രാജ്യത്തിന് നേരെ മിസൈൽ തൊടുത്തുവിട്ടാൽ ഫോണിൽ നിമിഷ നേരം കൊണ്ട് ആ സന്ദേശം എത്തും; എമർജൻസി അലർട്ട് വരുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം; മുന്നറിയിപ്പ് നൽകി ദുബായ്
ദുബായ്: ഫോണുകളിൽ ലഭിക്കുന്ന അടിയന്തര മുന്നറിയിപ്പ് സന്ദേശങ്ങളോട് എങ്ങനെ പ്രതികരിക്കണം എന്നതിനെക്കുറിച്ച് ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസ് പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. രാജ്യത്തെ ദേശീയ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ലഭിക്കുന്ന ഇത്തരം അലർട്ടുകൾ വരുമ്പോൾ പൊതുജനങ്ങൾ പരിഭ്രാന്തരാകാതെ സുരക്ഷിതരായിരിക്കാൻ സഹായിക്കുകയാണ് ഈ നിർദ്ദേശങ്ങൾ കൊണ്ട് ലക്ഷ്യമിടുന്നത്.
അലർട്ട് ലഭിച്ചാലുടൻ പരിഭ്രാന്തരാകാതെ ഏറ്റവും അടുത്തുള്ള സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക.യാത്ര തുടരുകയും ലക്ഷ്യസ്ഥാനത്ത് എത്തിയ ഉടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കുകയും ചെയ്യുക. റോഡിന് നടുവിൽ വാഹനം നിർത്തുന്നത് അപകടങ്ങൾക്ക് കാരണമായേക്കാം.
ജനലുകൾ, ബാൽക്കണികൾ, ഗ്ലാസ് പാനലുകൾ എന്നിവയിൽ നിന്ന് വിട്ടുനിൽക്കുക. കെട്ടിടത്തിന്റെ ഉൾഭാഗത്തുള്ള സുരക്ഷിതമായ സ്ഥലത്ത് 'ഓൾ ക്ലിയർ' (All Clear) സന്ദേശം ലഭിക്കുന്നതുവരെ തുടരുക.
അടിയന്തര സാഹചര്യങ്ങളിൽ ലിഫ്റ്റുകൾ ഉപയോഗിക്കാതെ ഗോവണികൾ ഉപയോഗിക്കുന്നതാണ് സുരക്ഷിതം.
വീഡിയോ ചിത്രീകരണം ഒഴിവാക്കുക: മുന്നറിയിപ്പ് ലഭിക്കുമ്പോൾ സാഹചര്യം പകർത്താൻ വീടിന് പുറത്തിറങ്ങുന്നതോ വാഹനങ്ങൾ നിർത്തി വീഡിയോ റെക്കോർഡ് ചെയ്യുന്നതോ കർശനമായി വിലക്കിയിട്ടുണ്ട്. ഇത് നിയമലംഘനമായി കണക്കാക്കുകയും ശിക്ഷാനടപടികൾ നേരിടേണ്ടി വരികയും ചെയ്യും. സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന ശബ്ദസന്ദേശങ്ങളോ വീഡിയോകളോ വിശ്വസിക്കരുത്. ഗവൺമെന്റ് ഏജൻസികളിൽ നിന്നുള്ള ഔദ്യോഗിക വിവരങ്ങൾ മാത്രം പിന്തുടരുക. യഥാർത്ഥ അടിയന്തര സാഹചര്യങ്ങളിൽ മാത്രം 999 എന്ന നമ്പറിൽ ബന്ധപ്പെടുക.
സമീപകാലത്ത് യുഎഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (NCEMA) അലർട്ട് ശബ്ദങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഉയർന്ന ടോണിലുള്ള അലർട്ട് ശബ്ദം ഉണ്ടാകും.ഉറക്കത്തിന് തടസ്സം വരാതിരിക്കാൻ സാധാരണ മെസ്സേജ് ടോണിലായിരിക്കും അലർട്ട് ലഭിക്കുക. ദുബായ് സുരക്ഷിതമാണെന്നും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ സംവിധാനങ്ങളും സജ്ജമാണെന്നും അധികൃതർ വ്യക്തമാക്കി.
