പ്രതികളെ കുടുക്കിയത് കൃത്യമായ ഓപ്പറേഷനിലൂടെ; കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വൻ വഴിത്തിരിവ്; കുവൈത്തി പൗരനും ആറ് പ്രവാസികളും അഴിക്കുള്ളിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ വൻകിട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഒരു കുവൈത്തി പൗരനും ആറ് ഈജിപ്ഷ്യൻ പ്രവാസികളും റിമാൻഡിൽ തുടരും. തടങ്കൽ പുനഃപരിശോധനാ ജഡ്ജിയാണ് ഇവരുടെ റിമാൻഡ് നീട്ടിക്കൊണ്ട് ഉത്തരവിട്ടത്. തീവ്രവാദ, കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ ജനറൽ ഡിപ്പാർട്ട്‌മെന്‍റ്, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‍റുമായി സഹകരിച്ച് നടത്തിയ ആസൂത്രിത ഓപ്പറേഷനിലാണ് ഇവരെ പിടികൂടിയത്.
രാജ്യത്തിനകത്തും പുറത്തുമുള്ള പണമിടപാടുകൾ നിരീക്ഷിച്ചുകൊണ്ടുള്ള ഊർജ്ജിതമായ അന്വേഷണത്തിലാണ് പ്രതികൾ സൗഹൃദ രാജ്യങ്ങളിലെ നിരവധി വ്യാപാരികളുമായി ചേർന്ന് ഒരു നിയമവിരുദ്ധ സാമ്പത്തിക ശൃംഖല നടത്തിയിരുന്നതായി അധികൃതർ കണ്ടെത്തിയത്. ഈ ശൃംഖലയുടെ പ്രവർത്തനം രാജ്യത്തിൻ്റെ സാമ്പത്തിക സുരക്ഷയ്ക്ക് ഭീഷണിയായിരുന്നു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.