നിങ്ങളുടെ ആരോഗ്യത്തിന് ഏറ്റവും നല്ലത് ഏത് പഴച്ചാറാണ്? ഏത് പഴച്ചാറാണ് ഒഴിവാക്കേണ്ടത്? പ്രഭാത ഭക്ഷണത്തിനൊപ്പമാണ് പഴച്ചാറുകള്‍ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെ? ആരോഗ്യ വിദഗ്ധര്‍ പറയുന്നത് കേള്‍ക്കാം
നിങ്ങളുടെ ആരോഗ്യത്തിന് ഏറ്റവും നല്ലത് ഏത് പഴച്ചാറാണ്?
പഴച്ചാറുകള്‍ ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത്. പലരും കൂടുതല്‍ വിറ്റാമിനുകളും ധാതുക്കളും ലഭിക്കാനുള്ള എളുപ്പവഴിയായിട്ടാണ് പഴച്ചാറുകള്‍ കുടിക്കുന്നത് എന്ന് തോന്നിയേക്കാം. പലരും അവരുടെ പ്രഭാത ഭക്ഷണത്തിനൊപ്പമാണ് പഴച്ചാറുകള്‍ കഴിക്കുന്നത്. എന്നാല്‍ ഈ ശീലം ഗുണത്തേക്കാള്‍ ദോഷം ചെയ്യും എന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
ബ്രിട്ടീഷുകാര്‍ എല്ലാ വര്‍ഷവും 695 ദശലക്ഷം ലിറ്റര്‍ പഴച്ചാറുകള്‍ കുടിക്കുന്നു എന്നാണ് കണക്ക്. പഴച്ചാറുകളില്‍ വിറ്റാമിന്‍ സി, പൊട്ടാസ്യം, ഫോളേറ്റ് തുടങ്ങിയ പോഷകങ്ങളും ഫ്ലേവനോയ്ഡുകള്‍ പോലുള്ള സസ്യ സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. പ്രമുഖ പോഷകാഹാര വിദഗ്ധനും അണ്‍പ്രോസസ് യുവര്‍ ലൈഫിന്റെ രചയിതാവുമായ റോബ് ഹോബ്സണ്‍ ഇക്കാര്യത്തില്‍ പല പ്രധാന നിഗമനങ്ങളും നടത്തുകയാണ്. ഒരു ചെറിയ ഗ്ലാസ് പഴച്ചാറ് സമീകൃതാഹാരത്തിന് പകരമാകും.
പക്ഷേ അത് പതിവായി കഴിക്കുന്നത് ഒരു സോഫ്റ്റ് ഡ്രിങ്ക് കുടിക്കുന്നത് പോലെയാണ് എന്നാണ് അദ്ദേഹം പറയുന്നത്. ഇത് രക്തത്തിലെ പഞ്ചസാരയുടെയും ഊര്‍ജ്ജത്തിന്റെയും ദ്രുതഗതിയിലുള്ള വര്‍ദ്ധനവിന് കാരണമാകുന്നു എന്നും ആരോഗ്യത്തെ ദോഷകരമായി
ബാധിക്കും എന്നുമാണ് ഹോബ്സണ്‍ പറയുന്നത്. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് നിര്‍ദ്ദേശിക്കുന്നത് നമ്മള്‍ കഴിക്കുന്ന പഴച്ചാറിന്റെ അളവ് ഒരു ദിവസം 150 മില്ലിയായി പരിമിതപ്പെടുത്തണം എന്നാണ്.
ഇത് അമിതമായാല്‍ ദന്തക്ഷയം, പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം എന്നിവയ്ക്ക് കാരണമാകും. ഇവിടെ പ്രശ്നം ജ്യൂസ് കഴിക്കുന്നതല്ല
എത്ര തവണ കഴിക്കുന്നു എന്നതാണ്. പ്രഭാതഭക്ഷണത്തില്‍ ഒരു ചെറിയ ഗ്ലാസ് ഓറഞ്ച് ജ്യൂസ് കഴിക്കുന്നത് പഞ്ചസാരയുടെ വര്‍ദ്ധനവ് കുറയ്ക്കാനും ധാന്യങ്ങളില്‍ നിന്നോ ഓട്‌സില്‍ നിന്നോ അയണ്‍ ആഗിരണം വര്‍ദ്ധിപ്പിക്കാനും സഹായിക്കും. ഇവിടെ ഉയരുന്ന ചോദ്യം ഏത് ജ്യൂസാണ് നല്ലതെന്നാണ്. ആദ്യമായി മാതളത്തിന്റെ ജ്യൂസിന്റെ കാര്യം നോക്കാം. ഇതിന്റെ സ്വാദ് ചിലര്‍ക്ക് ഇഷ്ടപ്പെടാറില്ല എന്ന് പറയാറുണ്ട്. എന്നാല്‍ മാതള ജ്യൂസ് പോളിഫെനോളുകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു.
ഹോബ്സണ്‍ പറയുന്നത് ഏറ്റവും മികച്ച ജ്യൂസ് ഇതാണ് എന്നാണ്. ഇതിലെ ഓക്സിഡന്റുകള്‍ സ്ട്രെസ് കുറയ്ക്കുന്നതിലൂടെയും രക്തക്കുഴലുകളുടെ പാളിയായ എന്‍ഡോതെലിയലിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിലൂടെയും ഹൃദയാരോഗ്യത്തെ സഹായിക്കുന്നു. മാതളം എല്ലഗിറ്റാനിനുകളുടെ സമ്പന്നമായ ഉറവിടമാണ്, ഇത് അന്നജം അടങ്ങിയ ഭക്ഷണങ്ങളുമായി ഇടപഴകുകയും ഭക്ഷണത്തിനു ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യും.
ഇത് ഒറ്റയ്ക്ക് കഴിക്കുന്നതിന് പകരം ഏതെങ്കിലും സമീകൃതാഹാരത്തോടൊപ്പം വേണം കഴിക്കാനെന്നും ഹോബ്സണ്‍ അഭിപ്രായപ്പെടുന്നു. ഓറഞ്ച് ജ്യൂസില്‍ സ്വാഭാവികമായും വിറ്റാമിന്‍ സി കൂടുതലാണ്. ഫോളേറ്റ്, പൊട്ടാസ്യം എന്നിവയും ഇതില്‍ അടങ്ങിയിരിക്കുന്നു. ഏറ്റവും മികച്ച പഴച്ചാറുകളില്‍ ഒന്ന് തന്നെയാണ് ഓറഞ്ച് ജ്യൂസ് എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ഇത് ചെറിയ അളവില്‍ പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് ഏറ്റവും ഗുണകരമാണ്. മുന്തിരിപ്പഴം ജ്യൂസ് പോഷകസമൃദ്ധമായ ഒരു പഴച്ചാറാണ്. ഇതിലും വിറ്റാമിന്‍ സി വലിയ തോതില്‍ അടങ്ങിയിരിക്കുന്നു.
ക്രാന്‍ബെറി ജ്യൂസിന് മൂത്രനാളിയിലെ അണുബാധ ഭേദമാക്കാന്‍ കഴിയില്ലെങ്കിലും, ഇത് വീണ്ടും അണുബാധ ഉണ്ടാകുന്നത് കുറയ്ക്കാന്‍ സഹായിച്ചേക്കാം എന്നാണ് ഹോബ്സണ്‍ പറയുന്നത്. മോണരോഗം, വയറ്റിലെ അള്‍സര്‍, ഹൃദ്രോഗം എന്നിവക്കെതിരെ ഇതിന് പ്രതിരോധം തീര്‍ക്കാന്‍ കഴിയും. അടുത്തത് പൈനാപ്പിള്‍ ജ്യൂസാണ്. ഇത് വിറ്റാമിന്‍ സി, മാംഗനീസ് എന്നിവയുടെ നല്ല ഉറവിടമാണ്. പൈനാപ്പിള്‍ ജ്യൂസ് പതിവായി കഴിക്കുന്നതിന് പകരം ഇടയ്ക്കിടക്ക് മാത്രം കഴിക്കുന്നതാണ് നല്ലത് എന്നാണ് ഹോബ്സണ്‍ പറയുന്നത്.
ഓറഞ്ച്, മാതളനാരങ്ങ ജ്യൂസ് എന്നിവയെ അപേക്ഷിച്ച് ആപ്പിളിലും മുന്തിരി ജ്യൂസിലും സ്വാഭാവിക പഞ്ചസാര കൂടുതലായിരിക്കും. പക്ഷേ വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും കുറവായിരിക്കും എന്നാണ് ഹോബ്സണ്‍ പറയുന്നത്. കൂടാതെ, എലികളില്‍ നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഇത് ഡിമെന്‍ഷ്യയില്‍ നിന്ന് സംരക്ഷിക്കും എന്നുമാണ്. 100 ശതമാനം സാന്ദ്രത കുറഞ്ഞതും പഞ്ചസാര ചേര്‍ക്കാത്തതുമായ ജ്യൂസുകള്‍ തിരഞ്ഞെടുക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്നാണ് ഹോബ്സണ്‍ പറയുന്നത്. വീട്ടില്‍ തന്നെ തയ്യാറാക്കിയ ജ്യൂസ് കഴിക്കുന്നതാണ് ഏറ്റവും ഉത്തമമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.