കാലാപാനിക്ക് 30 വയസ്സ്: ഇന്ത്യന്‍ സിനിമയെ വിസ്മയിപ്പിച്ച മലയാളത്തിന്റെ ദൃശ്യഗോപുരം; ഗോവര്‍ദ്ധനും മുകുന്ദനും ഇന്നും മായാത്ത നൊമ്പരം! സഫീര്‍ അഹമ്മദ് എഴുതുന്നു
കാലാപാനിക്ക് 30 വയസ്സ്:
സഫീര്‍ അഹമ്മദ്
ഇന്ത്യ എന്ന മാതൃരാജ്യത്തിനു വേണ്ടി ബ്രിട്ടീഷുകാരില്‍ നിന്ന് പീഡനങ്ങള്‍ ഏറ്റ് വാങ്ങിയ, ജീവന്‍ ബലിയര്‍പ്പിച്ച, ചരിത്രത്തില്‍ രേഖപ്പെടുത്താതെ പോയ ഒരു കൂട്ടം ജനങ്ങളുടെ കഥ പറഞ്ഞ് അഭ്രപാളികളില്‍ ദൃശ്യ വിസ്മയം തീര്‍ത്ത ടി.ദാമോദരന്‍-പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ടീമിന്റെ കാലാപാനി എന്ന മികച്ച സിനിമ റിലീസായിട്ട് ഏപ്രില്‍ ആറിന്, ഇന്നേക്ക് 30 വര്‍ഷങ്ങള്‍
മലയാള സിനിമയിലെ ഏറ്റവും സാങ്കേതിക മികവ് ഉള്ള അഞ്ച് സിനിമകളില്‍ ഒന്ന് ഏതെന്ന് ചോദിച്ചാല്‍ അതില്‍ മുന്‍നിരയില്‍ തന്നെ 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് റിലിസായ പ്രിയദര്‍ശന്റെ കാലാപാനി ഉണ്ട്, തീര്‍ച്ച..മൈ ഡിയര്‍ കുട്ടിച്ചാത്തന് ശേഷം മലയാള സിനിമ എന്ന ചെറിയ ഇന്‍ഡസ്ട്രിക്ക് സാങ്കേതിക മികവ് ഉള്ള ഒരു മികച്ച സിനിമ സംഭാവന ചെയ്യാന്‍, അത് മലയാള പതിപ്പിന് ഒപ്പം തന്നെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ഒരേ സമയം റിലീസ് ചെയ്യാന്‍ സാധിക്കും എന്ന് ഇന്ത്യന്‍ സിനിമയ്ക്ക് കാണിച്ച് കൊടുത്ത സിനിമ കൂടിയാണ് പ്രിയദര്‍ശന്റെ കാലാപാനി....
മലയാള സിനിമ പ്രേക്ഷകര്‍ മോഹന്‍ലാലിനെ നായകനായി ഏറ്റവും കൂടുതല്‍ കാണാന്‍ ആഗ്രഹിച്ചിട്ടുള്ളത്, ഇപ്പോഴും ആഗ്രഹിക്കുന്നത് പ്രിയദര്‍ശന്റെ സിനിമകളിലാണ്.. പ്രിയദര്‍ശന്‍ സിനിമകളിലെ മോഹന്‍ലാല്‍, അത് കണ്ണിന് കുളിര്‍മ നല്കുന്ന ഒരു കാഴ്ച്ച തന്നെയാണ്, ഒരിക്കലും മലയാളിക്ക് മടുക്കാത്ത കാഴ്ച്ചകളിലൊന്ന്.. മോഹന്‍ലാലിലെ താരത്തെക്കാള്‍ മികച്ച നടന് ഉജജ്വല പെര്‍ഫോമന്‍സ് നടത്താന്‍ ഉള്ള ഒട്ടനവധി സീനുകളാല്‍ സമ്പന്നമായിരുന്നു ഗോവര്‍ദ്ധന്‍ എന്ന കഥാപാത്രം..ഗോവര്‍ദ്ധന്റെ പ്രണയവും വിരഹവും രാജ്യസ്‌നേഹവും നിസ്സഹായതയും പ്രതികാരവും ഒക്കെ അതീവ സൂക്ഷമതയോടെ, മനോഹരമായിട്ടാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചിരിക്കുന്നത്..
പ്രിയദര്‍ശന്‍, മലയാള സിനിമയില്‍ പ്രേക്ഷകരെ ഇത്രമാത്രം എന്റര്‍ടെയിന്‍ ചെയ്യിപ്പിച്ച ഒരു സംവിധായകന്‍ വേറെ ഉണ്ടാകില്ല എന്ന് പറയാം..പ്രേക്ഷകര്‍ക്ക് എന്താണ് വേണ്ടത്, അവരെ എങ്ങനെ കൈയിലെടുക്കാം, അതിലുപരി മോഹന്‍ലാലിനെ പേക്ഷകര്‍ക്ക് തിരശ്ശീലയില്‍ എങ്ങനെ കാണാനാണ് ഇഷ്ടം എന്ന് വ്യക്തമായിട്ട് അറിയാവുന്ന സംവിധായകന്‍ ആണ് പ്രിയദര്‍ശന്‍..കോമഡി സിനിമകള്‍ തുടരെ ചെയ്തിരുന്ന സംവിധായകന്‍ തന്നെയാണ് 1915 ലെ ആന്‍ഡമാന്‍ ജയില്‍പുള്ളികളുടെ കഥ പറഞ്ഞ കാലാപാനി എന്ന സീരിയസ് സിനിമ ഇത്ര മികച്ച രീതിയില്‍ അവതരിപ്പിച്ചത് എന്നത് എടുത്ത് പറയേണ്ട കാര്യമാണ്..ഏത് ജോണറിലുള്ള സിനിമയും പ്രിയദര്‍ശന്‍ എന്ന സംവിധായകന്റെ കൈകളില്‍ ഭദ്രമാണ് എന്ന് ഒരിക്കല്‍ കൂടി അടിവരയിട്ട് കാലാപാനി തെളിയിച്ചു..
കാലാപാനിയില്‍ ഒട്ടനവധി ഹൃദയസ്പര്‍ശിയായ രംഗങ്ങളുണ്ട്.. കപ്പലില്‍ വെച്ച് വസൂരി രോഗം വന്നവരെ വെടി വെച്ച് കൊല്ലുന്നതും അത് ഗോവര്‍ദ്ധനും മറ്റുള്ളവരും നിസ്സഹായതോടെ നോക്കി നില്ക്കുന്ന രംഗം, ജയില്‍ ചാടിയതിന് ശിക്ഷ ഏറ്റ് വാങ്ങി പ്രഭുവിന്റെ മുകുന്ദന്‍ സെല്ലില്‍ വന്ന് കമിഴ്ന്ന് കിടന്ന് പാത്രത്തില്‍ നിന്ന് കഞ്ഞി കുടിക്കുന്നതും അത് കണ്ട് വേദനയോടെ ഗോവര്‍ദ്ധന്‍ ജയിലഴികളില്‍ തലയടിക്കുന്ന രംഗം, തിയേറ്ററില്‍ കൈയ്യടികള്‍ നിറഞ്ഞ ''an Indian's back is not a foot board'' എന്ന് ഗോവര്‍ദ്ധന്‍ കളക്ടര്‍ സായിപ്പിനോട് പറയുന്ന രംഗം, ചെമ്പൂവേ ഗാനരംഗം, ഗോവര്‍ദ്ധനെ പോലീസ് ട്രെയിനില്‍ കൊണ്ട് പോകുമ്പോള്‍ പാര്‍വ്വതി ട്രെയിനിന്റെ ജനലഴികളില്‍ പിടിച്ച് കരയുന്ന രംഗം, ആ രംഗത്തിലെ തബ്ബുവിന്റെ പ്രകടനം എടുത്ത് പറയേണ്ടതാണ്..
കാലാപാനിയില്‍ പ്രേക്ഷകരുടെ മനസിനെ ഏറെ പിടിച്ചുലച്ച രംഗമാണ് മിര്‍സ ഖാന്റെ ഷൂ വൃത്തിയാക്കാന്‍ ഗോവര്‍ദ്ധനോട് ആവശ്യപ്പെടുന്ന രംഗം..കൈ കൊണ്ടല്ല നാക്ക് കൊണ്ട് ഷൂ വൃത്തിയാക്കാന്‍ മിര്‍സ ഖാന്‍ ആജ്ഞാപിക്കുമ്പോള്‍ ഗോവര്‍ദ്ധന്റെ മുഖത്ത് മിന്നി മറയുന്ന നിസ്സഹായതയുടെയും വേദനയുടെയും അമര്‍ഷത്തിന്റെയും ലാല്‍ ഭാവങ്ങള്‍ പ്രേക്ഷകരുടെ കണ്ണുകളില്‍ നനവ് പടര്‍ത്തി..ജയില്‍ ചാടാന്‍ ശ്രമിച്ചവരെയെല്ലാം കൂട്ടക്കൊല ചെയ്യുന്നതും അതിന് ശേഷം അവരെയെല്ലാം വലിയ ചിതയിലേയ്ക്ക് വലിച്ച് എറിയുന്നതും ഒക്കെ കാലാപാനിയിലെ ഹൃദയഭേദകമായ രംഗങ്ങളാണ്..ജയില്‍ ചാടിയ ശേഷം വിശപ്പ് താങ്ങാനാകാതെ പരമാനന്ദ് എന്ന കഥാപാത്രം മണ്ണ് വാരി തിന്നാന്‍ ശ്രമിക്കുന്നതും അതിന് ശേഷം മറ്റൊരു സഹതടവുകാരനെ കൊന്ന് ഭക്ഷിക്കുന്നതുമായ രംഗമാണ് കാലാപാനിയില്‍ പ്രേക്ഷകരെ ഏറ്റവും കൂടുതല്‍ അമ്പരപ്പിച്ചതും നൊമ്പരപ്പെടുത്തിയതും...വിശപ്പിന്റെ കാഠിന്യത്താല്‍ സ്വന്തം കൂട്ടുകാരനെ കൊന്ന് പച്ച മാംസം ഭക്ഷിക്കുന്ന മനുഷ്യന്റെ അവസ്ഥ കാണുന്ന ഗോവര്‍ദ്ധന്റെ അമ്പരപ്പും അറപ്പും സങ്കടവും എല്ലാം മോഹന്‍ലാല്‍ അഭിനന്ദനാര്‍ഹമായ രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്..മുകുന്ദനെ രക്ഷിക്കുന്നതായി ജയില്‍ ചാടിയതിന്റെ ഉത്തരവാദിത്വം ഗോവര്‍ദ്ധന്‍ സ്വയം ഏറ്റെടുക്കുന്നതും അതിന്റെ ശിക്ഷ ഏറ്റ് വാങ്ങിയ ശേഷം സെല്ലിലേക്ക് പോലീസുകാര്‍ കൊണ്ട് വന്നിടുന്നതും എഴുന്നേറ്റ് നടക്കാന്‍ ആകാതെ ഗോവര്‍ദ്ധന്‍ വീഴുന്നതുമൊക്കെ കാലാപാനിയിലെ മറ്റൊരു മികച്ച രംഗമാണ്..മുകുന്ദനെ കൊല്ലാനായി പോലീസ് കൂട്ടി കൊണ്ട് പോകുമ്പോള്‍ തിരിഞ്ഞ് നിന്ന് ഗോവര്‍ദ്ധനോട് അവസാന യാത്ര പറയുന്ന രംഗം പ്രഭു വളരെ മനോഹരമായി തന്നെ അവതരിപ്പിച്ചു.. മുകുന്ദന്‍ കൊല്ലപ്പെട്ടത് അറിഞ്ഞ് ജയിലഴികളില്‍ പിടിച്ച് ഗോവര്‍ദ്ധന്‍ കരയുന്നത് മറ്റൊരു ഹൃദയസ്പര്‍ശിയായ രംഗമാണ്..ക്ലൈമാക്‌സില്‍ മിര്‍സ ഖാനെ കൊന്നതിന് ശേഷം ഗോവര്‍ദ്ധന്റെ ഒരു ഭാവം ഉണ്ട്,വര്‍ണനാതീതമാണ് അതൊക്കെ..
തിയേറ്ററില്‍ വന്‍ കൈയടികള്‍ സൃഷ്ടിച്ച മറ്റൊരു രംഗമായിരുന്നു ഗോവര്‍ദ്ധന്‍ ഡോക്ടര്‍ ഹട്ടനോടും ഭാര്യയോടും ഇന്ത്യയെ കുറിച്ച് പറഞ്ഞ് തര്‍ക്കിക്കുന്നതും 'there will be a day' ഡയലോഗും..
എന്ത് കൊണ്ടാണ് മോഹന്‍ലാല്‍ മറ്റ് നടന്മാരില്‍ നിന്നും വ്യത്യസ്തനാകുന്നത് അല്ലെങ്കില്‍ അവരെക്കാള്‍ ഒക്കെ ഒരുപാട് മികച്ച നില്ക്കുന്നത്? കാലാപാനിയിലെ മേല്‍പ്പറഞ്ഞ രംഗങ്ങളിലെ തന്നെ അതി മനോഹരമായ അഭിനയ മുഹൂര്‍ത്തങ്ങള്‍ ഈ ചോദ്യത്തിനുള്ള ഉത്തരം നല്കുമെങ്കിലും അതിന്റെ ശരിയായ ഉത്തരം താഴെ പറയുന്ന കാലാപാനിയിലെ വളരെ സാധാരണം എന്ന് തോന്നുന്ന ഒരു രംഗം തരും,ഗോവര്‍ദ്ധന്‍ സെല്ലില്‍ വെച്ച് പാണ്ഡ്യന്‍ എന്ന പത്രപ്രവര്‍ത്തകനെ പരിചയപ്പെടുന്ന രംഗം...സംസാരത്തിനിടയില്‍ സ്വരാജ് എന്ന പത്രത്തിന്റെ എഡിറ്റര്‍മാരില്‍ ഒരാളാണ് പാണ്ഡ്യന്‍ എന്ന് അറിയുമ്പോള്‍ ആകാംക്ഷ കലര്‍ന്ന ഗോവര്‍ദ്ധന്റെ ഭാവ വ്യത്യാസം, ഒപ്പം ഓരൊ സംഭാഷണങ്ങളിലും മുഖത്ത് മിന്നി മറയുന്ന സന്തോഷത്തിന്റെയും ബഹുമാനത്തിന്റെയും ഭാവങ്ങള്‍, ഗംഭീരമാണത്..സൂക്ഷമാഭിനയത്തിന്റെ പൂര്‍ണതയാണ് ഇത്തരം രംഗങ്ങളില്‍ മോഹന്‍ലാല്‍ പ്രേക്ഷകര്‍ക്കായി സമ്മാനിക്കുന്നത്,ഇത് തന്നെയാണ് മോഹന്‍ലാല്‍ ഏറ്റവും വലിയ പ്രത്യേകതയും..
മലയാള സിനിമയില്‍ റിലീസിന് മുമ്പ് ഏറ്റവും കൂടുതല്‍ ഹൈപ്പ് ഉണ്ടായിട്ടുള്ളത്, അല്ലെങ്കില്‍ ഒരു സിനിമയുടെ റിലീസിനായി പ്രേക്ഷകര്‍ ഒന്നടങ്കം അക്ഷമരായി കാത്തിരുന്നിട്ടുള്ളത് ഏത് സിനിമയ്ക്ക് വേണ്ടിയാണ് എന്ന് ചോദിച്ചാല്‍ അത് കാലാപാനി എന്ന പ്രിയന്‍-ലാല്‍ സിനിമയ്ക്ക് വേണ്ടിയാണ് എന്ന് മോഹന്‍ലാലിന്റെ 80 കളിലെയും 90 കളിലെയും സിനിമകള്‍ കണ്ട് വളര്‍ന്ന എന്റെ തലമുറ നിസംശയം പറയും..
സോഷ്യല്‍ മീഡയയും ഫാന്‍സ് അസോസിയേഷനും ഒന്നും ഇല്ലാത്ത കാലത്താണ് ഈ ഹൈപ്പ് ഉണ്ടായത് എന്ന് കൂടി ഓര്‍ക്കണം..1995 ക്രിസ്തുമസ് റിലീസായിട്ടാണ് കാലാപാനി ആദ്യം ചാര്‍ട്ട് ചെയ്തിരുന്നത്, പിന്നീടത് 1996 ഏപ്രില്‍ മാസത്തിലേക്ക് മാറ്റി..റിലീസിന് മുമ്പ് തന്നെ മികച്ച നടന്‍ ഉള്‍പ്പെടെ 1995 ലെ സംസ്ഥാന അവാര്‍ഡുകള്‍ കാലാപാനി തൂത്ത് വാരിയത്,ഒപ്പം അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷം ഉണ്ടായ വിവാദങ്ങള്‍ ഒക്കെ സിനിമ പ്രേമികളുടെ കാലാപാനിയെ കുറിച്ചുള്ള പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തി..
ഒരു സിനിമയ്ക്ക് വേണ്ടി കേരളത്തിലെ ഒട്ടുമിക്ക A ക്ലാസ് തിയേറ്ററുകളിലെയും സൗണ്ട് സിസ്റ്റം നവീകരിക്കുക എന്നത് അന്ന് വളരെ കൗതുകം ഉണര്‍ത്തുന്ന വാര്‍ത്തയായിരുന്നു..അതെ,കാലാപാനിക്ക് വേണ്ടിയാണ് കേരളത്തിലെ മിക്ക തിയേറ്ററുകളിലും ഡോല്‍ബി സൗണ്ട് സിസ്റ്റം കൊണ്ട് വന്നത്...പ്രിയദര്‍ശന്‍-സന്തോഷ് ശിവന്‍ ടീമിന്റെ ഒന്നിനൊന്ന് മനോഹരമായ ഫ്രെയിമുകള്‍ക്ക് ഒപ്പം ദീപന്‍ ചാറ്റര്‍ജിയുടെ മികവുറ്റ ശബ്ദലേഖനവും ഇളയരാജയുടെ പശ്ചാത്തല സംഗീതവും ഡോല്‍ബി സൗണ്ട് സിസ്റ്റത്തില്‍ ഒഴുകി എത്തിയപ്പോള്‍ പ്രേക്ഷകര്‍ക്കത് പുതിയ അനുഭവമായി..കാലാപാനി എന്ന സിനിമ തിയേറ്റര്‍ എക്‌സ്പീരിയന്‍സ് ചെയ്യാന്‍ പറ്റിയവരാണ് ശരിക്കും പറഞ്ഞാല്‍ ഭാഗ്യം ചെയ്ത സിനിമ പ്രേക്ഷകര്‍..
മലയാളത്തിന് പുറമെ തമിഴ്,തെലുങ്ക്,ഹിന്ദി ഭാഷകളില്‍ കൂടി കാലാപാനി മൊഴി മാറ്റി റിലീസ് ചെയ്തു,അതും സ്വപ്നതുല്യമായ പ്രീ റിലീസ് പ്രൊമോഷന്‍ കിട്ടി കൊണ്ട് തന്നെ..
1996 ല്‍ ഏറ്റവും വലിയ വിജയം നേടിയ സിനിമകളില്‍ ഒന്ന് കാലാപാനി ആയിരുന്നു, 5 റിലീസ് തിയേറ്ററുകളില്‍ 100+ ദിവസം,ഒപ്പം തമിഴ് പതിപ്പായ 'ശിറൈശാല'യും മികച്ച വിജയം നേടിയിരുന്നു..മലയാളത്തില്‍ നിന്നും ഒഴിവാക്കിയ 'കൊട്ടും കുഴല്‍ വിളി' എന്ന പാട്ട് തമിഴ് പതിപ്പ് ശിറൈശാലയില്‍ ഉള്‍പ്പെടുത്തിയിരുന്നു...
1995 ലെ 5 നാഷണല്‍ അവാര്‍ഡകളും 7 സംസ്ഥാന അവാര്‍ഡുകളും കാലാപാനിക്ക് ലഭിച്ചിരുന്നു..കാലാപാനിയിലെ പെര്‍ഫോമന്‍സിന് 1995 ലെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് മോഹന്‍ലാല്‍ നേടിയിരുന്നു..മികച്ച നടനുള്ള നാഷണല്‍ മല്‍സരത്തിന്റെ അവസാന റൗണ്ടില്‍ കാലാപാനിയിലെ പ്രകടത്തിന് മോഹന്‍ലാല്‍ ഉണ്ടായിരുന്നുവെങ്കിലും കിരീടത്തിലെയും സദയത്തിലെയും അതി ഗംഭീര പെര്‍ഫോമന്‍സുകള്‍ മുന്‍ വര്‍ഷങ്ങളില്‍ തഴയപ്പെട്ടത് പോലെ തന്നെ വീണ്ടും നിര്‍ഭാഗ്യം മോഹന്‍ലാലിനെ പിന്‍തുടര്‍ന്നു..
1995-96 കാലഘട്ടത്തില്‍ മലയാള സിനിമയിലെ ഏറ്റവും വലിയ ബഡ്ജറ്റില്‍ നിര്‍മ്മിച്ച സിനിമയാണ് കൂടിയാണ് കാലാപാനി..ഒന്നൊന്നര കോടി രൂപയ്ക്ക് സൂപ്പര്‍ സ്റ്റാര്‍ സിനിമകള്‍ നിര്‍മ്മിച്ചിരുന്ന കാലത്താണ് കാലാപാനി നാലഞ്ച് കോടി രൂപയോളം ചെലവിട്ട് മോഹന്‍ലാല്‍ നിര്‍മ്മിച്ചത്,കൂടെ ഗുഡ്‌നൈറ്റ് മോഹനും ഉണ്ടായിരുന്നു നിര്‍മ്മാണ പങ്കാളിയായി..
കാലാപാനിയുടെ ഹിന്ദി പതിപ്പിന്റെ( Saza-e-Kalapani')റൈറ്റ്‌സ് അമിതാഭ് ബച്ചന്റെ ABCL കമ്പിനി ഒരു കോടി രൂപയ്ക്ക് സ്വന്തമാക്കിയത് അക്കാലത്ത് വലിയ വാര്‍ത്തയായിരുന്നു..
കാലാപാനിയെ കുറിച്ച് പറയുമ്പോള്‍ എടുത്ത് പറയേണ്ട കാര്യം അല്ലെങ്കില്‍ അതിശയിപ്പിക്കുന്ന കാര്യം,ഈ സിനിമ ചിത്രീകരിക്കാന്‍ പ്രിയദര്‍ശന് 60 ദിവസങ്ങള്‍ പോലും വേണ്ടി വന്നില്ല എന്നുള്ളതാണ്..
മണിരത്‌നം കാലാപാനിയെ കുറിച്ച് ഒരിക്കല്‍ ഒരു മാഗസിനില്‍ പറഞ്ഞത് 'ഞാനായിരുന്നു ഈ സിനിമ എടുത്തതെങ്കില്‍ ഒരു വര്‍ഷത്തിലധികം വേണ്ടി വരുമായിരുന്നു ചിത്രീകരണം പൂര്‍ത്തികരിക്കാന്‍' എന്നാണ്..
ടി ദാമോദരന്റെയും പ്രിയദര്‍ശന്റെയും മികച്ച തിരക്കഥ,പ്രിയദര്‍ശന്റെ സംവിധാന മികവ്, സന്തോഷ് ശിവന്റെ ഛായാഗ്രാഹണം,സാബു സിറിളിന്റെ കലാസംവിധാനം, ഇളയരാജയുടെ മികച്ച ഗാനങ്ങളും പശ്ചാത്തസംഗീതവും,പ്രധാന നടീനടന്മാരുടെ മികച്ച പെര്‍ഫോമന്‍സുകളും ഒക്കെ കാലാപാനിയെ കൂടുതല്‍ മികവുറ്റതാക്കി,എന്നും ഓര്‍ക്കാവുന്ന, അഭിമാനിക്കാവുന്ന ഒരു സിനിമയാക്കി മാറ്റി....
1996 ഏപ്രില്‍ 6 ന് എറണാകുളം കവിത തിയേറ്ററില്‍ നിന്നും ആദ്യ ദിവസം ആദ്യ ഷോ കണ്ടതാണ് ഞാന്‍ കാലാപാനി..കൊടുങ്ങല്ലര്‍ ശ്രീകാളിശ്വരി തിയേറ്ററില്‍ റിലീസ് ഉണ്ടായിരുന്നിട്ട് കൂടി ഡോള്‍ബി സിസ്റ്റത്തില്‍ ആദ്യമായി സിനിമ കാണാന്‍ വേണ്ടിയാണ് കവിത തിയേറ്ററിലേയ്ക്ക് ഞങ്ങള്‍ പത്ത് പേരോളം അടങ്ങുന്ന സംഘം രാവിലെ 6.30 ന് കൊടുങ്ങല്ലൂരില്‍ നിന്ന് എറണാകുളത്തേക്ക് ബസ് കയറിയത്..രാവിലെ 6.30 ന് തന്നെ ശ്രീകാളീശ്വരി തിയേറ്റര്‍ കോമ്പൗണ്ട് നിറഞ്ഞ് കവിഞ്ഞിരുന്നു..കവിത തിയേറ്ററിലെ അന്നത്തെ മാനേജര്‍ എന്റെ കസിന്റെ അടുത്ത ബന്ധു ആയിരുന്നത് കൊണ്ട് ടിക്കറ്റ് ഒക്കെ നേരത്തെ തന്നെ പറഞ്ഞ് ഉറപ്പിച്ചിരുന്നു..എന്നിലെ സിനിമ ആസ്വാദകന് പൂര്‍ണ സംതൃപ്തി നല്കിയ കാലാപാനി നാല് പ്രാവശ്യം തിയേറ്ററില്‍ നിന്ന് തന്നെ കണ്ടിട്ടുണ്ട്..ഗോവര്‍ദ്ധനും മുകുന്ദനും മറ്റ് തടവ്ക്കാരും ഏറ്റ് വാങ്ങിയ പീഡനങ്ങളും യാതനകളും ഒപ്പം ഗോവര്‍ദ്ധനന്റെയും പാര്‍വ്വതിയുടെയും പ്രണയവും വിരഹവും ഒക്കെ ഇന്നും ഒരു നൊമ്പരമായി വിങ്ങലായി മനസില്‍ അവശേഷിക്കുന്നു..
താളവട്ടത്തിലൂടെ,ചിത്രത്തിലൂടെ,ആര്യനിലൂടെ,കിലുക്കത്തിലൂടെ,അഭിമന്യുവിലൂടെ, തേന്മാവിന്‍ കൊമ്പത്തിലൂടെ, ചന്ദ്രലേഖയിലൂടെ,കാലാപാനിയിലൂടെ, അങ്ങനെ മുപ്പതിലധികം സിനിമകളിലൂടെ സഞ്ചരിച്ച് പ്രിയന്‍-ലാല്‍ കൂട്ടുക്കെട്ട് അവസാനം എത്തിയത് പ്രേക്ഷകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരുന്ന മരക്കാറിലാണ്..എന്നാല്‍ നിരാശ മാത്രമാണ് മരക്കാര്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്..അതിന് ശേഷം പല കോണുകളില്‍ നിന്നും പ്രിയന്‍-ലാല്‍ കൂട്ടുക്കെട്ടിനെ നിശിതമായി വിമര്‍ശിക്കുന്നതും എഴുതി തള്ളുന്നതും ഒക്കെ കണ്ടിരുന്നു..
തീര്‍ച്ചയായും മരക്കാര്‍ വിമര്‍ശനം അര്‍ഹിക്കുന്നു എന്നതില്‍ തര്‍ക്കമില്ല..മലയാള സിനിമയുടെ ചരിത്രത്തില്‍ തങ്ക ലിപികളാല്‍ ആലേഖനം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടായിരുന്ന ഒരു സിനിമയായിരുന്നു മരക്കാര്‍..എന്നാല്‍ കെട്ടുറപ്പില്ലാത്ത തിരക്കഥയും അലസമായ ചിത്രീകരണവും കാരണം ശരാശരി നിലവാരത്തില്‍ പോലും എത്താതെ ഒതുങ്ങി പോയി ആ സിനിമ..എന്നിരുന്നാലും പ്രിയന്‍-ലാല്‍ കൂട്ടുക്കെട്ടിനെ അങ്ങനെ എഴുതി തള്ളാന്‍ സാധിക്കില്ല..പണ്ട് കടത്തനാടന്‍ അമ്പാടി ഇറങ്ങിയപ്പോഴും മരക്കാര്‍ വന്നപ്പോള്‍ ഉണ്ടായ പോലെ പ്രിയന്‍-ലാല്‍ കൂട്ടുക്കെട്ടിന്റെ കാലം കഴിഞ്ഞു എന്നൊക്കെ പറഞ്ഞ് വലിയ വിമര്‍ശനങ്ങളും ആഘോഷങ്ങളും ഉണ്ടായിരുന്നു..ആ വിമര്‍ശനങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും പ്രിയന്‍-ലാല്‍ കൂട്ടുക്കെട്ട് മറുപടി കൊടുത്തത് മലയാള സിനിമയിലെ എക്കാലത്തെയും വലിയ ബ്ലോക്ബസ്റ്ററായ കിലുക്കത്തിലൂടെയാണ്..അന്ന് സംഭവിച്ച പോലെ തന്നെ പ്രിയന്‍-ലാല്‍ കൂട്ടുക്കെട്ട് വീണ്ടുമൊരു മികച്ച സിനിമയുമായി,അതും പ്രിയദര്‍ശന്റെ നൂറാമത് സിനിമയിലൂടെ തിരിച്ച് വരുമെന്ന് നമുക്ക് പ്രത്യാശിക്കാം..
