വെറും ഗ്യാസ് ആണെന്ന് കരുതി അവഗണിക്കല്ലേ..; ഉദരത്തിലെ അര്‍ബുദത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ അറിയാം; ചികിത്സ വൈകരുതെന്നും ഡോക്ടർമാർ
ആഗോളതലത്തിൽ അതിവേഗം വർധിച്ചുവരുന്ന ഉദര കാൻസർ പലപ്പോഴും സാധാരണ ദഹനക്കേടായി തെറ്റിദ്ധരിക്കപ്പെടാം. രോഗം ഗുരുതരാവസ്ഥയിലെത്തിയ ശേഷം തിരിച്ചറിയുന്നത് നിരവധിപേരുടെ ജീവഹാനിക്കു കാരണമാകുന്നു. നേരത്തെയുള്ള രോഗനിർണയം അതിജീവന നിരക്ക് ഗണ്യമായി വർദ്ധിപ്പിക്കാൻ സഹായിക്കും.
ദഹനക്കേട് സാധാരണയായി ഭക്ഷണം കഴിച്ച ശേഷം വയറ്റിലുണ്ടാകുന്ന അസ്വസ്ഥത, വയറുവീർപ്പ്, ഓക്കാനം എന്നിവയായാണ് അനുഭവപ്പെടുന്നത്. ജീവിതശൈലിയിൽ വരുത്തുന്ന മാറ്റങ്ങളിലൂടെയോ ലഘുവായ മരുന്നുകളിലൂടെയോ ഇത് പരിഹരിക്കാനാകും. എന്നാൽ, ഉദര കാൻസർ ഗുരുതരമായ ആരോഗ്യപ്രശ്നമാണ്. ഹെലികോബാക്റ്റർ പൈലോറി അണുബാധ, പുകവലി, അമിതമായ മദ്യപാനം തുടങ്ങിയ കാരണങ്ങളാൽ ഇത് സംജാതമാകാം.
രോഗത്തിന്റെ പ്രാരംഭ ഘട്ടങ്ങളിൽ ആമാശയ കാൻസറിന്റെ ലക്ഷണങ്ങൾ ദഹനക്കേടുമായി സാമ്യമുള്ളതായിരിക്കും. എന്നാൽ, രോഗം പുരോഗമിക്കുമ്പോൾ, ഇടയ്ക്കിടെയുള്ള ഛർദ്ദി, ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ ഗൗരവമേറിയ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടേക്കാം. ദഹനക്കേടും കാൻസറും ഒരുപോലെ തോന്നാമെങ്കിലും, കാൻസർ ലക്ഷണങ്ങളുടെ തുടർച്ച, അവയുടെ കാഠിന്യം, സാധാരണ ചികിത്സകളോട് പ്രതികരിക്കാത്ത അവസ്ഥ എന്നിവ ഇവയെ വേർതിരിച്ചറിയാൻ സഹായിക്കും.