കുത്തനെ പതിക്കുന്ന മിസൈലുകളെ പ്രതിരോധിക്കുന്ന സേന; കണ്ടാൽ ഒർജിനൽ എന്നെ തോന്നുകയുള്ളൂ; എഐ ഉപയോഗിച്ച് വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിച്ച പത്ത് പ്രവാസികൾ അറസ്റ്റിൽ
ദുബായ്: യുഎഇയിലെ വിവിധ പ്രദേശങ്ങളിൽ വ്യോമാക്രമണങ്ങളും സ്ഫോടനങ്ങളും നടന്നുവെന്ന് വരുത്തിത്തീർക്കാൻ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) ഉപയോഗിച്ച് നിർമ്മിച്ച വ്യാജ ദൃശ്യങ്ങൾ ഉൾപ്പെടെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച പത്ത് വിദേശികളെ യുഎഇയിൽ അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ രണ്ട് ഇന്ത്യക്കാരും പാകിസ്താൻ, ഈജിപ്ത്, ഫിലിപ്പീൻസ് തുടങ്ങിയ വിവിധ രാജ്യങ്ങളിലെ പൗരന്മാരും ഉൾപ്പെടുന്നു.
യുഎഇ അറ്റോർണി ജനറൽ ഡോ. ഹമദ് സെയ്ഫ് അൽ ഷംസിയുടെ പ്രത്യേക ഉത്തരവിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രാജ്യത്തെ വ്യോമപ്രതിരോധ സംവിധാനങ്ങൾ മിസൈലുകളെ പ്രതിരോധിക്കുന്ന യഥാർത്ഥ ദൃശ്യങ്ങൾക്കൊപ്പം, പ്രധാന സ്ഥലങ്ങളിൽ സ്ഫോടനങ്ങളും വൻ തീപിടിത്തവും ഉണ്ടായതായി തോന്നിക്കുന്ന തരത്തിലുള്ള വ്യാജ ദൃശ്യങ്ങളും ഇവർ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി.
മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ മുതലെടുത്ത് ജനങ്ങൾക്കിടയിൽ ഭീതി പരത്താനും തെറ്റായ വിവരങ്ങൾ കൈമാറാനും പ്രതികൾ ബോധപൂർവം ശ്രമിച്ചതായി അധികൃതർ വ്യക്തമാക്കി. വിദേശ രാജ്യങ്ങളിൽ നടന്ന സംഭവങ്ങൾ യുഎഇയിലേതാണെന്ന് തെറ്റിദ്ധരിപ്പിക്കുകയും, കുട്ടികളുടെ വികാരങ്ങളെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള ദൃശ്യങ്ങൾ ഉപയോഗിക്കുകയും ചെയ്തതിലൂടെ പൊതുജനങ്ങളിൽ ആശങ്കയുണ്ടാക്കാനാണ് ഇവർ ശ്രമിച്ചത്. യഥാർത്ഥ പ്രതിരോധ ദൃശ്യങ്ങൾ പോലും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുന്നത് രാജ്യത്തിൻ്റെ പ്രതിരോധ രഹസ്യങ്ങൾ ശത്രുക്കൾക്ക് ചോരാനും ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകാനും കാരണമാകുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.