'ഇരയുടെ നിഷ്കളങ്കത മാന്തിക്കീറിയ ചെന്നായ'; കാമുകിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിലാക്കി; മാനസികരോഗമുണ്ടെന്ന വാദങ്ങൾ പൊളിഞ്ഞു; പ്രതിയുടെ വധശിക്ഷ ശരിവെച്ച് അപ്പീൽ കോടതി

Update: 2026-01-24 08:47 GMT

ദുബായ്: കുവൈറ്റിലെ റുമൈത്തിയയിൽ കാമുകിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയും മൃതദേഹം സ്യൂട്ട്കേസിലാക്കി രാജ്യം കടത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ പ്രതിയുടെ വധശിക്ഷ അപ്പീൽ കോടതി ശരിവെച്ചു. ജഡ്ജി അബ്ദുള്ള അൽ ഒത്മാന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണെന്ന് കോടതി കണ്ടെത്തി.

ശ്വാസം മുട്ടിച്ചാണ് യുവതിയെ കൊലപ്പെടുത്തിയത്. വധശിക്ഷയ്ക്ക് പുറമെ, മൃതദേഹത്തോടുള്ള അനാദരവ്, മയക്കുമരുന്ന് ഉപയോഗം, യുവതിയെ നിയമവിരുദ്ധമായി തടഞ്ഞുവെക്കൽ, ഫോൺ ദുരുപയോഗം എന്നീ കുറ്റങ്ങൾക്കായി ആറ് വർഷത്തെ തടവുശിക്ഷയും കോടതി വിധിച്ചു. ഇരയുടെ ജീവിക്കാനുള്ള അവകാശത്തെ ക്രൂരമായി ഇല്ലാതാക്കിയ പ്രതിയെ 'ഇരയുടെ നിഷ്കളങ്കത മാന്തിക്കീറിയ ചെന്നായ' എന്നാണ് പ്രോസിക്യൂഷൻ വിശേഷിപ്പിച്ചത്.

ഭൂമിയിലെ എല്ലാ കൊലപാതകികൾക്കും അർഹമായ പ്രതികാരവും നീതിയും നടപ്പിലാക്കണമെന്ന് കോടതിയെ അഭിസംബോധന ചെയ്ത് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടോ എന്ന് പരിശോധിക്കാൻ സൈക്യാട്രിസ്റ്റുകൾ ഉൾപ്പെട്ട മെഡിക്കൽ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. എന്നാൽ ഇയാൾക്ക് മാനസികരോഗങ്ങളില്ലെന്ന് സമിതി കണ്ടെത്തി. മനുഷ്യന്റെ ഏറ്റവും അടിസ്ഥാനപരമായ അവകാശമായ 'ജീവിക്കാനുള്ള അവകാശത്തിന്മേലുള്ള' കടന്നുകയറ്റമാണ് ഈ കൊലപാതകമെന്ന് പ്രോസിക്യൂഷൻ വാദിച്ചു.

പ്രതിക്ക് നൽകാവുന്നതിൽ വെച്ച് ഏറ്റവും കഠിനമായ ശിക്ഷ തന്നെ നൽകണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. ഇരയുടെ കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ യൂസഫ് അൽ അത്താർ പറഞ്ഞത്, വിധി അന്തിമമാകുന്നത് വരെയും ശിക്ഷ നടപ്പിലാക്കുന്നത് വരെയും നിയമപോരാട്ടം തുടരുമെന്നാണ്. നേരത്തെ ക്രിമിനൽ കോടതിയും പ്രതിക്ക് വധശിക്ഷയും എട്ടു വർഷം തടവും വിധിച്ചിരുന്നു. ഇത് പുനഃപരിശോധിച്ചാണ് അപ്പീൽ കോടതി ശിക്ഷാ കാലാവധിയിൽ ചെറിയ മാറ്റം വരുത്തി വധശിക്ഷ നിലനിർത്തിയത്.

Tags:    

Similar News