ഷാര്‍ജ ഇന്റര്‍നാഷണല്‍ ഹെറിറ്റേജ് അവാര്‍ഡ് മലൈബാര്‍ ഫൗണ്ടേഷന്‍ സ്വീകരിച്ചു

Update: 2025-05-22 14:19 GMT

ഷാര്‍ജ : ഷാര്‍ജ ഭരണാധികാരി സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍-ഖാസിമിയുടെ മേല്‍നോട്ടത്തിലുള്ള ഷാര്‍ജ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെറിറ്റേജിന്റെ ഈ വര്‍ഷത്തെ ഹെറിറ്റേജ് അവര്‍ഡ് മര്‍കസ് നോളജ് സിറ്റിയിലെ മലൈബാര്‍ ഫൗണ്ടേഷന്‍ സ്വീകരിച്ചു. പൈതൃക സംരക്ഷണത്തിന് മികച്ച മാതൃകകള്‍ ഉണ്ടാക്കിയതാണ് മലൈബാറിനെ അവാര്‍ഡിന് അര്‍ഹമാക്കിയത്.

വിപുലമായ പദ്ധതികളോടെ പൗരണികമായ കൈയ്യെഴുത്ത് കൃതികളെ സംരക്ഷിക്കുക, വിവിധ അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ സഹകരണത്തോടെ അതിനൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഡിജിറ്റൈസ് ചെയ്യുകയും അവ സൗജന്യമായി ലഭ്യമാക്കുകയും ചെയ്യുന്ന മലൈബാറിന്റെ പദ്ധതി പരിഗണിച്ചത് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. മലൈബാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതൊരു ആഗോള അംഗീകാരം കൂടിയാണ്. ഷാര്‍ജയിലെ സെന്റര്‍ ഓഫ് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ കള്‍ച്ചറല്‍ ഹെറിറ്റേജില്‍ വെച്ച് നടന്ന പ്രത്യേക ചടങ്ങില്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍-ഖാസിമിയുടെ പ്രത്യേക ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിന്‍ ഹുമൈദ് അല്‍-ഖാസിമിയില്‍ നിന്ന് മലൈബാര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി, എക്സിക്യൂട്ടീവ് ഡയറക്ടര്‍ നൂറുദ്ധീന്‍ മുസ്തഫ നൂറാനി എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം സ്വീകരിച്ചു. ഷാര്‍ജ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെറിറ്റേജ് ചെയര്‍മാനും യു.എ.ഇയിലെ പ്രമുഖ സാഹിത്യകാരനുമായ ഡോ. അബ്ദുല്‍ അസീസ് അല്‍-മുസല്ലം തുടങ്ങി മറ്റു പ്രമുഖ വ്യക്തികള്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. പൈതൃക സംരക്ഷണത്തില്‍ മലൈബാറിന്റെ പ്രവര്‍ത്തനങ്ങള്‍ ലോകോത്തര നിലവാരം ഉള്ളതാണെന്നും ഇത്തരം പ്രവര്‍ത്തികള്‍ വലിയ മാതൃകയാണെന്നും അവാര്‍ഡ് സമിതി വിലയിരുത്തി.

Similar News