ഡബ്ലിന്‍ സീറോ മലബാര്‍ സഭയ്ക്ക് നവ നേതൃത്വം; ജിമ്മി ആന്റണി ട്രസ്റ്റി സെക്രട്ടറി

Update: 2025-01-16 14:16 GMT

ഡബ്ലിന്‍ : ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ പുതിയ അത്മായ നേതൃത്വം ചുമതല ഏറ്റെടുത്തു. സീറോ മലബാര്‍ സഭയുടെ അയര്‍ലണ്ട് നാഷണല്‍ കോര്‍ഡിനേറ്റര്‍ ഫാ. ജോസഫ് ഓലിയക്കാട്ടിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ ഡബ്ലിന്‍ റീജിയണല്‍ കമ്മറ്റി യോഗത്തിലാണ് 2025 -26 വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്. യോഗത്തില്‍ ചാപ്ലിന്മാരായ ഫാ. സെബാന്‍ സെബാസ്റ്റ്യന്‍ വെള്ളാമത്തറ, ഫാ. ബൈജു ഡേവിസ് കണ്ണാംപള്ളി എന്നിവരും സംബന്ധിച്ചു.



 


ഡബ്ലിനിലെ ഒന്‍പത് കുര്‍ബാന സെന്ററുകളിലേയും, നാസ്, അത്തായി, നാവന്‍, ഡണ്‍ഡാല്‍ക്ക്, ദ്രോഗഡ കുര്‍ബാന സെന്ററുകളിലേയും കൈക്കാരന്മാരും, ഭക്തസംഘടനാ ഭാരവാഹികളും വൈദീകരും ഉള്‍പ്പെട്ട റീജിയണല്‍ കോര്‍ഡിനേഷന്‍ കമ്മറ്റിയാണ് അടുത്ത രണ്ടുവര്‍ഷക്കാലം ഡബ്ലിന്‍ സീറോ മലബാര്‍ സഭയെ നയിക്കുന്നത്.

2025-26 വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളായി ജിമ്മി ആന്റണി (ലൂക്കന്‍) - ട്രസ്റ്റി സെക്രട്ടറിയായും, ബെന്നി ജോണ്‍ (ബ്ലാഞ്ചാര്‍ഡ്സ്ടൗണ്‍) ട്രസ്റ്റി ഫിനാന്‍സ് ഇന്‍ ചാര്‍ജ്ജായും, റ്റോം തോമസ് (ബ്യൂമൗണ്ട്) ജോയിന്റ് സെക്രട്ടറിയായും, ജൂലി ചിരിയത്ത് (ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍) പി. ആര്‍. ഓ. ആയും തിരഞ്ഞെടുക്കപ്പെട്ടു.

ബിനുജിത്ത് സെബാസ്റ്റ്യന്റെയും, ജോബി ജോണിന്റേയും, ബിനോയ് ജോണിന്റേയും, ലിജി ലിജോയുടെയും നേത്യത്വത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷക്കാലം ഡബ്ലിനിലെ സഭയ്ക്ക് ആത്മീയവും ഭൗതീകവുമായി മികച്ച വളര്‍ച്ച നേടാന്‍ കഴിഞ്ഞു എന്ന് യോഗം വിലയിരുത്തി. ഈ കാലഘട്ടത്തില്‍ ഒട്ടേറെ പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞു, അതോടൊപ്പം ആത്മീയമായ ഒരു ഉണര്‍വ്വ് ഉണ്ടാക്കാനും സാധിച്ചു. ഈ ഉയര്‍ച്ചയ്ക്ക് നേത്യത്വം നല്‍കിയ ബഹു വൈദീകര്‍ക്കും എല്ലാ കമ്മറ്റി അംഗങ്ങള്‍ക്കും യോഗം കൃതജ്ഞത രേഖപ്പെടുത്തി. യൂറോപ്പിലെ വിശ്വാസ സമൂഹത്തിനു നേത്യത്വം നല്‍കുന്ന അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് പിതാവിനും, കോര്‍ഡിനേറ്റര്‍ ജനറല്‍ ഡോ.ക്ലമന്റ് പാടത്തിപ്പറമ്പിലിനും , അയര്‍ലണ്ടിലെ നാഷണല്‍ കോര്‍ഡിനേറ്റര്‍ ഫാ. ജോസഫ് ഓലിയക്കാട്ടിലിനും നന്ദിരേഖപ്പെടുത്തിയ യോഗം നാളിതുവരെ നയിച്ച എല്ലാ ചാപ്ലിന്മാരുടേയും, സേവനങ്ങളെ നന്ദിപൂര്‍വ്വം അനുസ്മരിച്ചു

Similar News