വാഹനത്തിൽ പെർമിറ്റ് ഇല്ലാതെ യാത്രക്കാരെ കയറ്റിയാൽ ഇനി പണി ഉറപ്പ്; 150 ദിനാർ പിഴയായി നൽകേണ്ടിവരും; കേസ് കോടതിയിൽ എത്തിയാൽ അഴി എണ്ണാം; നിയമം കർശനമാക്കി കുവൈറ്റ്
കുവൈറ്റ്: ആഭ്യന്തര മന്ത്രാലയം ട്രാഫിക് നിയമത്തിൽ വരുത്തിയ ഭേദഗതികൾ ഏപ്രിൽ 22 മുതൽ പ്രാബല്യത്തിൽ വരുമെന്ന് അറിയിച്ചു. പുതിയ നിയമങ്ങൾ റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും പൊതു ഇടങ്ങളുടെ ശരിയായ ഉപയോഗം ഉറപ്പാക്കുന്നതിനുമായാണ്. വിവിധ ട്രാഫിക് നിയമലംഘനങ്ങൾക്ക് കർശനമായ പിഴകളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
പ്രധാന മാറ്റങ്ങളിലൊന്ന് ബഗ്ഗികളുടെയും സൈക്കിളുകളുടെയും ഉപയോഗമാണ്. ഈ വാഹനങ്ങൾ അനുവാദമില്ലാത്ത സ്ഥലങ്ങളിൽ ഓടിച്ചാൽ 150 ദിനാർ പിഴ ഈടാക്കുമെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം, കേസ് ഇനി കോടതിയിൽ എത്തിയാൽ, ഒരു വർഷം മുതൽ മൂന്ന് വർഷം വരെ തടവോ അല്ലെങ്കിൽ 600 മുതൽ 1,000 ദിനാർ വരെ പിഴയും ലഭിക്കും. ശരിയായ പെർമിറ്റ് ഇല്ലാതെ ഒരു മോട്ടോർ വാഹനം ഫീസ് നൽകി യാത്രക്കാരെ കൊണ്ടുപോകുന്നത് പിടിക്കപ്പെട്ടാൽ 150 ദിനാർ പിഴ ഈടാക്കും.
കേസ് കോടതിയിലേക്ക് റഫർ ചെയ്താൽ, ശിക്ഷയിൽ മൂന്ന് വർഷം വരെ തടവോ അല്ലെങ്കിൽ 600 മുതൽ 1,000 കുവൈത്തി ദിനാർ വരെ പിഴയോ അല്ലെങ്കിൽ ഇവ രണ്ടുമോ ലഭിച്ചേക്കാം. പത്ത് വയസ്സിന് താഴെയുള്ള കുട്ടികളെ വാഹനത്തിൽ തനിച്ചാക്കി ഡ്രൈവർ പുറത്തിറങ്ങിപോയാൽ ഗുരുതര ട്രാഫിക് നിയമ ലംഘനമായി കണക്കാക്കുമെന്നും അധികൃതർ അറിയിച്ചു.