ഇവനെ ഒന്ന് കണ്ടിച്ച് കുറച്ച് നേരം വച്ചാൽ മുഖം മങ്ങും..; മുറിച്ച ആപ്പിളിന്റെ നിറം മാറാതിരിക്കാൻ ഇതാ കുറച്ച് പൊടിക്കൈകൾ; അറിയാം..
മുറിച്ചതിന് ശേഷം ആപ്പിളിന്റെ നിറം പെട്ടെന്ന് മങ്ങുന്നത് സാധാരണയായി കാണാറുണ്ട്. എൻസൈമാറ്റിക് പ്രതിപ്രവർത്തനം മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. കഴിക്കാൻ സുരക്ഷിതമാണെങ്കിലും നിറം മാറിയ ആപ്പിൾ കഴിക്കാൻ പലർക്കും താല്പര്യമുണ്ടാവില്ല. ഈ നിറംമാറ്റം തടയാൻ വീട്ടിൽ ലഭ്യമായ ചില മാർഗ്ഗങ്ങൾ പ്രയോജനപ്പെടുത്താം.
ഏറ്റവും ലളിതമായ മാർഗ്ഗം മുറിച്ച ആപ്പിൾ തണുത്ത വെള്ളത്തിൽ അല്പനേരം മുക്കിവയ്ക്കുക എന്നതാണ്. ഇത് എൻസൈമാറ്റിക് പ്രതിപ്രവർത്തനത്തെ മന്ദഗതിയിലാക്കുകയും നിറം മങ്ങുന്നത് ഒരു പരിധി വരെ തടയുകയും ചെയ്യും. എന്നാൽ ആപ്പിൾ പൂർണ്ണമായി വെള്ളത്തിൽ മുങ്ങിക്കിടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
കൂടുതൽ ദിവസം കേടാകാതിരിക്കാൻ ഉപ്പുജലം ഉപയോഗിക്കാം. തണുത്ത വെള്ളത്തിൽ അര ടീസ്പൂൺ ഉപ്പ് ചേർത്ത് അതിൽ മുറിച്ച ആപ്പിൾ ഏകദേശം 10 മിനിറ്റ് നേരം വെച്ച ശേഷം തണുത്ത വെള്ളത്തിൽ കഴുകിയെടുത്താൽ മതി.
നാരങ്ങനീരും ഇതിനൊരു പരിഹാരമാണ്. തണുത്ത വെള്ളത്തിൽ അല്പം നാരങ്ങനീര് ചേർത്ത മിശ്രിതത്തിൽ മുറിച്ച ആപ്പിൾ 10 മിനിറ്റ് വെച്ച ശേഷം കഴുകിയെടുക്കാം. ഇത് ഒരു ദിവസം മുഴുവനും ആപ്പിളിന്റെ നിറം മങ്ങാതെ സംരക്ഷിക്കാൻ സഹായിക്കും.
ഇതുപോലെ പ്രയോജനപ്പെടുത്താവുന്ന മറ്റൊന്നാണ് തേൻ. തണുത്ത വെള്ളത്തിൽ ഒരു ടേബിൾസ്പൂൺ തേൻ ചേർത്ത് അതിൽ മുറിച്ച ആപ്പിൾ 10 മിനിറ്റ് വെച്ച ശേഷം കഴുകിയെടുക്കാം. തേനിലടങ്ങിയിരിക്കുന്ന സംയുക്തങ്ങൾ ആപ്പിളിന്റെ നിറം മാറ്റം തടയാൻ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.