52 പദ്ധതികള്‍, 7.2 ബില്യണ്‍ ദിര്‍ഹം നിക്ഷേപം - നേട്ടത്തിന്റെ 15 വര്‍ഷം ആഘോഷിച്ച് ഷാര്‍ജ നിക്ഷേപവികസന അതോറിറ്റി

Update: 2025-05-14 12:42 GMT

ഷാര്‍ജയുടെ വളര്‍ച്ചയില്‍ നിര്‍ണായകമായ നിക്ഷേപങ്ങളുടെയും വികസനത്തിന്റെയും തൊഴിലവസര സൃഷ്ടിയുടെയും കണക്കുകള്‍ പുറത്ത് വിട്ട് ഷാര്‍ജ നിക്ഷേപവികസന അതോറിറ്റി (ഷുറൂഖ്). ഷാര്‍ജയുടെ വിവിധഭാ?ഗങ്ങളിലുള്ള 52 പദ്ധതികളിലൂടെ 60 ദശലക്ഷം ചതുരശ്ര അടിയി ഭൂമി വികസിപ്പിക്കുകയും ഇതിനായി 7.2 ബില്യണ്‍ ദിഹര്‍ ചെലവഴിക്കുകയും ചെയ്തു. മൂന്ന് വന്‍കിട റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍, 18 വിനോദകേന്ദ്രങ്ങള്‍, 10 ഹോസ്പിറ്റാലിറ്റി പദ്ധതികള്‍, 7.7 കിലോമീറ്റര്‍ ബീച്ച് വികസനം എന്നിവ ഇതുവരെയായി പൂര്‍ത്തിയാക്കി. നേരിട്ടും അല്ലാതെയുമായി സ്വദേശികളും വിദേശികളുമടക്കം 5,000 പേര്‍ക്ക് തൊഴില്‍ നല്‍കി. സ്ഥാപിതമായി 15 വര്‍ഷം പൂര്‍ത്തീകരിക്കുന്ന വേളയിലാണ് ഷുറൂഖിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ വിശദറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

വികസനത്തിന്റെ പേരില്‍ കൂടുതല്‍ വ്യാപിപ്പിക്കുക എന്നതിലപ്പുറം തദ്ദേശീയരും പ്രവാസികളുമായ ജനങ്ങള്‍ക്ക് ഒരേപോലെ അടുപ്പം തോന്നുന്നതും ആസ്വദിക്കാനുമാവുന്ന വിനോദകേന്ദ്രങ്ങള്‍, സുസ്ഥിരവികസന ആശയങ്ങളില്‍ ഊന്നിയുള്ള റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍, കലയെയും സാംസ്‌കാരികപ്രവര്‍ത്തനങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രങ്ങള്‍, എമിറാത്തി പാരമ്പര്യവും ചരിത്രവും സംരക്ഷിക്കാനുള്ള പ്രത്യേക ദൗത്യങ്ങള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്നതാണ് ഷുറൂഖിന്റെ വികസനകാല്‍പ്പാടുകള്‍.

ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സില്‍ അം?ഗവുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദ്ദേശങ്ങളിലും ആശയങ്ങളിലുമൂന്നിയാണ് ഷുറൂഖിന് ഈ നേട്ടം കൈവരിക്കാനായാതെന്ന് ഷുറൂഖ് ചെയര്‍പേഴ്‌സണ്‍ ഷെയ്ഖ ബുദൂര്‍ ബിന്‍ത് സുല്‍ത്താന്‍ അല്‍ ഖാസിമി പറഞ്ഞു. 'ഷാര്‍ജയുടെ ഭൂപ്രകൃതിയിലും ഇവിടത്തെ മനുഷ്യരുടെ ജീവിതചുറ്റുപാടുകളിലും ഒരേപോലെ മാറ്റമുണ്ടാക്കിയിട്ടുള്ള, സാമ്പത്തികസുസ്ഥിരതയോടൊപ്പം തന്നെ സാംസ്‌കാരിവൈവിധ്യവും സമ്മേളിക്കുന്നതാണ് ഷുറൂഖിന്റെ പദ്ധതികള്‍. ഓരോ പദ്ധതിയും അവശേഷിപ്പിക്കുന്ന കയ്യൊപ്പുകള്‍ രാജ്യാന്തരതലത്തിലുള്ള ഷാര്‍ജയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. വികസനക്കണക്കുകള്‍ക്ക് അപ്പുറം ഓരോ പദ്ധതിയും മൂല്യവത്തായിരിക്കണമെന്നും വരുന്ന തലമുറകള്‍ക്ക് കൂടി ഉപകാരപ്പെടുന്നതാവണമെന്നുമുള്ള വികസനകാഴ്ചപ്പാടില്‍ ഊന്നിയുള്ള പ്രവര്‍ത്തനമാണ് ഷുറൂഖിന്റെ വിജയം'- ഷെയ്ഖ ബുദൂര്‍ ബിന്‍ത് സുല്‍ത്താന്‍ അല്‍ ഖാസിമി പറഞ്ഞു.

ആരംഭം തൊട്ടുതന്നെ നിക്ഷേപകേന്ദ്രീകൃതമായ വികസന അതോറിറ്റി എന്നതിലപ്പുറം വേറിട്ട കാഴ്ചപ്പാടുകള്‍ മുന്നോട്ട് വയ്ക്കാന്‍ ഷുറൂഖിന് ആയിട്ടുണ്ടെന്ന് ഷുറൂഖ് സിഈഓ ഹിസ് എക്‌സലന്‍സി അഹമ്മദ് അല്‍ ഖസീര്‍ പറഞ്ഞു -'സാമ്പത്തികവും സാമൂഹ്യവും സാംസ്‌കാരികവുമായ മൂല്യങ്ങള്‍ സമ്മേളിക്കുന്നു എന്നതാണ് ഷുറൂഖിന്റെ നേതൃത്വത്തിലുള്ള വികസനപ്രവര്‍ത്തനങ്ങളുടെ സവിശേഷത. ഈ നാടിന്റെ മൂല്യങ്ങളും ഇവിടുത്തെ മനുഷ്യരുമാണ് എല്ലാത്തിന്റെയും ജീവന്‍. ഷാര്‍ജ ഭരണാധികാരിയില്‍ നിന്ന് പകര്‍ന്നുകിട്ടിയ ഈ മൂല്യം ഞങ്ങളൊരുക്കിയ ഓരോ പദ്ധതിയിലും പ്രതിഫലിക്കുന്നുണ്ട്.

ഷെയ്ഖ ബുദൂറിന്റെ പിന്തുണയോടെ, വൈവിധ്യവും സുസ്ഥിരവുമായ വികസനമാതൃകകള്‍ മുന്നോട്ട് വയ്ക്കാനും അത് കൃത്യതയോടെ പൂര്‍ത്തീകരിക്കാനും ഊര്‍ജം പകരുന്നതും ഈ കാഴ്ചപാടാണ്. കഴിഞ്ഞ കാലങ്ങളില്‍ ഷാര്‍ജയുടെ സാമൂഹ്യവും സാമ്പത്തികവുമായ ചുറ്റുപാടുകളില്‍ ഷുറൂഖ് നടത്തിയ അത്തരം ഇടപെടലുകളുടെ ഫലമാണ് ഇപ്പോഴത്തെ ഈ നേട്ടങ്ങളെല്ലാം' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഖോര്‍ഫക്കാന്‍ ബീച്ച്, അല്‍ ഹീറ ബീച്ച്, അല്‍ മജാസ് വാട്ടര്‍ഫ്രണ്ട്, അല്‍ ഖസ്ബ, അല്‍ മുന്‍തസ പാര്‍ക്ക്, ഫ്‌ലാ?ഗ് ഐലന്‍ഡ്, കല്‍ബ ബീച്ച് എന്നിങ്ങനെ, ഷാര്‍ജയുടെ വിനോദസഞ്ചാര മേഖലയില്‍ വലിയ മാറ്റങ്ങളുണ്ടാക്കിയ 18 വിനോദ പദ്ധതികള്‍ ഷുറൂഖിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ടിട്ടുണ്ട്. 870 ദശലക്ഷം ദിര്‍ഹം ചെലവഴിച്ചാണ് ഈ പദ്ധതികളൊരുക്കിയത്. കലാ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും അതിലൂന്നിയുള്ള വിനോദസഞ്ചാരവും പ്രോത്സാഹിപ്പിക്കാനായി 447 ദശലക്ഷം ചെലവഴിച്ച് അല്‍ നൂര്‍ ഐലന്‍ഡ്, ഹാര്‍ട്ട് ഓഫ് ഷാര്‍ജ, മറായ ആര്‍ട് സെന്റര്‍ എന്നീ കേന്ദ്രങ്ങളുമൊരുക്കി. വായനയും ചരിത്രവും സാഹസിക വിനോദസഞ്ചാരവുമെല്ലാം സമ്മേളിക്കുന്ന മെലീഹ ദേശീയോദ്യാനം, ഹൗസ് ഓഫ് വിസ്ഡം ലൈബ്രറി എന്നിവയും ഷുറൂഖിന്റെ നേട്ടങ്ങളുടെ പട്ടികയിലുള്ളതാണ്.

മറിയം ഐലന്‍ഡ്, ഷാര്‍ജ സസ്‌റ്റൈനബിള്‍ സിറ്റി, അജ്‌വാന്‍ ഖോര്‍ഫക്കാന്‍ എന്നിങ്ങനെ മൂന്ന് പ്രധാനപ്പെട്ട റിയല്‍ എസ്റ്റേറ്റ് പദ്ധതികളിലായി 5 ബില്യണ്‍ ദിര്‍ഹം നിക്ഷേപമാണ് ഷുറൂഖ് നടത്തിയിട്ടുള്ളത്. 98 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഈ പദ്ധതികളില്‍ നിന്നുള്ളവര്‍ ഇതില്‍ വീടുകള്‍ വാങ്ങിയിട്ടുണ്ട്. വിനോദസഞ്ചാരവും ആതിഥേയത്വവും സമ്മേളിക്കുന്ന 'ഷാര്‍ജ കലക്ഷന്‍' എന്ന ഹോസ്പിറ്റാലിറ്റി പദ്ധതിയുടെ ഭാ?ഗമായി 10 പദ്ധതികളാണ് 850 ദശലക്ഷം ദിര്‍ഹം ചെലവഴിച്ച് ഒരുക്കിയിട്ടുള്ളത്. നജ്ദ് അല്‍ മഖ്‌സര്‍, കിങ് ഫിഷര്‍ റിട്രീറ്റ്, അല്‍ ബദായര്‍, അല്‍ ഫായ റിട്രീറ്റ്, അല്‍ റയാഹീന്‍, ചെടി അല്‍ ബെയ്ത് തുടങ്ങിയ പദ്ധതികളിലേറെയും നിരവധി രാജ്യാന്തര അം?ഗീകാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.

വികസനഭൂപടത്തില്‍ ഷാര്‍ജയെ തിളക്കത്തോടെ അടയാളപ്പെടുത്തുന്നതോടൊപ്പം പ്രവാസികളടക്കമുള്ളവര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഷുറൂഖിന് സാധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നേരിട്ടും അല്ലാതെയുമായി ഇതുവരെ 5000 പേര്‍ക്ക് തൊഴില്‍ നല്‍കാനായി. ഈ വര്‍ഷം പൂര്‍ത്തീകരിക്കാനൊരുങ്ങി നില്‍ക്കുന്ന ഹോസ്പ്പിറ്റാലിറ്റി പദ്ധതികള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ തൊഴിലവസരങ്ങള്‍ ഇനിയും വര്‍ദ്ധിക്കുമെന്നാണ് കരുതപ്പെടുന്നത്.

കഴിഞ്ഞ 15 വര്‍ഷത്തെ ഷുറൂഖിന്റെ പ്രധാന നേട്ടങ്ങള്‍, ചുരുക്കത്തില്‍:

- 52 പദ്ധതികളിലായി 7.2 ബില്യണ്‍ ദിര്‍ഹം നിക്ഷേപം

- 60 ദശലക്ഷം ചതുരശ്ര അടി ഭൂമിയില്‍ വികസനം

- 3 പ്രധാന റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍, 10 ഹോസ്പിറ്റാലിറ്റി സംരംഭങ്ങള്‍, 18 റീട്ടെയില്‍ -വിനോദ പദ്ധതികള്‍

- 7.7 കിലോമീറ്റര്‍ ബീച്ച് വികസനം

- റിയല്‍ എസ്റ്റേറ്റ് പങ്കാളിത്തങ്ങളില്‍ മാത്രം 5 ബില്യണ്‍ ദിര്‍ഹം

- 2018 മുതല്‍ 2024 വരെ റിയല്‍ എസ്റ്റേറ്റ് വില്‍പ്പനയില്‍ 48.9% സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക് (CAGR)

- നേരിട്ടും അല്ലാതെയുമായി 5,000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചു

Similar News