ജനങ്ങളെ ആവശ്യമില്ലാതെ തെറ്റിദ്ധരിപ്പിച്ച് പരിഭ്രാന്ത്രി പരത്തി; രാജ്യസുരക്ഷയെ അട്ടിമറിക്കാനും ശ്രമം; വ്യാജ പ്രചാരണം നടത്തിയ കേസിൽ 35 പേർ യുഎഇയിൽ അറസ്റ്റിൽ
യുഎഇ: യുഎഇ യിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ അറ്റോർണി ജനറലിന്റെ നേതൃത്വത്തിൽ കർശന നടപടികൾ ആരംഭിച്ചിരിക്കുകയാണ്. പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിൽ തെറ്റായ വിവരങ്ങൾ പങ്കുവെച്ച വിവിധ രാജ്യക്കാരായ 35 പേരെയാണ് നിലവിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിൽ 17 പേർ ഇന്ത്യക്കാരാണ് എന്നതും ശ്രദ്ധേയമാണ്.
പിടിയിലായവർ കൃത്രിമ ബുദ്ധി (AI) ഉപയോഗിച്ച് നിർമ്മിച്ച വീഡിയോകളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. മറ്റ് രാജ്യങ്ങളിലെ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ യുഎഇയിലേത് എന്ന പേരിൽ ഇവർ പ്രചരിപ്പിച്ചു. കൂടാതെ, യുഎഇയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളും കെട്ടിടങ്ങളും തകർക്കപ്പെടുന്ന രീതിയിലുള്ള വ്യാജ വീഡിയോകളും ഇക്കൂട്ടത്തിലുണ്ട്. ജനങ്ങൾക്കിടയിൽ ഭീതി പരത്താനും രാജ്യത്തിന്റെ സമാധാനാന്തരീക്ഷം തകർക്കാനും ഇത്തരം നീക്കങ്ങൾ കാരണമായെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
രാജ്യത്തെ ഡിജിറ്റൽ നിയമങ്ങൾ ലംഘിച്ച പ്രതികൾക്ക് കടുത്ത ശിക്ഷയാണ് കാത്തിരിക്കുന്നത്. കുറഞ്ഞത് ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കാം. 1 ലക്ഷം ദിർഹം വരെയാണ് പിഴയായി ഈടാക്കുക. അറസ്റ്റിലായവരെ അതിവേഗ വിചാരണയ്ക്ക് വിധേയമാക്കാൻ അറ്റോർണി ജനറൽ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ യുഎഇ സുരക്ഷാ ഏജൻസികൾ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. നേരത്തെ, ദൃശ്യങ്ങൾ ചിത്രീകരിച്ചതിനും നിയമവിരുദ്ധമായി പ്രചരിപ്പിച്ചതിനും അബുദാബി പോലീസ് 45 പേരെ അറസ്റ്റ് ചെയ്തിരുന്നു. സംഘർഷ സമയങ്ങളിൽ ഇത്തരം തെറ്റായ വാർത്തകൾ രാജ്യത്തിന്റെ സുരക്ഷയെയും സാമ്പത്തിക ഭദ്രതയെയും ബാധിക്കുമെന്നതിനാലാണ് വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി യുഎഇ മുന്നോട്ട് പോകുന്നത്.