ചക്കപ്പഴവും മാമ്പഴവും മുന്തിരിയുമൊക്കെ പ്രശ്‌നക്കാരാണോ? അമിതമായാല്‍ ക്യാന്‍സറിലേക്ക് പോലും എത്തിക്കുമെന്ന് അമേരിക്കയിലെ ഗവേഷകന്‍; ഫ്രാക്ടോസ് ഏറ്റവും കൂടുതല്‍ മാമ്പഴത്തില്‍; ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും വാദം

ചക്കപ്പഴവും മാമ്പഴവും മുന്തിരിയുമൊക്കെ പ്രശ്‌നക്കാരാണോ?

Update: 2025-03-11 09:43 GMT

ചക്കപ്പഴവും മാമ്പഴവും മുന്തിരിയും കഴിക്കാന്‍ ഇഷ്ടമില്ലാത്തവരായി ആരുണ്ട്. ദഹനത്തിനും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും എല്ലാം തന്നെ പഴങ്ങള്‍ ഏറെ ഫലപ്രദമാണ്. എന്നാല്‍ നമ്മള്‍ സ്ഥിരമായി കഴിക്കുന്ന ഈ പഴങ്ങള്‍ ആരോഗ്യത്തിന് വലിയ ഭീഷണി ഉയര്‍ത്തും എന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. അമേരിക്കയിലെ ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ ഗവേഷകനായ ഡോ. നിക്ക് നോര്‍വിറ്റ്സാണ് ഇക്കാര്യം ശാസ്ത്ര ലോകത്തെ അറിയിക്കുന്നത്.

ചില പഴങ്ങളിലെ പഞ്ചസാരയുടെ തോത് നമ്മുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുമെന്നും ചിലപ്പോള്‍ അത് ക്യാന്‍സറിലേക്ക് പോലും

എത്തിക്കുമെന്നുമാണ് ഡോ.നിക്ക് ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഇക്കാര്യം ഇനിയും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. മാമ്പഴം. ചക്ക,മുന്തിരി

എന്നീ പഴങ്ങളെയാണ് അപകടകാരികള്‍ എന്ന് അദ്ദേഹം വിശേഷിപ്പിക്കുന്നത്. ഈ മൂന്ന് പഴങ്ങളിലും പ്രകൃതിദത്ത പഞ്ചസാരയായ ഫ്രാക്ടോസ്

വലിയ തോതില്‍ അടങ്ങിയിട്ടുണ്ട് എന്നാണ് ഡോ.നിക്ക് പറയുന്നത്.

ഇത് മറ്റ് പഴങ്ങളെ അപേക്ഷിച്ച് ചെറുകുടലിനേയും കരളിനേയും ഒരു പോലം ദോഷകരമായി ബാധിക്കുമെന്നാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്. പഴങ്ങള്‍ പ്രകൃതി വിഭവങ്ങളാണ് എന്നത് കൊണ്ട് തന്നെ ആരോഗ്യകരമാണെന്നും കരുതുന്നത് ഇതിനെ ലളിതവത്ക്കരിക്കുന്നതാണെന്നാണ് ഗവേഷകര്‍ പറയുന്നത്. മാമ്പഴത്തിലാണ് ഏറ്റവും ഉയര്‍ന്ന അളവില്‍ ഫ്രാക്ടോസ് ഉള്ളത്. ഒരു മാമ്പഴത്തില്‍ 30 ഗ്രാം

ഫ്രാക്ടോസ് ഉള്ളപ്പോള്‍ ഒരു ആപ്പിളില്‍ ഇത് 12.5 ഗ്രാം മാത്രമാണ് ഉള്ളത്. ഫ്രക്ടോസിന്റെ അമിതമായ ഉപയോഗം പൊണ്ണത്തടിക്കും കുടല്‍ ക്യാന്‍സറിനും കാരണമായേക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്.

പഠനത്തിന്റെ ഭാഗമായി എലികള്‍ക്ക് ഫ്രക്ടോസ് കോണ്‍ സിറപ്പ് നല്‍കിയിരുന്നു. പിന്നീട് പരിശോധിച്ചപ്പോള്‍ ഈ എലികളുടെ ഭാരവും കൊഴുപ്പും വന്‍ തോതില്‍ വര്‍ദ്ധിച്ചതായി കണ്ടെത്തിയിരുന്നു. എന്നാല്‍ 2014 ല്‍ നടത്തിയ ഒരു പഠനത്തില്‍ ശരീരഭാരം

വര്‍ദ്ധിക്കുന്നതിന് ആവശ്യമായ പ്രത്യേക ഘടകങ്ങള്‍ ഇല്ല എന്നാണ് കണ്ടെത്തിയിരുന്നത്.

അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്, മാമ്പഴത്തില്‍ 20-ലധികം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ടെന്നാണ്. ഇതില്‍ ഉയര്‍ന്ന അളവിലുള്ള വിറ്റാമിന്‍ എ, സി, നാരുകള്‍, 'വന്‍കുടല്‍ കാന്‍സര്‍ പ്രതിരോധിക്കല്‍, ഹൃദ്രോഗം, ഭാരം നിയന്ത്രണം എന്നിവയ്ക്ക് ഗുണം ചെയ്യുന്ന നിരവധി ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു.

പഴങ്ങളില്‍ ഉയര്‍ന്ന തോതില്‍ നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍, മലവിസര്‍ജ്ജനത്തിനും ദഹനത്തിനും പഴങ്ങള്‍ പൊതുവെ ഗുണം ചെയ്യും. കൂടാതെ കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും, ആന്റിഓക്‌സിഡന്റുകള്‍ വഴി രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും, രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും സഹായിക്കുന്ന വിറ്റാമിനുകളും ഇതിലുണ്ട്. പഞ്ചസാര ചേര്‍ത്ത പാനീയങ്ങള്‍, സംസ്‌ക്കരിച്ച ഭക്ഷണം, സോഡ, മിഠായികള്‍ തുടങ്ങിയ പാലുല്‍പ്പന്നങ്ങള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഉയര്‍ന്ന തോതില്‍ ഫ്രട്്ക്ടോസ് കോണ്‍ സിറപ്പ് ഉപയോഗിക്കുന്നു.

എങ്കിലും പ്രമേഹം ഉളളവര്‍ ചക്കപ്പഴം കഴിക്കാതിരിക്കുന്നതാണ് നല്ലതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ചക്കപ്പഴത്തിന്റെ സത്ത് ഇന്‍സുലിന്‍ അളവ് വര്‍ദ്ധിപ്പിക്കുകയും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഗണ്യമായി കുറയ്ക്കുകയും ചെയ്യുമെന്ന് കണ്ടെത്തിയിട്ടുണ്ട്. എങ്കിലും ചക്കപ്പഴം വിറ്റാമിന്‍ സിയുടെ മികച്ച ഉറവിടമാണെന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നത്. മുന്തിരിയിലും വലിയ തോതില്‍ ഫ്രക്ടോസ് അടങ്ങിയിട്ടുണ്ട് എങ്കിലും മുന്തിരി കഴിക്കുന്നത് ഹൃദയാരോഗ്യവും ഓര്‍മ്മശക്തിയും മെച്ചപ്പെടുത്തുന്നതിനെ സഹായിക്കുമെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

Tags:    

Similar News