പിച്ചില്‍ നിന്ന് കോടികണക്കിന് ആരാധകരുടെ ഹൃദയത്തിലേക്ക്; യുവരാജിന്റെ ജീവിതം ബിഗ് സ്‌ക്രീനിലേക്ക്; 'സിക്‌സ് സിക്‌സസ്' എന്ന പേരിട്ടിരിക്കുന്ന ചിത്രത്തില്‍ യുവിയായി എത്തുന്നത് ബോളിവുഡ് യുവതാരമോ?

Update: 2024-12-24 12:31 GMT

ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് യുവരാജ് സിങ്. 2007ലെ ആദ്യ ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും ഇന്ത്യയ്ക്ക് നേടിക്കൊടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത് യുവരാജ് സിങ്ങാണ്. ആരാധകര്‍ സ്‌നേഹത്തോടെ യുവി എന്നാണ് യുവരാജിനെ വിളിക്കുന്നത്. ഈ ഓഗസ്റ്റിലാണ് യുവരാജിന്റെ ജീവിതം സിനിമയാക്കാന്‍ പോകുന്ന വിവരം അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. ഭുഷന്‍ കുമാറിന്റെ ടി സീരിസും രവി ഭഗ്ചന്ദ്കയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

യുവരാജ് തന്നെയാണ് ചിത്രത്തിന്റെ കാര്യം ഔദ്യോഗികമായി പുറത്ത് വിടുന്നത്. എന്നാല്‍ ആരാണ് യുവി ആയി എത്തുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നില്ല. ബോളിവുഡിലെ യുവതാരങ്ങളുടെ പേരുകള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നുണ്ടെങ്കിലും ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

ഇപ്പോഴിതാ ബോളിവുഡ് താരം സിദ്ധാന്ത് ചതുര്‍വേദി വെള്ളിത്തിരയില്‍ യുവരാജ് സിങ് ആകാനുള്ള മോഹം വെളിപ്പെടുത്തിരിക്കുകയാണ്. ഇഷ്ടവേഷത്തെ കുറിച്ചുള്ള ആരാധകന്റെ ചോദ്യത്തിനായിരുന്നു യുവരാജ് സിങ്ങിന്റെ ചിത്രം പങ്കുവെച്ചത്. സിദ്ധാന്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലായിട്ടുണ്ട്.

ടീ സീരീസാണ് സിനിമയെക്കുറിച്ച് പ്രഖ്യാപിച്ചത്. യുവരാജിന്റെ ലോകകപ്പ് പ്രകടനങ്ങളും ക്യാന്‍സര്‍ അതിജീവനവുമെല്ലാം സിനിമയുടെ ഉള്ളടക്കമാകുമെന്നാണ് വിവരം. 2007 ട്വന്റി 20 ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരെ നേടിയ യുവരാജിന്റെ വിഖ്യാതമായ ആറുസിക്‌സറുകളെ ഓര്‍മിപ്പിക്കുന്ന 'സിക്‌സ് സിക്‌സസ്' എന്ന പേരാണ് സിനിമക്ക് നല്‍കിയിരിക്കുന്നത്.

Tags:    

Similar News