'മകനാവാനുള്ള പ്രായമേ ഉള്ളൂ നിനക്ക്, പ്രിയനേ വിട'; കലാഭവൻ നവാസിനെ അനുസ്മരിച്ച് വി.കെ. ശ്രീരാമന്‍

Update: 2025-08-02 13:09 GMT

കൊച്ചി: നടൻ കലാഭവൻ നവാസിന്റെ അപ്രതീക്ഷിത വിടവാങ്ങലിന്റെ ഞെട്ടലിലാണ് മലയാള സിനിമ. സിനിമാരംഗത്തുള്ളവരും പ്രേക്ഷകരുമെല്ലാം നടന്റെ വിയോഗത്തിൽ അനുശോചനമറിയിക്കുന്നുണ്ട്. ഇപ്പോഴിതാ നവാസിനെ അനുസ്മരിച്ച് ചലച്ചിത്ര നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമന്‍. നവാസിന്റെ പിതാവ് അബൂബക്കറുമായുള്ള ബന്ധത്തില്‍ തുടങ്ങിയതാണ് നവാസുമായും സഹോദരന്‍ നിയാസുമായുമുള്ള സൗഹൃദമെന്ന് വികെ ശ്രീരാമന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു. മകനാവാനുള്ള പ്രായമേയുള്ളൂവെന്നും നവാസിന്റെ ചിരിക്കുന്ന മുഖം മാത്രമേ മനസിലുള്ളൂവെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പോസ്റ്റില്‍ കുറിച്ചു.

വി.കെ. ശ്രീരാമന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

വളരെ കാലം മുമ്പ് കുന്നംകുളം മുനിസിപ്പാലിറ്റിയുടെ വാര്‍ഷികത്തിന് ഒരു നാടകം കണ്ടാണ് അബൂബക്കര്‍ മനസ്സില്‍ കയറിക്കൂടുന്നത്.

ഒരു റെയില്‍വേ സ്റ്റേഷന്‍ മാസ്റ്ററായിട്ടാണ് അബൂബക്കര്‍ ആ നാടകത്തില്‍ പ്രധാന വേഷത്തില്‍ പ്രതൃക്ഷപ്പെടുന്നത്.

അതിനു ശേഷം വളരെക്കഴിഞ്ഞ് ചില സിനിമളില്‍ ഒന്നിച്ചഭിനയിച്ചു.

പിന്നെ നവാസും നിയാസും സുഹൃത്തുക്കളായി.

അവരുടെ വളര്‍ച്ചയില്‍ ഒരു സുഹൃത്തെന്നതിനേക്കാള്‍ ഏറെ അവരുടെ കുടുംബത്തിന്റെ നിഴല്‍ വീണ കാലം കണ്ട ഞാന്‍ സന്തോഷിച്ചു.

അവസാനം നവാസ് വീട്ടില്‍ വന്നത് മുതുവമ്മലുള്ള സലീമുമൊത്ത് 'ഇഴ'യുടെ പ്രീവ്യൂവിന് ക്ഷണിക്കാനായിരുന്നു.

പ്രിവ്യു കാണാന്‍ പോവാനൊത്തില്ല.

എന്റെ മകനാവാനുള്ള പ്രായമേ ഉള്ളൂ നിനക്ക്. നിന്റെ ചിരിക്കുന്ന മുഖമേ എന്റെ മനസ്സിലുള്ളൂ.

പ്രിയനേ വിട.

Full View

കഴിഞ്ഞ ദിവസം കലാഭവൻ നവാസിനെ ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി വെള്ളിയാഴ്ച നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. വൈകീട്ട് ആറുമണിയോടെ ഹോട്ടലിലെത്തിയെന്നാണ് ജീവനക്കാര്‍ പറയുന്നത്. എട്ട് മണിക്ക് തിരിച്ചുമടങ്ങുമെന്ന് നവാസ് ജീവനക്കാരെ അറിയിച്ചിരുന്നു. സിനിമയിലെ മറ്റു അണിയറ പ്രവര്‍ത്തകരും ഇതേ ഹോട്ടലില്‍ത്തന്നെയാണ് താമസിച്ചിരുന്നത്. എട്ടുമണിക്ക് റൂം ചെക്കൗട്ട് ചെയ്യുമെന്ന് അറിയിച്ച നവാസിനെ ഒന്‍പതു മണിയോടടുത്തിട്ടും പുറത്തുവരുന്നത് കണ്ടില്ല.

ഫോണ്‍ വിളിച്ചിട്ടും എടുത്തില്ല. മറ്റു സഹപ്രവര്‍ത്തകരെല്ലാം ചെക്കൗട്ട് ചെയ്ത് പോവുകയും ചെയ്തു. ഇതോടെയാണ് റൂമില്‍ പോയി നോക്കിയത്. റൂം അകത്തു നിന്നും ലോക്ക് ചെയ്തിരുന്നില്ല. തുറന്നുനോക്കിയപ്പോള്‍ കട്ടിലിനോട് ചേര്‍ന്ന് തറയില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടു. സോപ്പും തോര്‍ത്തും വസ്ത്രവുമടക്കം കട്ടിലിലുണ്ടായിരുന്നു. ഉടന്‍തന്നെ അടുത്ത കേന്ദ്രങ്ങളിലായുണ്ടായിരുന്ന സഹപ്രവര്‍ത്തകരെയും കൂട്ടി ആശുപത്രിയിലെത്തിച്ചു. ഹോട്ടലില്‍നിന്ന് കൊണ്ടുപോവുമ്പോള്‍ ശരീരത്തിന് അനക്കമുണ്ടായിരുന്നു. ഒന്‍പതുമണിയോടെയാണ് ആശുപത്രിയിലെത്തി. അപ്പോള്‍ മരണം സ്ഥിരീകരിച്ചു. നടനും നാടക കലാകാരനുമായിരുന്ന അബൂബക്കര്‍ ആണ് നവാസിന്റെ പിതാവ്. നടി രഹ്ന നവാസ് ആണ് ഭാര്യ. 2002-ലാണ് ഇരുവരും വിവാഹിതരാകുന്നത്. മക്കള്‍: നഹറിന്‍, റിദ്‌വാന്‍, റിഹാന്‍.

Tags:    

Similar News