വിവേക് ഗോപൻ

Update: 2026-01-27 05:56 GMT

തിരുവനന്തപുരം: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ 20 ഓവറും ഗ്രൗണ്ടിൽ ഫീൽഡ് ചെയ്ത ഒരേയൊരു ക്യാപ്റ്റൻ നടൻ മോഹൻലാൽ ആണെന്ന് കേരള സ്ട്രൈക്കേഴ്സ് താരമായ വിവേക് ഗോപൻ. മോഹൻലാലിന്റെ അസാധാരണമായ അർപ്പണബോധത്തെയും കായികക്ഷമതയേയും പ്രശംസിച്ചുകൊണ്ടാണ് വിവേക് ഗോപൻ ഒരു അഭിമുഖത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. ഏതൊരു കാര്യം ചെയ്യുമ്പോഴും അതിൽ 100 ശതമാനം സമർപ്പണം നൽകുന്നതാണ് മോഹൻലാലിന്റെ രീതിയെന്ന് വിവേക് ഗോപൻ പറയുന്നു.

ഗ്രൗണ്ടിലെ പരിശീലന വേളയിൽ പോലും മോഹൻലാൽ സഹതാരങ്ങൾക്കൊപ്പം പൂർണ്ണമായി പങ്കെടുക്കും. വിശ്രമിക്കാൻ അവസരമുണ്ടായിട്ടും അദ്ദേഹം അത് ചെയ്യാറില്ല. "ലാലേട്ടാ ഒരു ഓവര്‍ എറിയണം എന്ന് പറഞ്ഞാല്‍ പിന്നെന്താ മോനെ, ബോളു തരൂ എന്ന് പറഞ്ഞ് ബൗള്‍ ചെയ്യും. അടുത്ത് ലാലേട്ടന്‍ ബാറ്റിംഗിന് ഇറങ്ങിക്കോളു എന്ന് പറഞ്ഞാല്‍ ഞാന്‍ ബാറ്റ് ചെയ്യണോ മോനെ, ചെയ്യാം എന്ന് പറഞ്ഞിറങ്ങും. അദ്ദേഹം എന്തും ചെയ്യും," വിവേക് ഗോപൻ കൂട്ടിച്ചേർത്തു.

സിസിഎൽ മത്സരങ്ങൾക്കിടെ, തെലുങ്ക് ടീമിന്റെ വെങ്കിടേഷ്, മുംബൈയുടെ സുനിൽ ഷെട്ടി, കിച്ച സുദീപ്, ചെന്നൈയുടെ സൂര്യ തുടങ്ങിയ മറ്റ് സെലിബ്രിറ്റി ക്യാപ്റ്റൻമാർ അഞ്ചോ പത്തോ ഓവറുകൾക്ക് ശേഷം വിശ്രമിക്കാൻ ഗ്രൗണ്ടിൽ നിന്ന് പുറത്തുപോകാറുണ്ട്. എന്നാൽ, 20 ഓവറും ഗ്രൗണ്ടിൽ ഫീൽഡ് ചെയ്ത ഒരേയൊരു താരം മോഹൻലാൽ മാത്രമാണെന്ന് വിവേക് ഗോപൻ ചൂണ്ടിക്കാട്ടി.

പരിശീലന മത്സരങ്ങളിൽ പോലും ഒരു പ്രൊഫഷണൽ ഫീൽഡറെപ്പോലെ ഡൈവ് ചെയ്ത് പന്ത് തടയുന്ന മോഹൻലാലിനെ താൻ കണ്ടിട്ടുണ്ടെന്നും, അത്തരം കാഴ്ചകൾ തനിക്ക് രോമാഞ്ചം നൽകാറുണ്ടെന്നും വിവേക് ഗോപൻ പറയുന്നു. ശാരീരികമായല്ല, മാനസികമായി അദ്ദേഹം എത്രമാത്രം തയാറെടുക്കുന്നു എന്നതിനാണ് പ്രാധാന്യം. ഇത്രയധികം അർപ്പണബോധമുള്ള ഒരു വ്യക്തിയെ താൻ കണ്ടിട്ടില്ലെന്നും വിവേക് ഗോപൻ അടിവരയിട്ടു. 

Tags:    

Similar News