'ഈ 'ട്രെൻഡ്' ഒരു രാക്ഷസനെപ്പോലെ എല്ലാവരെയും തിരിഞ്ഞുകൊത്താൻ സാധ്യതയുണ്ട്'; ഇത് 'പിടിച്ചുപറി'ക്ക് തുല്യം; 'പെയ്ഡ് നെഗറ്റിവിറ്റി'യ്‌ക്കെതിരെ യാമി ഗൗതം

Update: 2025-12-04 10:53 GMT

കൊച്ചി: സിനിമാ മേഖലയിലെ 'പെയ്ഡ് നെഗറ്റിവിറ്റി' പ്രവണതയ്‌ക്കെതിരെ ശക്തമായ വിമർശനവുമായി നടി യാമി ഗൗതം. ഈ രീതി 'പിടിച്ചുപറി'ക്ക് തുല്യമാണെന്ന് വിശേഷിപ്പിച്ച യാമിക്ക് പിന്തുണയുമായി നടൻ ഹൃത്വിക് റോഷനും എത്തി. ഒരു സിനിമയ്ക്ക് റിലീസിന് മുമ്പ് അനുകൂലമായ 'പ്രചാരം' ഉറപ്പാക്കുന്നതിനായി പണം നൽകുകയോ, അല്ലെങ്കിൽ പണം നൽകിയില്ലെങ്കിൽ പ്രതികൂലമായ വാർത്തകൾ പ്രചരിപ്പിക്കുകയോ ചെയ്യുന്ന ഈ പ്രവണത വ്യവസായത്തിന്റെ ഭാവിയെ സാരമായി ബാധിക്കുന്ന ഒരു വിപത്താണെന്ന് യാമി തന്റെ സോഷ്യൽ മീഡിയ കുറിപ്പിൽ വ്യക്തമാക്കി.

"സിനിമകൾക്ക് നല്ല 'ഹൈപ്പ്' നൽകുന്നതിന്റെ മറവിൽ പണം നൽകുന്ന ഈ രീതി, അല്ലെങ്കിൽ പണം നൽകാത്തപക്ഷം റിലീസിന് മുൻപ് തന്നെ നെഗറ്റീവ് കാര്യങ്ങൾ എഴുതുമെന്ന ഭീഷണി, ഇത് ഒരുതരം പണം തട്ടിയെടുക്കൽ അല്ലാതെ മറ്റെന്താണ്?" യാമി ചോദിക്കുന്നു. ചില മാധ്യമപ്രവർത്തകരും പബ്ലിക് റിലേഷൻസ് ഏജൻസികളും ചേർന്ന് സിനിമയുടെ മാർക്കറ്റിംഗിന്റെ മറവിൽ പണം ആവശ്യപ്പെടുന്നത് ഒരു പുതിയ ‘നോർമൽ’ ആയി മാറിയിരിക്കുന്നു. ഇത് വ്യക്തിഗത സിനിമകളെ മാത്രമല്ല, സിനിമാ വ്യവസായത്തിന്റെ ഭാവിയെത്തന്നെ ദോഷകരമായി ബാധിക്കുന്ന ഒരു “വിപത്താണ്” എന്നും നടി അഭിപ്രായപ്പെട്ടു.

ഇന്ന് പലരും പിന്തുടരുന്ന ഈ 'ട്രെൻഡ്' ഒരു രാക്ഷസനെപ്പോലെ എല്ലാവരെയും തിരിഞ്ഞുകൊത്താൻ സാധ്യതയുണ്ടെന്നും അവർ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സിനിമാലോകത്തെ ‘വിജയം’ എന്നതിൻ്റെ പേരിൽ നടന്ന പല കാര്യങ്ങളെക്കുറിച്ചുമുള്ള സത്യങ്ങൾ പുറത്തുവന്നാൽ അത് പലർക്കും സുഖകരമായ കാഴ്ചയായിരിക്കില്ലെന്നും യാമി സൂചിപ്പിച്ചു.

ഇത് സിനിമയ്ക്ക് അനുകൂലമായോ, മറ്റൊരു നടനോ സിനിമയ്‌ക്കോ എതിരായോ നെഗറ്റീവ് പ്രചരണം നടത്താനോ ആർക്കും അവസരം നൽകുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി. അടുത്തിടെ റിലീസ് ചെയ്ത 'ഹഖ്' എന്ന സിനിമയുടെ വിജയത്തിളക്കത്തിൽ നിൽക്കുന്ന യാമി, ഭർത്താവും സംവിധായകനുമായ ആദിത്യ ധറിനെപ്പോലുള്ള സത്യസന്ധരായ ചലച്ചിത്ര പ്രവർത്തകരെ ഈ പ്രവണത ദോഷകരമായി ബാധിക്കുമെന്ന് ആശങ്ക പ്രകടിപ്പിച്ചു. ആദിത്യ ധറിന്റെ കഠിനാധ്വാനത്തെയും അർപ്പണബോധത്തെയും പ്രശംസിച്ചുകൊണ്ടാണ് അവർ തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.

യാമിയുടെ നിലപാടിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഹൃത്വിക് റോഷൻ കുറിച്ചത്, പെയ്ഡ് പ്രൊമോഷനുകൾ യഥാർത്ഥ പത്രപ്രവർത്തനത്തിന്റെ ശബ്ദത്തെ ഇല്ലാതാക്കുന്നുവെന്നാണ്. ഈ പ്രവണത നിരുപദ്രവകരമാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അവർക്ക് തെറ്റിപ്പോകുമെന്നും, ഈ 'പ്രവണത' എന്ന രാക്ഷസൻ ഒടുവിൽ എല്ലാവരെയും തിരിഞ്ഞുകൊത്തുമെന്നും യാമി മുന്നറിയിപ്പ് നൽകി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 'വിജയം' എന്ന മറവിൽ നടക്കുന്ന ലക്ഷക്കണക്കിന് കാര്യങ്ങളെക്കുറിച്ചുള്ള സത്യമാണിതെന്നും അവർ കൂട്ടിച്ചേർത്തു. 

Tags:    

Similar News