എമിറേറ്റിനെ ഏറ്റവും മനോഹരമായ നഗരമാക്കി മാറ്റുകയാണ് ലക്ഷ്യം; ഇതിലൂടെ ജീവിതനിലവാരം ഉയർത്തും; കൂടുതൽ വിനോദ സൗകര്യങ്ങളുമായി ദുബായ്

Update: 2026-02-22 16:25 GMT

ദുബായ്: താമസപ്രദേശങ്ങളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ദുബായ് മുനിസിപ്പാലിറ്റി ലെഹ്ബാബ് ഒന്ന്, നസ്വ, ലെഹ്ബാബ് രണ്ട് എന്നീ പ്രദേശങ്ങളിലെ വിനോദസൗകര്യങ്ങൾ വിപുലീകരിച്ചു. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശങ്ങൾക്ക് അനുസൃതമായി ദുബായിയെ ലോകത്തിലെ ഏറ്റവും മനോഹരമായ നഗരമാക്കി മാറ്റുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ വികസന പദ്ധതികൾ.

3,30,000 ചതുരശ്രയടി വിസ്തീർണത്തിലാണ് ഈ വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയത്. എല്ലാ പ്രായക്കാർക്കും അനുയോജ്യമായ കായിക സൗകര്യങ്ങൾ ഉൾപ്പെടെ നിരവധി പുതിയ വിനോദ പ്ലാസകൾ ഈ പ്രദേശങ്ങളിൽ ഒരുക്കിയിട്ടുണ്ട്. ഫുട്‌ബോൾ പിച്ചുകൾ, വോളിബോൾ കോർട്ടുകൾ, റണ്ണിങ് ട്രാക്കുകൾ, ബാസ്‌കറ്റ്‌ബോൾ കോർട്ടുകൾ, ഫിറ്റ്‌നസ് ഉപകരണങ്ങൾ, റബ്ബർ തറകളാൽ സജ്ജീകരിച്ച കുട്ടികളുടെ കളിസ്ഥലങ്ങൾ, പുതിയ ഇരിപ്പിടങ്ങൾ, നൂതന ലൈറ്റിങ് സംവിധാനങ്ങൾ, സ്മാർട്ട് നിരീക്ഷണ ക്യാമറകൾ എന്നിവയാണ് ഇവിടെ ഒരുക്കിയിരിക്കുന്ന പ്രധാന സൗകര്യങ്ങൾ. ഹരിതയിടങ്ങൾ വികസിപ്പിക്കുന്നതിനൊപ്പം സുരക്ഷാ നടപടികളും ശക്തിപ്പെടുത്തിയിട്ടുണ്ട്.

ദുബായ് മുനിസിപ്പാലിറ്റിയുടെ ഈ പദ്ധതി, യു.എ.ഇ.യുടെ 'കുടുംബവർഷ'ത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും നഗരപരിസ്ഥിതി മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള 'ദുബായ് 2040 പാർക്സ് ആൻഡ് എഫോറസ്‌ട്രേഷൻ സ്ട്രാറ്റജി'യുടെ ഭാഗമായും വലിയ സംഭാവനകൾ നൽകും. ജനങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കി പൊതുസൗകര്യങ്ങൾ രൂപകൽപ്പന ചെയ്യുന്നതിലൂടെ ജീവിതനിലവാരം വർധിപ്പിക്കാൻ ഇത്തരം പദ്ധതികൾ മുതൽക്കൂട്ടാകുമെന്ന് അധികൃതർ പറയുന്നു.

ജനക്ഷേമം വർധിപ്പിക്കുന്ന പൊതു വിനോദ ഇടങ്ങൾ വർധിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ മർവാൻ അഹമ്മദ് ബിൻ ഖലിദ അറിയിച്ചു. ദൈനംദിന ജീവിതത്തിൽ ഉപകാരപ്രദമാകുന്ന പാർക്കുകൾ, പൊതുയിടങ്ങൾ, വിനോദസൗകര്യങ്ങൾ എന്നിവയിലൂടെ ക്ഷേമവും ജീവിതനിലവാരവും പ്രോത്സാഹിപ്പിക്കാനാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാമൂഹിക ഇടപെടലുകളും കായിക സൗകര്യങ്ങളും പ്രോത്സാഹിപ്പിക്കുന്ന വിനോദ സൗകര്യങ്ങൾ ഒരുക്കുന്നതിലാണ് പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മുനിസിപ്പാലിറ്റിയിലെ പബ്ലിക് ഫെസിലിറ്റീസ് ഏജൻസി സി.ഇ.ഒ. ബദർ അൻവഹി വ്യക്തമാക്കി.

Tags:    

Similar News