എനിക്കിനി നിന്നെ വേണ്ട..; നമുക്ക് പിരിയാം..!!; കാമുകിയുമായി ബ്രേക്കപ്പായ ദേഷ്യത്തിൽ വണ്ടി ഓടിക്കരുത്; എങ്കിൽ നിങ്ങളുടെ വാഹനത്തിന് വലിയ വില കൊടുക്കേണ്ടി വരും; അറിയാം..
ദേഷ്യത്തോടെയുള്ള വാഹനമോടിക്കൽ ഡ്രൈവർമാർക്ക് മാത്രമല്ല, റോഡിൽ സഞ്ചരിക്കുന്ന മറ്റുള്ളവർക്കും അപകടകരമാണെന്ന് കേരള മോട്ടോർ വാഹനവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ദേഷ്യം ഒരു വ്യക്തിയുടെ ചിന്താശേഷിയെയും വിവേകത്തോടെയുള്ള തീരുമാനങ്ങളെടുക്കാനുള്ള കഴിവിനെയും സാരമായി ബാധിക്കുന്നെന്നും ഇത് റോഡപകടങ്ങളിലേക്ക് നയിക്കുമെന്നും മോട്ടോർ വാഹനവകുപ്പ് ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചു.
ദേഷ്യത്തോടെ വാഹനമോടിക്കുന്നവർക്ക് സാമ്പത്തിക നഷ്ടങ്ങളുമുണ്ടാകുമെന്ന് അധികൃതർ വിശദീകരിക്കുന്നു. ഇത്തരം ഡ്രൈവർമാരുടെ വാഹനങ്ങളുടെ ഇന്ധനക്ഷമത കുറയുകയും ടയറുകൾ വേഗത്തിൽ തേഞ്ഞുതീരുകയും ചെയ്യും. നിർമ്മാതാക്കൾ പറയുന്ന കാലയളവിനുമുമ്പ് തന്നെ ക്ലച്ച് ഡിസ്ക്, ബ്രേക്ക് പാഡ്, ബ്രേക്ക് ലൈനർ തുടങ്ങിയ ഘടകങ്ങൾ കേടായിമാറാനും സാധ്യതയുണ്ട്. കൂടാതെ, സ്വന്തം വാഹനത്തിൻ്റെയും മറ്റുള്ളവരുടെ വാഹനങ്ങളുടെയും ബമ്പറുകൾ മാറ്റേണ്ടി വരുന്ന സാഹചര്യങ്ങളും ഉണ്ടാകാം.
ദേഷ്യം ഡ്രൈവിങ്ങിനെ അപകടകരമായ രീതിയിൽ സ്വാധീനിക്കുകയും റോഡ് റേജ്, അമിതവേഗത, സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് ശീലങ്ങൾ എന്നിവയിലേക്ക് നയിക്കുകയും ചെയ്യും. ദേഷ്യം കാരണം ശ്രദ്ധയും വിവേകവും നഷ്ടപ്പെട്ട്, അപകടകരമായ നീക്കങ്ങൾ നടത്തുന്നത് സ്വന്തം ജീവൻ മാത്രമല്ല, മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കും. മറ്റ് വാഹനങ്ങളെ മനഃപൂർവം ഉരസുക, അശ്രദ്ധമായി പാത മാറൽ, പെട്ടെന്ന് ബ്രേക്ക് ചെയ്യുക തുടങ്ങിയ പ്രവൃത്തികൾ അപകടങ്ങൾക്ക് കാരണമാകാം.
യാത്രയ്ക്കിടെ ദേഷ്യം തോന്നിയാൽ, വാഹനം സുരക്ഷിതമായ ഒരിടത്ത് നിർത്തി, ദീർഘമായി ശ്വാസമെടുത്ത് മനസ്സിനെ ശാന്തമാക്കാൻ മോട്ടോർ വാഹനവകുപ്പ് നിർദ്ദേശിക്കുന്നു.