ഹോണ്ട സിറ്റിയുടെ നിറം മാറ്റി; കാതടിപ്പിക്കുന്ന ശബ്ദത്തിൽ നിരത്തിലിറക്കി; ആക്സിലറേറ്റർ ഒന്ന് ആഞ്ഞ് ചവിട്ടിയാൽ സൈലന്‍സറില്‍ നിന്ന് തീ തുപ്പും; ബെംഗളൂരുവിൽ മലയാളി പയ്യന്റെ കാറിന് എട്ടിന്റെ പണി
ബെംഗളൂരു: നിയമവിരുദ്ധമായി കാറിൽ രൂപമാറ്റം വരുത്തി സൈലൻസറിൽ നിന്ന് തീ തുപ്പുന്ന രീതിയിലാക്കി നിരത്തിലിറങ്ങിയ മലയാളി എഞ്ചിനീയറിംഗ് വിദ്യാർത്ഥിക്ക് ബെംഗളൂരു യെലഹങ്ക ആർടിഒ 1,11,500 രൂപ പിഴ ചുമത്തി. കണ്ണൂർ സ്വദേശിയായ വിദ്യാർത്ഥിക്കെതിരെയാണ് കർശന നടപടിയുണ്ടായത്.
പുതുവത്സരാഘോഷങ്ങൾക്കായാണ് വിദ്യാർത്ഥി ബെംഗളൂരുവിലെത്തിയത്. ഇയാളുടെ 2002 മോഡൽ ഹോണ്ട സിറ്റി കാറിലാണ് സൈലൻസറിൽ നിന്ന് തീയും വലിയ ശബ്ദവും പുറത്തുവരുന്ന രീതിയിലുള്ള മാറ്റങ്ങൾ വരുത്തിയിരുന്നത്.
തീ തുപ്പുന്ന കാറിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഇത്തരത്തിലുള്ള അഭ്യാസ പ്രകടനങ്ങൾ കാൽനടയാത്രക്കാർക്കും മറ്റ് വാഹനയാത്രക്കാർക്കും വലിയ ഭീഷണിയാണെന്ന് പോലീസ് ചൂണ്ടിക്കാട്ടി.
ജനുവരി 2-ന് ഹെന്നൂർ ട്രാഫിക് പോലീസ് വാഹനം കസ്റ്റഡിയിലെടുക്കുകയും, തുടർന്ന് പിഴ ചുമത്തുന്നതിനായി ആർടിഒയ്ക്ക് കൈമാറുകയും ചെയ്യുകയായിരുന്നു. നിയമവിരുദ്ധമായ വാഹന രൂപമാറ്റങ്ങൾക്കെതിരെ അധികാരികൾ കർശന നിലപാട് സ്വീകരിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ സംഭവം.