ആപ്പിള്‍ കഴിക്കുന്നത് ഡോക്ടറെ കാണുന്നത് ഒഴിവാക്കുമോ? പഴഞ്ചൊല്ല് ഓര്‍മിച്ച് ആപ്പിള്‍ കഴിച്ചാല്‍ കാത്തിരിക്കുന്നത് മാരകമായ രോഗമോ? കീടനാശിനി പ്രയോഗിച്ച പഴങ്ങള്‍ അപകടകാരികള്‍; ദി എന്‍വയോണ്‍മെന്റല്‍ വര്‍ക്കിംഗ് ഗ്രൂപ്പ് നടത്തിയ പഠനം പറയുന്നത്
കീടനാശിനി പ്രയോഗിച്ച പഴങ്ങള്‍ അപകടകാരികള്‍
ദിവസവും ഒരു ആപ്പിള്‍ കഴിക്കുന്നത് ഡോക്ടറെ കാണുന്നത് ഒഴിവാക്കും എന്നൊരു പഴഞ്ചൊല്ലുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത് പല പഴങ്ങളും ഗുണത്തേക്കാള്‍ ദോഷമാണ് വരുത്തുന്നതെന്നാണ്. ഇവ കഴിക്കുമ്പോള്‍ നമ്മള്‍ വലിയ അളവില്‍ കീടനാശിനികളും അകത്താക്കുന്നു എന്നാണ് ഗവേഷകര്‍ പറയുന്നത്.
ദി എന്‍വയോണ്‍മെന്റല്‍ വര്‍ക്കിംഗ് ഗ്രൂപ്പ് നടത്തിയ ഗവേഷണ പ്രകാരം, മുന്തിരി, സ്ട്രോബെറി, നെക്ടറൈന്‍, ചീര എന്നിവയ്‌ക്കൊപ്പം ആപ്പിളും കാന്‍സറിനും പ്രത്യുല്‍പാദന പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്ന ഏറ്റവും ഉയര്‍ന്ന അളവിലുള്ള കീടനാശിനികള്‍ അടങ്ങിയ പട്ടികയില്‍ മുന്നിലാണ് എന്നാണ്. ഇത്തരം നിരവധി രാസവസ്തുക്കള്‍ ഉള്ളില്‍ ചെല്ലുന്നത് മാരകമായ രോഗങ്ങള്‍ക്ക് കാരണമാകും എന്നാണ് വിദഗ്ധര്‍ പറയുന്നത്.
അപകടകാരികളായ പഴങ്ങളില്‍ ഏറ്റവും ഒന്നാമതായി നില്‍ക്കുന്നത് സ്ട്രോബറിയാണ്. ഒരു സാമ്പിള്‍ പരിശോധിച്ചപ്പോള്‍ ശരാശരി വിവിധ തരത്തിലുള്ള 7.8 കീടനാശിനികള്‍ ഇതില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ അത്യന്തം അപകടകാരിയായ കാര്‍ബെന്‍ഡാസിമും ഉള്‍പ്പെട്ടിട്ടുണ്ട്. ഇത് വന്ധ്യതയ്ക്കും കാന്‍സറിനും കാരണമാകുമെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ സ്ട്രോബറിയില്‍ നാഡീവ്യൂഹങ്ങള്‍ക്ക് ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ബൈഫെന്‍ത്രിനും അടങ്ങിയിട്ടുണ്ട്.
ഈയിടെ വിദഗ്ധര്‍ 46 പഴങ്ങളുടെയും പച്ചക്കറികളുടെയും സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ അവയില്‍ 12 എണ്ണത്തിലും കീടനാശിനികളുടെ അംശം വളരെ കൂടുതലായിരുന്നു. അമേരിക്കന്‍ സര്‍ക്കാരിന്റെ കൃഷി വകുപ്പും ഭക്ഷ്യ മരുന്ന് വിഭാഗവും ശേഖരിച്ച പതിനായിരക്കണക്കിന് സാമ്പിളുകളാണ് ഇവര്‍ വിശകലനം ചെയ്തത്. പരിശോധിച്ച ഭക്ഷ്യ വസ്തുക്കളില്‍ 209 ഇനം കീടനാശിനികള്‍ കണ്ടെത്തി. ഇവയില്‍ 95 ശതമാനത്തിലും രാസവസ്തുക്കളുടെ അംശം കണ്ടെത്തിയിട്ടുണ്ട്.
ഇവയില്‍ ഏറ്റവും കൂടുതല്‍ കണ്ടെത്തിയ രാസവസ്തുക്കള്‍ ഫ്ളൂഡിയോക്‌സോണില്‍, പൈറക്ലോസ്ട്രോബിന്‍, ബോസ്‌കാലിഡ്, പൈറിമെത്താനില്‍ തുടങ്ങിയ ആന്റി-ഫംഗല്‍ കീടനാശിനികളാണ്. ഇവയില്‍ ഫ്ളൂഡിയോക്‌സോണില്‍ ഡി.എന്‍.എ തകരാറിലാക്കുന്ന അംശങ്ങള്‍ ഉള്‍പ്പെടുന്നു. കൂടാതെ ഇത് ക്യാന്‍സറിനുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കും.
ബോസ്‌കാലിഡ് കാന്‍സര്‍ മുഴകള്‍ വലുതാക്കുന്നതിന് കാരണമാകും. കൂടാതെ ഇവ ശരീരകോശങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്യും. പൈറിമെത്താന്‍ മനുഷ്യരുടെ പ്രത്യുത്പ്പാദന ശേഷിയെ ബാധിക്കുന്നതാണ്. ചില കുമിള്‍നാശിനികള്‍ നമ്മുടെ ഹോര്‍മോണ്‍ വളര്‍ച്ചയേയും ഗുരുതരമായി ബാധിക്കും. അത് പോലെ മാര്‍ക്കറ്റില്‍ ലഭിക്കുന്ന ചീരയിലും വന്‍തോതിലുള്ള വിഷാംശം കണ്ടെത്തിയിട്ടുണ്ട്.
യൂറോപ്പില്‍ ഭക്ഷ്യവിളകളില്‍ ഉപയോഗിക്കുന്നതിന് നിരോധിച്ചിരിക്കുന്ന പെര്‍മെത്രിന്‍ എന്ന കീടനാശിനിയാണ് പല സ്ഥലങ്ങളിലും ചീരയില്‍ തളിക്കാനായി ഉപയോഗിച്ചിരുന്നത്. പെര്‍മെത്രിന്‍ നാഡീവ്യവസ്ഥയെ ബാധിക്കുമെന്നും വിറയലിനും അപസ്മാരത്തിനും കാരണമാകുമെന്നും കരുതപ്പെടുന്നു. പരിശോധനക്കായി എത്തിയ ആപ്പിളില്‍ വളരെ ഉയര്‍ന്ന അളവില്‍ ഡൈഫെനൈലാമൈന്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. ഇത് രക്തം, വൃക്കകള്‍, കരള്‍, മൂത്രസഞ്ചി എന്നിവയെ ദോഷകരമായി ബാധിക്കും. ഏതായാലും പഴവര്‍ഗ്ഗങ്ങളും പച്ചക്കറിയും എല്ലാം ആരോഗ്യത്തിന് നല്ലതാണെങ്കിലും കീടനാശിനികളാണ് അവയെ വിഷമയമായി മാറ്റുന്നതെന്നും ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്.