ഇതൊക്കെ പറയാൻ നിങ്ങൾക്ക് നാണമില്ലേ?; കേവലം റീച്ചിന് വേണ്ടി ഞാൻ അയാളെ മനഃപൂർവം 'സെഡ്യൂസ്' ചെയ്തെന്നാണ് ചിലർ പറയുന്നത്; തുർക്കിയിലെ ഒരു ഡ്രൈവറിൽ നിന്ന് നേരിട്ട ദുരനുഭവം തുറന്നുപറഞ്ഞതും സോഷ്യൽ മീഡിയയിൽ തീക്കാറ്റ്; നെഗറ്റീവ് കമെന്റുകളെ തേച്ചോട്ടിച്ച് വ്‌ളോഗർ അരുണിമ
തുർക്കിയിൽ വെച്ച് നേരിട്ട ദുരനുഭവത്തെക്കുറിച്ച് പങ്കുവെച്ച ട്രാവൽ വ്ലോഗർ അരുണിമക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്ന വ്യക്തിഹത്യയിൽ ശക്തമായി പ്രതികരിച്ച് അരുണിമ. ടൂറിസം റീച്ചിന് വേണ്ടിയാണ് അരുണിമ അത്തരം ഒരു വീഡിയോ ചെയ്തതെന്ന തരത്തിലുള്ള വ്യാജ പ്രചരണങ്ങൾക്കെതിരെയാണ് അരുണിമയുടെ പ്രതികരണം. "എന്നെ വച്ച് ഇവർ പൈസയുണ്ടാക്കുകയാണ്. ഞാൻ റീച്ചിന് വേണ്ടി അയാളെ 'സെഡ്യൂസ്' ചെയ്തതുകൊണ്ടാണ് അയാള്‍ സ്വയംഭോഗം ചെയ്തത് എന്നാണ് പറയുന്നത്. ഇതൊക്കെ പറയാൻ നാണമില്ലേ?" എന്ന് അരുണിമ വീഡിയോയിലൂടെ ചോദിക്കുന്നു.
മലയാളികൾക്ക് സുപരിചിതയായ ട്രാവൽ വ്ലോഗറാണ് അരുണിമ. 'ബാക്ക്പാക്കർ അരുണിമ' എന്ന സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെ തന്റെ യാത്രകളെക്കുറിച്ചുള്ള വീഡിയോകളും അനുഭവങ്ങളും അവർ പങ്കുവെക്കാറുണ്ട്. അത്തരത്തിൽ തുർക്കിയിൽ വെച്ച് തനിക്കുണ്ടായ ഒരു ദുരനുഭവം വിശദീകരിക്കുന്ന വീഡിയോ അരുണിമ പങ്കുവെച്ചിരുന്നു.
ലിഫ്റ്റ് ചോദിച്ച് കയറിയ കാറിലെ ഡ്രൈവർ സ്വയംഭോഗം ചെയ്യുന്ന ദൃശ്യങ്ങൾ ഉൾപ്പെടുത്തിയായിരുന്നു വീഡിയോ. ഈ വീഡിയോ പങ്കുവെച്ചതോടെ നിരവധി പേർ അരുണിമക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. അപരിചിതരോട് ലിഫ്റ്റ് ചോദിക്കുമ്പോൾ ശ്രദ്ധിക്കണമെന്നും, വീഡിയോ എടുത്തത് നന്നായി എന്നും, സുരക്ഷിതമായി യാത്ര ചെയ്യണമെന്നും ആവശ്യപ്പെട്ട് നിരവധി പേരാണ് താരത്തിന് പിന്തുണ അറിയിച്ചത്.
എന്നാൽ, ഇതിന് വിപരീതമായി ചില യൂട്യൂബർമാരും സാമൂഹ്യ മാധ്യമ താരങ്ങളും അരുണിമക്കെതിരെ രംഗത്തുവന്നു. അരുണിമയുടെ ലക്ഷ്യം ടൂറിസം റീച്ച് നേടുക എന്നതാണെന്നും, അതിനു വേണ്ടിയാണ് ഇത്തരത്തിലുള്ള വീഡിയോകൾ പ്രചരിപ്പിക്കുന്നതെന്നുമായിരുന്നു അവരുടെ പ്രധാന വാദം. എന്നാൽ, ഈ ആരോപണങ്ങൾക്കെതിരെയാണ് അരുണിമ ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്. 'ഉളുപ്പില്ലാത്ത ചില മലയാളികൾ' എന്ന തലക്കെട്ടോടെയാണ് അവർ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
"കുറേ സുഹൃത്തുക്കൾ വീഡിയോ അയച്ചു തന്നു. എനിക്ക് ഇവിടെ നെറ്റ്വർക്ക് കുറവാണ്. തുർക്കിയിൽ എനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് വേറെ ആളുകൾ വീഡിയോ ചെയ്യുന്നുണ്ട്. എന്തൊക്കെയാണ് അവർ പറയുന്നത്? ഒന്നും പറയാനില്ല. ആറു മാസം മുൻപ് ഹോണ്ടുറാസിലുള്ളപ്പോഴത്തെ വീഡിയോ എടുത്ത് അതേപ്പറ്റിയൊക്കെയൊക്കെ പറയുന്നുണ്ട്. എന്തൊക്കെ ഞാൻ കേൾക്കണം. ഒന്നും പറയാനില്ല. പോയി ചത്തൂടെ എന്നേ എനിക്ക് ചോദിക്കാനുള്ളൂ," അരുണിമ വികാരഭരിതയായി പറയുന്നു.
"സ്വന്തം വീട്ടിലുള്ളവരുടെ സ്വഭാവമായിരിക്കും എന്റെയും സ്വഭാവം എന്ന് കരുതിയാകും വീഡിയോ ഇടുന്നത്. കൂടുതൽ ഒന്നും പറയുന്നില്ല, പറഞ്ഞാൽ കൂടിപ്പോകും," അവർ കൂട്ടിച്ചേർത്തു. താൻ റീച്ചിന് വേണ്ടിയല്ല ആ വ്യക്തിയെ പ്രലോഭിപ്പിച്ചത് എന്നും, അത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നവർക്ക് നാണമില്ലേ എന്നും അരുണിമ ചോദിക്കുന്നു. "സ്വന്തം വീട്ടിലെ ആർക്കെങ്കിലും ഇതുപോലെ സംഭവിച്ചാൽ അവർ അത് എടുത്ത് റിയാക്ട് ചെയ്യുമോ? അവരെയാണ് ഇന്ന് നമ്മൾ ഇത്തരം കാര്യങ്ങളിൽ കുറ്റപ്പെടുത്തുന്നത്," അവരുടെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നു.
സമൂഹ മാധ്യമങ്ങളിൽ തനിക്കെതിരെ നടക്കുന്ന വ്യക്തിഹത്യയും വ്യാജ പ്രചരണങ്ങളും തന്നെ മാനസികമായി ബാധിക്കുന്നതായും എന്നാൽ ഇത്തരം വിഷയങ്ങളിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും അരുണിമ വ്യക്തമാക്കി.