ഈദുല്‍ ഫിത്വര്‍ ആഘോഷിക്കാനൊരുങ്ങി ഷാര്‍ജ
ആഘോഷപൂര്‍വം ഈദുല്‍ ഫിത്വര്‍ ആഘോഷിക്കാനൊരുങ്ങുകയാണ് ഷാര്‍ജ. സന്ദര്‍ശകര്‍ക്കും താമസക്കാര്‍ക്കുമെല്ലാം ഒരുപോലെ ആസ്വദിക്കാവുന്ന നിരവധി കലാപരിപാടികളും വര്‍ക്ക് ഷോപ്പുകളും ഷാര്‍ജയിലെ വിവിധ വിനോദകേന്ദ്രങ്ങളില്‍ ഈദ് അവധി ദിനങ്ങളില്‍ സംഘടിപ്പിക്കപ്പെടുന്നുണ്ട്.
അല്‍ മജാസ് വാട്ടര്‍ഫ്രണ്ട്
കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന പ്രത്യേക കലാപരിപാടികളാണ് ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച് ഷാര്‍ജ അല്‍മജാസ് വാട്ടര്‍ഫ്രണ്ടില്‍ ഒരുങ്ങുന്നുണ്ട്. വൈകുന്നേരം 7 മുതല്‍ 12 വരെ കോമാളിവേഷങ്ങള്‍ കെട്ടിയ കലാപ്രകടനങ്ങള്‍, തനൂറ സം?ഗീതം, മാസ്‌കോട്ട്, തത്സമയ ബാന്‍ഡ് സം?ഗീതം എന്നിവ അരങ്ങേറും. പ്രത്യേക വിന്റര്‍ മാര്‍ക്കറ്റും ഇവിടെ പ്രവര്‍ത്തിക്കും. പ്രവേശനം സൗജന്യമാണ്.
അല്‍ഹീറ ബീച്ച്, ഖോര്‍ഫക്കാന്‍ ബീച്ച്
പ്രത്യേക നൂര്‍ മാസ്‌കോട്ട് പ്രകടനം, നിയോണ്‍ ബബിള്‍ ഷോ, തെരുവ് സര്‍ക്കസ് എന്നിവയാണ് അല്‍ ഹീറ ബീച്ചിലും ഖോര്‍ഫക്കാന്‍ ബീച്ചിലും ഒരുങ്ങുന്നത്. മാര്‍ച്ച് 20, 21, 22 തീയതികളില്‍ വൈകുന്നേരം 5 മുതല്‍ രാത്രി 10 വരെ ഈ പ്രകടനങ്ങളുണ്ടാവും. പ്രവേശനം സൗജന്യമാണ്.
കേക്ക് പെയിന്റിങ്, ബാ?ഗ് - കോഫീ കപ്പ് പെയിന്റിങ്ങ് എന്നിങ്ങനെ ബീച്ചിലെ കഫേകളുമായി സഹകരിച്ച് നിരവധി വര്‍ക്ക്‌ഷോപ്പുകളും ഈ ദിവസങ്ങളില്‍ സംഘടിപ്പിക്കുന്നുണ്ട്.
അല്‍ നൂര്‍ ഐലന്‍ഡ്
നഗരമധ്യത്തിലെ പച്ചത്തുരുത്തായി അറിയപ്പെടുന്ന അല്‍ നൂര്‍ ഐലന്‍ഡിലും ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച് പ്രത്യേക പരിപാടികളുണ്ടാവും. ഫേസ് പെയിന്റിങ്, ചിത്രരചനാ - കളറിങ് വര്‍ക്ക് ഷോപ്പുകള്‍ എന്നിവയ്ക്ക് പുറമെ, വന്നെത്തുന്ന അതിഥികള്‍ക്ക് പോപ്‌കോണ്‍, പഞ്ഞിമിട്ടായി എന്നിവയും സൗജന്യമായി നുണയാം.
അല്‍ ഖസ്ബ
പ്രത്യേക അലങ്കാരവിളക്കുകളും റസ്റ്ററന്റുകളുമെല്ലാമായി റമളാന്‍ രാവുകളില്‍ സജീവമായ അല്‍ ഖസ്ബയില്‍ സമാനമായ സജ്ജീകരണങ്ങളാണ് ഈദിന്റെ അവധിയിലും സന്ദര്‍ശകരെ കാത്തിരിക്കുന്നത്. പ്രത്യേക പോപ് അപ്പ് മാര്‍ക്കറ്റും കഫേകളും ക്ലൗണ്‍ പ്രകടനങ്ങളുമെല്ലാം അവധി ദിനങ്ങളില്‍ അല്‍ ഖസ്ബയിലുണ്ടാവും.
മെലീഹ നാഷണല്‍ പാര്‍ക്ക്, അല്‍ മുന്‍തസ പാര്‍ക്ക്, ഹാര്‍ട്ട് ഓഫ് ഷാര്‍ജ തുടങ്ങിയ മറ്റ് വിനോദകേന്ദ്രങ്ങളും പെരുന്നാള്‍ അവധിക്കെത്തുന്ന സന്ദര്‍ശകര്‍ക്കായി ഒരുങ്ങിയിട്ടുണ്ട്. സംഘര്‍ഷങ്ങളുടെ വാര്‍ത്തകള്‍ക്കിടയിലും സുരക്ഷിതത്വത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവും പ്രതീക്ഷയും പകരുന്നതാണ് ഷാര്‍ജയുടെയും, യുഎഇയുടെ തന്നെയും, ഇത്തരം പ്രഖ്യാപനങ്ങളും പ്രവര്‍ത്തനങ്ങളും.
