മെലീഹ നാഷണല്‍ പാര്‍ക്കിന്റെ സംരക്ഷണവേലി നിര്‍മാണമാരംഭിച്ചു
ഷാര്‍ജയില്‍ പുതുതായി പ്രഖ്യാപിച്ച മെലീഹ നാഷണല്‍ പാര്‍ക്കിന്റെ സംരക്ഷണവേലിയുടെ നിര്‍മാണം ആരംഭിച്ചു. ഷാര്‍ജ നിക്ഷേപ വികസന അതോറിറ്റിയുടെ (ഷുറൂഖ്) നേതൃത്വത്തില്‍ 34.2 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലായി ഒരുങ്ങുന്ന ദേശീയോദ്യാനത്തിലെ പ്രകൃതിദത്തവും ചരിത്രപരവുമായ അപൂര്‍വകാഴ്ചകള്‍ സംരക്ഷിക്കാനും സന്ദര്‍ശനങ്ങള്‍ നിയന്ത്രിക്കാനുമാണ് പുതിയ നിര്‍മാണം. ഷാര്‍ജ പബ്ലിക് വര്‍ക്ക് ഡിപാര്‍ട്‌മെന്റിന്റെ നേതൃത്വത്തിലുള്ള നിര്‍മാണപ്രവൃത്തികള്‍ ഈ വര്‍ഷം അവസാനപാദത്തോടെ പൂര്‍ത്തിയാകും.
യുഎഇയിലെയും മേഖലയിലെയും തന്നെ ഏറ്റവും പഴക്കം ചെന്ന പുരാവസ്തുശേഷിപ്പുകള്‍ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് മെലീഹ. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കച്ചവടപാതകളും സാംസ്‌കാരികവിനിമയങ്ങളും കൊട്ടാരങ്ങളുമെല്ലാം ഇവിടെ ഖനനം ചെയ്തു കണ്ടെത്തിയിട്ടുണ്ട്. അപൂര്‍വയിനം പക്ഷികളും സസ്യങ്ങളും കാണപ്പെടുന്ന പ്രദേശം വിനോദസഞ്ചാരത്തിനും പ്രശസ്തമാണ്. പ്രദേശത്തിന്റെ ചരിത്രപൈതൃകവും സംരക്ഷിക്കാനും സുസ്ഥിരമാതൃകയിലൂന്നിയ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനുമായി കഴിഞ്ഞ മെയ് മാസമാണ് ഷാര്‍ജ ഭരണാധികാരി പ്രത്യേക ഉത്തരവിലൂടെ മെലീഹ നാഷണല്‍ പാര്‍ക്ക് പ്രഖ്യാപിച്ചത്.
''ഈ പ്രദേശത്തിന്റെ സാംസ്‌കാരികവും പ്രകൃതിദത്തവുമായ പാരമ്പര്യത്തിന്റെ ജീവിച്ചിരിക്കുന്ന തെളിവാണ് മെലീഹ. കൃത്യമായ നിയന്ത്രണങ്ങളും സംരക്ഷണവേലിയും ഉറപ്പുവരുത്തുന്നതിലൂടെ, പകരം വയ്ക്കാനില്ലാത്തെ ഈ പ്രകൃതിവിഭവങ്ങളും ചരിത്രശേഷിപ്പുകളും വരാനിരിക്കുന്ന തലമുറകള്‍ക്ക് വേണ്ടി കൂടി കരുതിവയ്ക്കുകയാണ് ചെയ്യുന്നത്''- ഷാര്‍ജ നിക്ഷേപ വികസന അതോറിറ്റി (ഷുറൂഖ്) സിഈഓ അഹ്മദ് ഒബൈദ് അല്‍ ഖസീര്‍ പറഞ്ഞു. ''സംരക്ഷണവേലി കെട്ടുന്നതിലൂടെ നിയന്ത്രണങ്ങള്‍ മാത്രമല്ല ലക്ഷ്യം വയ്ക്കുന്നത്, പകരം കൂടുതല്‍ സുസ്ഥിരവും കേന്ദ്രീകൃതവുമായ വിനോദസഞ്ചാര മാതൃകകള്‍ അവതരിപ്പിക്കാനാണ്. ഇതുവഴി പ്രദേശവാസികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സമ്പദ് വ്യവസ്ഥയ്ക്ക് ഉണര്‍വേകാനുമാവും'' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വന്യജീവികളെയും സസ്യജാലങ്ങളെയും പൂര്‍ണമായി സംരക്ഷിക്കാനുള്ള 'കോര്‍ കണ്‍സര്‍വേഷന്‍ സോണ്‍', പ്രകൃതിക്ക് കോട്ടം തട്ടാത്ത വിധമുള്ള വിനോദസഞ്ചാരപ്രവൃത്തികളും താമസസൗകര്യങ്ങളുമുള്ള 'ഇക്കോ ടൂറിസം സോണ്‍', സംരക്ഷണത്തിന്റെയും സുസ്ഥിരമാതൃകകളുടെയും സമ്മേളനമായ 'ഹൈബ്രിഡ് സോണ്‍' എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായിട്ടാണ് മെലീഹ നാഷണല്‍ പാര്‍ക്ക് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.
അറിവും വിനോദവും സമ്മേളിക്കുന്ന നിരവധി അനുഭവങ്ങള്‍ ഒരുക്കുന്ന മെലീഹ നാഷണല്‍ പാര്‍ക്കില്‍ ഗവേഷണ അവസരങ്ങളുമുണ്ടാവും. മേഖലയുടെ ചരിത്രത്തിലും പ്രകൃതിസവിശേഷതകളിലും ?ഗവേഷണം നടത്തുന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമെല്ലാം കൂടുതല്‍ അവസരങ്ങള്‍ നല്‍കുക വഴി, മെലീഹയുടെ ചരിത്രവും പാരമ്പര്യവും സംരക്ഷിക്കുകയാണ് ലക്ഷ്യം.ഏതാണ്ട് രണ്ടു ലക്ഷം വര്‍ഷത്തിലേറെ പഴക്കമുള്ള, ലോകത്തിലെ തന്നെ ഏറ്റവും ആദ്യത്തെ മനുഷ്യകുടിയേറ്റങ്ങളിലൊന്നിന്റെ ചരിത്രശേഷിപ്പുകള്‍ കണ്ടെത്തിയിട്ടുള്ള മെലീഹ യുനെസ്‌കോയുടെ ലോകപൈതൃകപട്ടികയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
പ്രകൃതിയും പൈതൃകവും സംരക്ഷിക്കുന്നതോടൊപ്പം സുസ്ഥിരമാതൃകകള്‍ പിന്‍പറ്റുന്ന വിനോദസഞ്ചാര അനുഭവങ്ങളും ആതിഥേയത്വവും മെലീഹ ദേശീയോദ്യാനത്തിന്റെ ഭാ?ഗമാണ്. ചരിത്രകാഴ്ചകള്‍ അടുത്തു കാണാവുന്ന മെലീഹ ആര്‍ക്കിയോളജിക്കല്‍ സെന്റര്‍, മരുഭൂമിയിലെ ക്യാംപിങ് അനുഭവങ്ങളും സാഹസിക റൈഡുകളും വാനനിരീക്ഷണവും, ഇതിനു പുറമെ മരുഭൂമിയുടെ ആകാശക്കാഴ്ചകള്‍ കാണാന്‍ സൗകര്യമൊരുക്കുന്ന സ്‌കൈ അഡ്വഞ്ചേഴ്‌സ്, ആഡംബരവും ആതിഥേയത്വവും സമ്മേളിക്കുന്ന അല്‍ ഫായ റിട്രീറ്റ്, മൂണ്‍ റിട്രീറ്റ് എന്നീ ഹോട്ടലുകളും മെലീഹ നാഷണല്‍ പാര്‍ക്കിന്റെ അനുവദനീയ സോണുകളിലുണ്ടാവും.Mleiha National Park